പ്രൊവിഡന്‍സ്: ടി20 ലോകകപ്പിലേക്ക് ഇന്ത്യ വിക്കറ്റ് കീപ്പര്‍മാരുടെ റോളില്‍ പരിഗണിച്ചത് റിഷഭ് പന്തിനേയും സഞ്ജു സാംസണിനേയുമായിരുന്നു. എന്നാല്‍ ആദ്യ മത്സരം മുതല്‍ ഇടം കൈയന്‍ താരമായ റിഷഭ് പന്തിന് ഇന്ത്യ അവസരം നല്‍കിയപ്പോള്‍ സഞ്ജു സാംസണ് ബെഞ്ചിലാണ് സ്ഥാനം ലഭിച്ചത്. നാളെ ഫൈനല്‍ നടക്കാനിരിക്കുമ്പോഴും സഞ്ജുവിന് അവസരം ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്. റിഷഭ് പന്തിന്റെ ടി20 ലോകകപ്പിലെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്.
ആദ്യ മത്സരങ്ങളിലെ മികവ് മാറ്റിനിര്‍ത്തിയാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ റിഷഭ് ഫ്‌ളോപ്പായിരുന്നു. സെമിയില്‍ 4 റണ്‍സാണ് റിഷഭിന് നേടാനായത്. ഏഴ് മത്സരത്തില്‍ നിന്ന് 28.50 ശരാശരിയില്‍ 171 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. 129.55 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. 19 ഫോറും 6 സിക്‌സും റിഷഭ് പറത്തുകയും ചെയ്തു. ശരാശരി മാത്രമാണ് ഈ കണക്കുകള്‍. എന്നാല്‍ സഞ്ജു സാംസണിന്റെ താഴ്ത്തിക്കെട്ടാന്‍ ബിസിസി ഐയും സ്റ്റാര്‍സ്‌പോര്‍ട്‌സും ചേര്‍ന്ന് തരംതാഴ്ന്ന പ്രവര്‍ത്തി ചെയ്തിരിക്കുകയാണ്.
മത്സരത്തിനിടെ കാട്ടുന്ന കളിക്കണക്കുകളില്‍ സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര ടി20യുടെ കണക്കുകള്‍ കാട്ടുമ്പോള്‍ റിഷഭ് പന്തിന്റെ അവസാന ഐപിഎല്‍ സീസണിലെ കണക്കുകളാണ് കാട്ടുന്നത്. ഇത് പരിശോധിക്കുമ്പോള്‍ റിഷഭിന്റെ പ്രകടനം ഗംഭീരമാണെന്നാവും തോന്നുക. സഞ്ജുവിനെ അപമാനിക്കാനും താഴ്ത്തിക്കെട്ടാനുമുള്ള ശ്രമമാണ് സ്്റ്റാര്‍സ് സ്‌പോര്‍ട്‌സും ബിസിസി ഐയും നടത്തിയിരിക്കുന്നത്. റിഷഭിന്റെ കണക്കുകള്‍ കാട്ടുന്നത് 13 മത്സരത്തില്‍ നിന്ന് 40.55 ശരാശരിയില്‍ 446 റണ്‍സെന്നാണ്.
ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും 88 ഉയര്‍ന്ന സ്‌കോറുമായി കാട്ടുന്നു. ഇത് ഐപിഎല്‍ 17ാം സീസണിലെ റിഷഭിന്റെ കണക്കുകളാണ്. എന്നാല്‍ അവസാന ഐപിഎല്ലിലെ സഞ്ജുവിന്റെ കണക്കുകള്‍ റിഷഭിനെക്കാള്‍ കേമമാണ്. പക്ഷെ സഞ്ജുവിന്റെ കണക്കുകള്‍ കാട്ടുമ്പോള്‍ അന്താരാഷ്ട്ര ടി20യിലെ കണക്കാണ് കാട്ടുന്നത്. 22 മത്സരത്തില്‍ നിന്ന് 18.70 ശരാശരിയില്‍ 374 റണ്‍സാണ് സഞ്ജുവിന്റെ അന്താരാഷ്ട്ര ടി20 കരിയറിലുള്ളത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയുമുണ്ട്.

റിഷഭിന്റെ അന്താരാഷ്ട്ര ടി20യിലെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. 73 മത്സരത്തില്‍ നിന്ന് 23.16 ശരാശരിയില്‍ 1158 റണ്‍സാണ് റിഷഭ് നേടിയത്. 126.97 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഈ കണക്ക് നോക്കുമ്പോള്‍ റിഷഭിനെ സൂപ്പര്‍ താരമെന്ന് വിളിക്കാനാവില്ല. അതുകൊണ്ടാണ് ഇത്തരമൊരു നാണംകെട്ട നീക്കം ബിസിസി ഐ ചെയ്തിരിക്കുന്നത്. റിഷഭിനെ ഉയര്‍ത്തിക്കാട്ടാന്‍ സഞ്ജുവിനെ ബലിയാടാക്കുകയാണ്.
റിഷഭിന്റെ പിആര്‍ വര്‍ക്കും രാഷ്ട്രീയ സ്വാധീനവുമാണ് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. റിഷഭിനെ സൂപ്പര്‍ താരമാക്കി ഉയര്‍ത്തിക്കാട്ടാനുള്ള മനപ്പൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. സഞ്ജു സാംസണിനെ ഇങ്ങനെ പിന്തുണക്കാന്‍ ആരുമില്ല. റിഷഭിന് തുടര്‍ച്ചയായി അവസരം ലഭിക്കുന്നു. എന്നാല്‍ സഞ്ജു ഒരിക്കല്‍ ഫ്‌ളോപ്പായാല്‍ പോലും പിന്തുണക്കാന്‍ ആളില്ലാതെ തഴയപ്പെടുന്നു. ശിവം ദുബെ മോശം ഫോമില്‍ കളിച്ചിട്ട് പോലും സഞ്ജുവിന് അവസരം നല്‍കിയില്ല.
സഞ്ജുവിനെ ടീമിലെടുത്തതോടെ ആരാധകരുടെ വായടപ്പിക്കാന്‍ ബിസിസിഐക്ക് സാധിച്ചു. എന്നാല്‍ കളിപ്പിക്കാതെ മൂലക്കിരുത്തിയത് ടീമിന്റെ സംതുലിതാവസ്ഥയ്ക്കായാണെന്ന പതിവ് പല്ലവി ഇപ്പോള്‍ ആരാധകര്‍ക്ക് ദഹിക്കില്ല. മധ്യനിരയില്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരെല്ലാം ഇടം കൈയന്‍മാരാണ്. അതുകൊണ്ടുതന്നെ വലം കൈയനായ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കണമായിരുന്നു.
എന്നാല്‍ സഞ്ജുവിനെ തഴഞ്ഞത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തിന്റെയും ബിസിസി ഐയുടെ രാഷ്ട്രീയത്തിന്റേയും ഭാഗമാണ്. അത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ കളിക്കണക്ക് കാട്ടുമ്പോള്‍ പോലും സഞ്ജുവിനെ അപമാനിച്ച് റിഷഭിനെ ഉയര്‍ത്തിക്കാട്ടാനുള്ള നീക്കം.