ന്യൂയോര്‍ക്ക്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ പാകിസ്താനെ 6 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. ബൗളര്‍മാര്‍ കരുത്തുകാട്ടിയ ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിനാണ് കൂടാരം കയറിയത്. മറുപടിക്കിറങ്ങിയ പാകിസ്താനെ 7 വിക്കറ്റിന് 113 റണ്‍സിലേക്ക് പിടിച്ചുകെട്ടി ഇന്ത്യ ത്രില്ലിങ് ജയം നേടിയെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തി.
ന്യൂയോര്‍ക്കിലെ പിച്ച് അല്‍പ്പം ദുഷ്‌കരമാണെങ്കിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ നിലവാരം വിലയിരുത്തുമ്പോള്‍ അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കാത്ത വിധമുള്ള മോശം പ്രകടനമാണ് ടീം നടത്തിയതെന്ന് പറയാം. ഇന്ത്യയുടെ മധ്യനിരയുടെ ബാറ്റിങ് പ്രകടനമാണ് തീര്‍ത്തും മോശമായത്. ഇതില്‍ എടുത്തു പറയേണ്ടത് ശിവം ദുബെയുടെ പ്രകടനമാണ്. ഐപിഎല്ലിലെ മികവ് വിലയിരുത്തിയാണ് ഇന്ത്യ ദുബെയെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചത്.
മധ്യനിരയില്‍ സ്പിന്നിനെതിരേ തിളങ്ങാന്‍ ദുബെക്ക് കഴിവുണ്ടെന്നാണ് സെലക്ടര്‍മാര്‍ വിലയിരുത്തിയത്. എന്നാല്‍ ടെസ്റ്റ് ബാറ്റിങ് പ്രകടനമാണ് ദുബെ കാഴ്ചവെച്ചത്. 9 പന്ത് നേരിട്ട് 3 റണ്‍സെടുത്ത ദുബെയെ നസീം ഷാ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് ദുബെ കാഴ്ചവെക്കുന്നത്. ദുബെ ഓള്‍റൗണ്ടറായതിനാലാണ് ഇന്ത്യ കളിപ്പിക്കുന്നതെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. എന്നാല്‍ ബൗളിങ്ങില്‍ ദുബെയെ ഉപയോഗിക്കുന്നില്ല.
ഒരോവര്‍ പോലും ദുബെക്ക് നല്‍കുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ബാറ്റിങ് ദുരന്തമായിട്ടുള്ള ദുബെയെ ഇന്ത്യ എന്തിനാണ് കളിപ്പിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. എന്നാല്‍ ഇന്ത്യ സഞ്ജുവിനെ കളിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നതാണ് സത്യം. അതിന് കാരണം രോഹിത് ശര്‍മയാണ്. നിലവിലെ ടീമിന്റെ പദ്ധതിയില്‍ സഞ്ജുവിന് ഇടമില്ല.

ഓപ്പണിങ് ഒഴിച്ച് മറ്റൊരു ബാറ്റിങ് പൊസിഷനും ഉറപ്പില്ലെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്. എന്നാല്‍ നിലവിലെ ടീമിന്റെ പദ്ധതി വിലയിരുത്തുമ്പോള്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്ത് തുടരും. കോലിയും രോഹിത്തും ഓപ്പണര്‍മാരായി തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ ഇടം കൈയനായ റിഷഭ് പന്ത് കളിക്കേണ്ടത് അനിവാര്യമാണ്. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് സഞ്ജു സാംസണിനെ കളിപ്പിക്കാനാവില്ല. സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിക്കുകയെന്നത് ദുഷ്‌കരമാണ്.
കാരണം ടോപ് ഓഡറില്‍ മികവ് കാട്ടുന്ന താരമാണ് സഞ്ജു സാംസണ്‍. ടി20യില്‍ നാലാം നമ്പറില്‍ താഴെ സഞ്ജു ബാറ്റ് ചെയ്തിരിക്കുന്നത് അപൂര്‍വ്വമായാണ്. വലിയ റെക്കോഡും സഞ്ജുവിന് അവകാശപ്പെടാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജു സാംസണെ കളിപ്പിക്കാന്‍ വിരളമായ സാധ്യതയാണുള്ളത്. ദുബെയെ ഇന്ത്യ മധ്യനിരയില്‍ പിന്തുണക്കുന്നത് മണ്ടത്തരമാണെങ്കിലും നായകന്‍ രോഹിത് ശര്‍മ വിശ്വസിക്കുന്നത് ദുബെയിലാണ്.
മീഡിയം പേസറായ ശിവം ദുബെ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ഇക്കോണമി വളരെ മോശമായതിനാല്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കാനും സാധിക്കില്ല. മധ്യനിരയില്‍ അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഇടം കൈയന്‍മാരായി ഉള്ളപ്പോള്‍ ദുബെയെ ഇടം കൈയനെന്ന പരിഗണനയില്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ദുബെയെ ഇന്ത്യ കളിപ്പിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് പറയാം.
ഇന്ത്യയെ വലിയ മത്സരങ്ങള്‍ കാത്തിരിക്കവെ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സുപ്രധാന മാറ്റങ്ങള്‍ക്ക് ധൈര്യം കാട്ടേണ്ടതാണ്. നിലവിലെ പരീക്ഷണങ്ങള്‍ വലിയ ഫലം കാണുന്നുണ്ടെന്ന് പറയാനാവില്ല. ബാറ്റിങ് നിരയുടെ ശക്തി ഉയര്‍ത്താത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നതാണ് വസ്തുത.