T20 World Cup 2024: ഞാന്‍ ടി20 ലോകകപ്പ് കാണില്ല, വിചിത്ര കാരണവുമായി പരാഗ്- ട്രോള്‍ പൂരം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് കൈയടി നേടിയ താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ്. മധ്യനിരയില്‍ ഇത്തവണ ഗംഭീര പ്രകടനം നടത്തിയ പരാഗിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണമെന്ന് പോലും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ 22കാരനായ പരാഗിനെ ഇന്ത്യ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരാഗിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളും മികച്ചതായിരുന്നു.
എന്നാല്‍ യുവതാരമെന്ന നിലയില്‍ ഇനിയും അവസരം മുന്നിലുള്ളതിനാല്‍ പരാഗിനെ ഇന്ത്യ ഇത്തവണ പരിഗണിച്ചില്ല. ഇപ്പോഴിതാ ടി20 ലോകകപ്പിനെക്കുറിച്ച് വിചിത്രമായ പരാമര്‍ശം നടത്തി വെട്ടിലായിരിക്കുകയാണ് പരാഗ്. താന്‍ ടി20 ലോകകപ്പ് കാണില്ലെന്നും ഫൈനല്‍ ജയിക്കുന്നത് ആരാണെന്ന് മാത്രമാണ് തനിക്ക് അറിയേണ്ടതെന്നുമാണ് പരാഗ് പറഞ്ഞത്. ഭാരത് ആര്‍മി എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് പരാഗിന്റെ പ്രതികരണം.
ടി20 ലോകകപ്പിന്റെ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിക്കാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പരാഗ്. 'ഇതൊരു വിചിത്രമായ ഉത്തരമായിരിക്കും. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ ടി20 ലോകകപ്പ് കാണണമെന്ന് ഇപ്പോഴും കരുതുന്നില്ല. ഒടുവില്‍ ആരാണ് ജയിക്കുന്നതെന്ന് മാത്രമാണ് അറിയേണ്ടതെന്നും അതില്‍ താന്‍ സന്തോഷവാനാണ്. ഞാന്‍ ടി20 ലോകകപ്പ് കളിക്കുന്ന കാലത്ത് ടോപ് ഫോറിനെക്കുറിച്ച് ചിന്തിക്കാം' പരാഗ് പറഞ്ഞു.
ഇതിന് പിന്നാലെ പരാഗിന് ട്രോള്‍ പൂരമാണ്. ടി20 ടീമിലെടുക്കാത്തതിന്റെ നിരാശയാണ് പരാഗിന്റെ വാക്കുകളില്‍ തെളിഞ്ഞ് നില്‍ക്കുന്നതെന്നും പരാഗ് ഇപ്പോഴും കുട്ടിത്തം മാറാത്ത താരമാണെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. പരാഗ് ടി20 ലോകകപ്പ് കളിക്കാന്‍ ഇനിയും പക്വതയിലേക്കെത്തണമെന്നും ഇത്തവണത്തെ പ്രകടനംകൊണ്ട് മാത്രം പരാഗിനെ ലോകകപ്പിലേക്ക് പരിഗണിക്കാനാവില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. തന്നെ ലോകകപ്പിലെടുക്കാത്തതിന്റെ നിരാശയാണ് പരാഗിന്റെ വാക്കില്‍ വ്യക്തമാവുന്നത്.

അടുത്ത ടി20 ലോകകപ്പില്‍ പരാഗ് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവുമെന്നുറപ്പാണ്. വലിയ ഭാവിയുള്ള താരമാണെങ്കിലും ഇങ്ങനെ പ്രതികരിച്ചാല്‍ അര്‍ഹിക്കുന്ന അവസരം കൂടി നഷ്ടമാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയെ പിന്തുണക്കുന്നുവെന്നും ഇന്ത്യ കിരീടം നേടാന്‍ ആഗ്രഹിക്കുന്നുവെന്നെങ്കിലും പരാഗിന് പറയാമായിരുന്നു. അതിന് തയ്യാറാകാതിരുന്നത് പരാഗ് സ്വാര്‍ത്ഥനായതുകൊണ്ടാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
ഐപിഎല്‍ 17ാം സീസണിന്റെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു റിയാന്‍ പരാഗ്. 16 മത്സരത്തില്‍ നിന്ന് 573 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 40 ഫോറും 33 സിക്‌സും അദ്ദേഹം പറത്തി. സമ്മര്‍ദ്ദ സാഹചര്യങ്ങളിലടക്കം വലിയ പ്രകടനം നടത്താന്‍ പരാഗിന് കഴിവുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി പരാഗിന് കല്‍പ്പിക്കപ്പെടുന്നുണ്ട്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ സിംബാബ് വെ പര്യടനം നടത്തുന്നുണ്ട്.
യുവതാരങ്ങള്‍ക്കാവും ഈ പരമ്പരയില്‍ അവസരം ലഭിക്കുക. അതിലൂടെ പരാഗിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താനാണ് സാധ്യത. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ള താരമാണ് പരാഗ്. ബൗളറെന്ന നിലയിലും വളരാന്‍ കഴിവുണ്ട്. ഇന്ത്യ വേണ്ടവിധം ഉപയോഗിച്ചാല്‍ മികച്ച ഓള്‍റൗണ്ടറായി പരാഗ് മാറുമെന്ന കാര്യം ഉറപ്പിച്ച് പറയാം. ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ പരാഗിന് ശേഷിയുണ്ട്. സമ്മര്‍ദ്ദം ബാധിക്കാത്ത അപൂര്‍വ്വം താരങ്ങളിലൊരാളാണ് പരാഗെന്ന് പറയാം.
ഭാവിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്ക് വളരാന്‍ പരാഗിന് കഴിവുണ്ട്. എന്തായാലും ടി20 ലോകകപ്പില്‍ തന്നെ പരിഗണിക്കാത്തതിന്റെ നിരാശയാണ് പരാഗ് ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഇതാണ് വൈറലായി മാറിയതും. ഇത്തവണത്തെ ടി20 ലോകകപ്പില്‍ പ്രവചനങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ശക്തരാണ്. ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസും കപ്പിലേക്കെത്താന്‍ കഴിവുള്ളവരാണ്.
ഇന്ത്യയെ സംബന്ധിച്ച് കിരീടം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ കിരീടത്തോടെ അദ്ദേഹത്തെ യാത്രയാക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications