ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരേ ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അമേരിക്ക പാകിസ്താനെ അട്ടിമറിച്ച ടീമായതിനാല്‍ ഇന്ത്യ പ്ലേയിങ് 11ല്‍ ചില അഴിച്ചുപണി നടത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവും ശിവം ദുബെയും പ്ലേയിങ് 11ല്‍ തുടരും.
ഇതോടെ സഞ്ജു സാംസണിന് വീണ്ടും അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യ റിഷഭ് പന്തിനെയാണ് പരിഗണിക്കുന്നത്. മൂന്നാം നമ്പറിലാണ് റിഷഭിനെ കളിപ്പിക്കുന്നത്. മികച്ച പ്രകടനം റിഷഭ് കാഴ്ചവെച്ചതോടെ സഞ്ജുവിന്റെ ടോപ് ഓഡര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. എന്നാല്‍ മധ്യനിരയില്‍ സഞ്ജു സാംസണ്‍ അവസരം അര്‍ഹിച്ചിരുന്നു. ദുബെ ഓള്‍റൗണ്ടറെന്ന് പറയുമ്പോഴും ബൗളിങ്ങില്‍ അവസരം ലഭിക്കുന്നില്ല.
മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായി അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയുമുണ്ട്. അതുകൊണ്ടുതന്നെ വലം കൈയനായ സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചാലും പ്രശ്‌നമില്ല. എന്നാല്‍ സഞ്ജുവിനെ കളത്തിലിറക്കാതെ രോഹിത് ശര്‍മ ദുബെയെ പിന്തുണക്കുകയായിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിനെതിരേയാണ് ആരാധക രോഷം ഉയരുന്നത്. സഞ്ജുവിനെ ഇത്തവണ ബെഞ്ചില്‍ ഇരിക്കാനാണ് യോഗമെന്നും പിന്നില്‍ രോഹിത്താണെന്നുമാണ് ആരാധകര്‍ പറയുന്നത്.
ദുബെയുടെ മോശം പ്രകടനത്തിന് ശേഷവും ഓള്‍റൗണ്ടറെ പിന്തുണച്ചാണ് രോഹിത് സംസാരിച്ചത്. ദുബെയുടെ ഓള്‍റൗണ്ട് മികവില്‍ ടീമിന് വിശ്വാസമുണ്ടെന്നാണ് രോഹിത് പറയുന്നത്. സഞ്ജു സാംസണ്‍ ഒരു അവസരമെങ്കിലും അര്‍ഹിക്കുന്ന താരമാണ്. സൂര്യകുമാര്‍ യാദവും മോശം ഫോമിലാണ്. എന്നാല്‍ ഇവര്‍ക്ക് വീണ്ടും വീണ്ടും പിന്തുണ ലഭിക്കുന്നു. എന്നാല്‍ സഞ്ജുവിന് മാത്രം ഈ പിന്തുണയില്ല. രാഹുല്‍ ദ്രാവിഡും സഞ്ജുവിനെ അവഗണിക്കുകയാണ്.

സഞ്ജുവിനെ ഫീല്‍ഡിങ്ങില്‍ പകരക്കാരനായി കളത്തിലിറക്കിയിരുന്നു. എന്നാല്‍ ആദ്യ മൂന്ന് മത്സരത്തിലും പ്ലേയിങ് 11ന് പുറത്താണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി കാനഡക്കെതിരേയാണ് ഇന്ത്യയുടെ മത്സരം ശേഷിക്കുന്നത്. ഈ മത്സരത്തിലെങ്കിലും സഞ്ജുവിനെ കളിപ്പിക്കുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അവസാന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ സ്പിന്നിനെ കൂടുതല്‍ നന്നായി നേരിടുന്നവരിലൊരാളാണ് സഞ്ജു.
സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഓപ്പണറായി ഇറങ്ങിയ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇത് കാരണമാക്കിയാണ് അദ്ദേഹത്തെ ഇന്ത്യ പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞിരിക്കുന്നത്. എന്തായാലും സഞ്ജുവിന് ഒരവസരമെങ്കിലും ഇന്ത്യ നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. പാകിസ്താനെതിരേ മുഹമ്മദ് റിസ്വാന്റെ ക്യാച്ചടക്കം ദുബെ പാഴാക്കിയിരുന്നു. എന്നിട്ടും വീണ്ടും അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നു. എന്നാല്‍ സഞ്ജുവിന് അവസരമില്ല.
അമേരിക്കയെ തകര്‍ത്ത് സൂപ്പര്‍ 8ലേക്കെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. സൂപ്പര്‍ 8ല്‍ സീറ്റുറപ്പിച്ചാല്‍ ഇന്ത്യ സഞ്ജുവിനെ കളിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. കുല്‍ദീപ് യാദവിനും ഇന്ത്യ ഇതുവരെ അവസരം നല്‍കിയിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.
പ്ലേയിങ് 11: ഇന്ത്യ- വിരാട് കോലി, രോഹിത് ശര്‍മ (c), റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
അമേരിക്ക-സ്റ്റീവന്‍ ടെയ്‌ലന്‍, ഷയാന്‍ ജഹാന്‍ഗീര്‍, അന്‍ഡ്രിയാസ് ഗൗസ്, ആരോണ്‍ ജോണിസ് (c), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സന്‍, ഹര്‍മീത് സിങ്, ഷാഡ്‌ലി വാന്‍ സ്‌കാള്‍വൈക്ക്, ജസ്ദീപ് സിങ്, സൗരഭ് നേത്രാവല്‍ക്കര്‍, അലി ഖാന്‍