ടി20 ലോകകപ്പില്‍ ദയനീയ ഫോമിലൂടെ പോയ്‌ക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പിന്തുണച്ച് ബൗളിങ് കോച്ച് പരസ് മാംബ്രെ. ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ജഡ്ഡു വന്‍ ദുരന്തമായി മാറിയിരുന്നു. ബാറ്റിങില്‍ ഇനിയും അക്കൗണ്ട് തുറന്നിട്ടില്ലാത്ത അദ്ദേഹം ബൗളിങിലാവട്ടെ ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. പാകിസ്താനുമായുള്ള അവസാന കളിയില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ജഡേജ ക്രീസ് വിട്ടത്. അയര്‍ലാന്‍ഡിനെതിരേ താരം ബാറ്റ് ചെയ്തതുമില്ല.
ഇന്ത്യന്‍ ഇലവനിലെ എല്ലാവരും ഫോമിലാവുമെന്നു കരുതരുതെന്നാണ് മാംബ്രെ പറഞ്ഞിരിക്കുന്നത്. ഇതിനു പിന്നാലെ ഒരു വിഭാഗം ആരാധകര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. ചില താരങ്ങള്‍ക്കു മാത്രം എന്തുകൊണ്ടാണ് ഈ തരത്തില്‍ അനര്‍ഹമായ പിന്തുണ നല്‍കുന്നതെന്നും സഞ്ജു സാംസണുള്‍പ്പെടെയുള്ളര്‍ക്കു ഇതു ലഭിക്കാത്തത് എന്തുകൊണ്ടാണെന്നുമാണ് അവരുടെ ചോദ്യം.

അമേരിക്കയുമായുള്ള ലോകകപ്പിലെ മൂന്നാം റൗണ്ട് മല്‍സരത്തിനു മുമ്പ് മാധ്യമങ്ങളോടു സംസാരിക്കവെയാണ് ജഡേജയെ പിന്തുണച്ച് മാംബ്രെ രംഗത്തുവന്നത്. ക്രിക്കറ്റെന്നത് ടീം ഗെയിമാണെന്നും 11ല്‍ എല്ലാവരും ഫോമില്‍ കളിക്കുമെന്നു പ്രതീക്ഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരു ടീം ഗെയിമാണെന്നാണ് ഞാന്‍ കരുതുന്നത്. 11 പേരുള്‍പ്പെട്ടതാണ് ടീം. ഇവര്‍ എല്ലാവരും ഫോമിലാവുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കരുത്. എല്ലാ മല്‍സരങ്ങളിലും ടീമാണ് നന്നായി പെര്‍ഫോം ചെയ്യേണ്ടത്. കോച്ച് രാഹുല്‍ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരുമായി നടത്താറുള്ള ചര്‍ച്ചകളില്‍ താന്‍ വളരെയധികം സന്തോഷവാനാണെന്നും മാംബ്രെ വ്യക്തമാക്കി.
ലോകകപ്പ് പോലെയൈാരു ദൈര്‍ഘയമേറിയ ടൂര്‍ണമെന്റില്‍ ഏതൊരു താരത്തിനും ഫോമിലേക്കു മടങ്ങിയെത്താന്‍ സമയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപാട് അനുഭവസമ്പത്തുള്ള ജഡേജയ്ക്കു ഒരൊറ്റ മികച്ച പ്രകടനം കൊണ്ടു തന്നെ താളം വീണ്ടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. ശിവം ദുബെയെപ്പോലെയുള്ള ചില കളിക്കാരുടെയും ഫോമിന്റെ കാര്യത്തില്‍ വ്യതിയാനമുണ്ടെന്നും മാംബ്രെ പറഞ്ഞു.
രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ച് പരിചയമുള്ള താരമാണ്. അതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിനു ഫോമിലേക്കു തിരിച്ചെത്താന്‍ ശേഷിയുണ്ട്. ജഡേജയുടെ കഴിവിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. നിങ്ങള്‍ക്കു മല്‍സരങ്ങള്‍ ജയിപ്പിച്ചു തരാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. അത്തരമൊരു ആത്മവിശ്വാസം ജഡേജയില്‍ മാത്രമല്ല ശിവം ദുബെ പോലെയുള്ള കളിക്കാരിലുമുണ്ടെന്നും മാംബ്രെ വിശദമാക്കി.

ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചില ആരാധകര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചത്. സഞ്ജു സാംസണിനു ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ മാത്രമാണ് ഇന്ത്യ അവസരം നല്‍കിയത്. ഈ കളിയില്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായതു കാരണം ലോകകപ്പില്‍ സഞ്ജുവിനു ഒരവസരം പോലും ലഭിച്ചിട്ടില്ല.
രവീന്ദ്ര ജഡേജ, ശിവം ദുബെ പോലെയുള്ളവര്‍ തുടര്‍ച്ചയയി ഫ്‌ളോപ്പായിട്ടും അവരെ ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കുകയാണ്. ഒരൊറ്റ കളിയില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിനെ തഴയുകയും ചെയ്യുന്നു. ഇതു അനീതിയാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.
രവീന്ദ്ര ജഡേജ, ശിവം ദുബെ പോലെ ഫോമൗട്ടായിട്ടുള്ള കളിക്കാരെ ഫോം വീണ്ടെടുക്കുന്നതു വരെ അവസരം നല്‍കി കളിപ്പിക്കാനുള്ള വേദിയല്ല ലോകകപ്പ്. ഇവിടെ ഓരോ മല്‍സരവും ഒരുപോലെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ഫോമില്ലാത്തവരെ കൊണ്ടുനടക്കാതെ സഞ്ജു സാംസണിനെപ്പോലെ ഫോമിലുള്ള താരങ്ങളാണ് കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.