ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്നു വിലയിരുത്തപ്പെട്ട വമ്പനടിക്കാരനായ ബാറ്റര്‍ ശിവം ദുബെയുടെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ നനഞ്ഞ പടക്കമായി അദ്ദേഹം സൂപ്പര്‍ എട്ടിലെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്‌മെന്റ്. പക്ഷെ അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തിലും ദുബെ ദുരന്തമായി മാറി. ഏഴു ബോളുകള്‍ നേരിട്ട അദ്ദേഹം ഒരു സിക്‌സറടക്കം 10 റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്.
മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ അന്തകനെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ദുബെയെ ഈ കളിയില്‍ പുറത്താക്കിയത് സ്റ്റാര്‍ സ്പിന്നറും അഫ്ഗാന്‍ ക്യാപ്റ്റനുമായ റാഷിദ് ഖാനാണ്. വിരാട് കോലിയുടെ പുറത്താവവിനു ശേഷം ഒമ്പതാമത്തെ ഓവറിലാണ് ദുബെ ക്രീസിലെത്തിയത്. തൊട്ടടുത്ത ഓവറിലെ മൂന്നാമത്തെ ബോളില്‍ നൂര്‍ അഹമ്മദിനെതിരേ കിടിലനൊരു സിക്‌സര്‍ പായിക്കാന്‍ ദുബെയ്ക്കായിരുന്നു. ലോങ് ഓഫിനു മുകളിലൂടെയായിരുന്നു ഈ ഷോട്ട്.

ഇതോടെ ഐപിഎല്ലില്‍ കണ്ട അപകടകാരിയായ ദുബെയെ ഈ മല്‍സരത്തിലും കാണാമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 11ാം ഓവറില്‍ അദ്ദേഹത്തെ റാഷിദ് മടക്കി. ഒരു വേഗമേറിയ ലെഗ് ബ്രേക്കായിരുന്നു റാഷിദ് എറിഞ്ഞത്. ദുബെയ്ക്കു പ്രതികരിക്കാന്‍ സാധിക്കും മുമ്പ് ബോള്‍ പാഡില്‍ പതിക്കുകയും ചെയ്തു. അംപയര്‍ ഔട്ട് നല്‍കിയില്ലെങ്കിലും റാഷിദ് റിവ്യു എടുത്തതോടെ ദുബെയുടെ ചീട്ട് കീറുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച നാലു ഇന്നിങ്‌സുകളില്‍ നിന്നും ദുബെയ്ക്കു സ്‌കോര്‍ ചെയ്യാനായത് വെറും 44 റണ്‍സ് മാത്രമാണ്. 22 എന്ന മോശം ശരാശരിയില്‍ 83.01 എന്ന പരിതാപകരമായ സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു ഫോറും രണ്ടു സിക്‌സറും മാത്രമാണ് ദുബെയ്ക്കു ഇതിനകം നേടാനായത്. അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയില്‍ റണ്ണില്ലാതെ പുറത്താവാതെ നിന്ന അദ്ദേഹം പാകിസ്താനെതിരേ മൂന്നു റണ്‍സിനും മടങ്ങി. അമേരിയ്‌ക്കെതിരേ പുറത്താവാതെ 31 റണ്‍സ് നേടാന്‍ ദുബെയ്ക്കായിരുന്നു. പക്ഷെ അഫ്ഗാനെതിരേ ദുബെ വീണ്ടും നിറംമങ്ങി.
അഫ്ഗാനുമായുള്ള ഈ മല്‍സരത്തില്‍ ദുബെയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണിനെ കളിപ്പിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമാണ്. കാരണം ബാറ്റിങില്‍ തപ്പിത്തടയുന്ന ദുബെയെ ബൗളിങില്‍ ടീം അധികം ഉപയോഗിക്കുകയും ചെയ്യുന്നില്ല. പക്ഷെ സൂപ്പര്‍ എട്ടിലെ ആദ്യ കളിയിലും താരം ഫ്‌ളോപ്പായതോടെ സഞ്ജുവിന്റെ സമയമെത്തിയെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ശിവം ദുബെയെ വച്ചുള്ള ഈ പരീക്ഷണം ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിനു ഇനിയും നിര്‍ത്താറായില്ലേ? ഒരാള്‍ക്കു ഫോം വീണ്ടെടുക്കാന്‍ നിങ്ങള്‍ എത്ര അവസരം നല്‍കും. ദുബെയുടെ സ്ഥാനത്തു സഞ്ജു സാംസണ്‍ ആണെങ്കില്‍ ഒരിന്നിങ്‌സില്‍ ഫ്‌ളോപ്പായാല്‍ തൊട്ടടുത്ത കളിയില്‍ നിങ്ങള്‍ ഒഴിവാക്കും. ഓരോ താരങ്ങള്‍ക്കും വ്യത്യസ്ത നീതിയാണോയെന്നും ആരാധകര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ഫ്രോഡാണ് ശിവം ദുബെ. ഐപിഎല്ലിലെ പ്രകടനത്തിലൂടെ താരം ബിസിസിഐയുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു. യഥാര്‍ഥത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള യാതൊരു യോഗ്യതയും ദുബെയ്ക്കില്ല. യാതൊരു ബാറ്റിങ് ടെക്‌നിക്കും അവകാശപ്പെടാനില്ലാത്ത താരമാണ് അദ്ദേഹം. ഇനിയെങ്കിലും അദ്ദേഹത്തെ പുറത്തിരുത്തി സഞ്ജു സാംസണിനെ പകരം ഈ റോളില്‍ കളിപ്പിക്കണമെന്നും ആരാധകര്‍ പറയുന്നു.
ശിവം ദുബെയെപ്പോലെയൊരു ലോകോത്തര ദുരന്തത്തെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ രാജിവയ്ക്കണം. മികച്ച ഫിനിഷറായ റിങ്കു സിങിനെ ഒഴിവാക്കിയാണ് ഇത്ര വലിയ ദുരന്തത്തെ ടീമിലെടുത്തത്. മോശം തീരുമാനമെടുത്ത സെലക്ഷന്‍ കമ്മിറ്റിയിലുള്ളവരെല്ലാം മണ്ടന്‍മാരാണോയെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുറന്നടിക്കുന്നു.