പാകിസ്താന്റെ നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു സംസാരിക്കവെയാണ് അദ്ദേഹം ബാബറിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമായ വിരാട് കോലിയുമായി ബാബറിനെ താരതമ്യം ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും കനേരിയ ആവശ്യപ്പെടുന്നു.
ബാബര്‍ ആസമിനെക്കുറിച്ച് ആളുകള്‍ ഒരുപാട് സംസാരിക്കാറുണ്ട്. ഒരു മല്‍സരത്തില്‍ അദ്ദേഹം സെഞ്ച്വറി അടിക്കുമ്പോഴേക്കും അടുത്ത ദിവസം മാധ്യമങ്ങള്‍ ബാബറിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യാന്‍ ആരംഭിക്കും. ഇനിയെങ്കിലും ഇതൊന്നു നിര്‍ത്തു, കോലിയുടെ ചെരുപ്പുമായി പോലും ബാബര്‍ താരതമ്യം അര്‍ഹിക്കുന്നില്ല. എന്തിനാണ് ഈ തരത്തിലുള്ള താരതമ്യമെന്നും കനേരിയ ആഞ്ഞടിക്കുന്നു.

ലോകകപ്പിലെ കഴിഞ്ഞ മല്‍സരത്തില്‍ ഇഅമേരിക്കയ്‌ക്കെതിരേ പോലും ബാബര്‍ ആസമിനു റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. അവരുടെ ബൗളര്‍മാര്‍ അദ്ദേഹത്തെ ശരിക്കും വരിഞ്ഞുകെട്ടിയിരുന്നു. 40 കളിലെത്തിയപ്പോഴേക്കും ബാബര്‍ പുറത്താവുകയും ചെയ്തു. അദ്ദേഹം ക്രീസില്‍ നില്‍ക്കുകയും പാകിസ്താന്‍ ടീമിനെ ജയിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു. പാകിസ്താന്‍ ഏകപക്ഷീയമായി വിജയിക്കേണ്ടിയിരുന്നു മല്‍സരമായിരുന്നു ഇതെന്നും കനേരിയ വിമര്‍ശിക്കുന്നു.
ഈ മല്‍സരത്തില്‍ 43 ബോളില്‍ 44 റണ്‍സാണ് ബാബര്‍ സ്‌കോര്‍ ചെയ്തത്. മൂന്നു ഫോറുകളു രണ്ടു സിക്‌സറുമടക്കമാണിത്. പരിചയ സമ്പത്തില്ലാത്ത അമേരിക്കന്‍ ബൗളിങ് നിരയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത പാക് ടീമിനു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടാനായത്. മറുപടിയില്‍ അമേരിക്ക മൂന്നു വിക്കറ്റിനു ഇതേ സ്‌കോര്‍ തന്നെ സ്‌കോര്‍ ചെയ്തതോടെ കളി ടൈയാവുകയും സൂപ്പര്‍ ഓവറിലേക്കു നീളുകയും ചെയ്തു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്ണെടുത്തപ്പോള്‍ പാകിസ്താന് 13 റണ്‍സെടുക്കാനേ ആയുളളൂ.
കോലിക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നാണ് ബാബര്‍ ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. പലപ്പോഴും കോലിയുമായി അദ്ദേഹത്തെ ക്രിക്കറ്റ് പണ്ഡിതരും ആരാധകരുമെല്ലാം താരതമ്യം ചെയ്യാറുമുണ്ട്. 80 സെഞ്ച്വറികളടക്കം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സിനടത്തു വാരിക്കൂട്ടിയ ബാറ്ററാണ് കോലി.
ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (49 സെഞ്ച്വറി) ലോക റെക്കോര്‍ഡ് അദ്ദേഹം തകര്‍ക്കുകയും ചെയ്തിരുന്നു. ബാബറാവട്ടെ ഒമ്പതു വര്‍ഷം നീണ്ട കരിയറില്‍ ഇതുവരെ നേടിയത് 14,000ത്തിന് അടുത്ത് റണ്‍സാണ്. 31 സെഞ്ച്വറികളോടെയാണിത്.

ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ ദയനീയമായി പരാജയപ്പെടുമെന്നാണ് കനേരിയയുടെ പ്രവചനം. പാകിസ്താന്‍ ടീമിനെ ഇന്ത്യ വളരെ അനായാസം തോല്‍പ്പിക്കും. ഇന്ത്യയെ വീഴ്ത്താനുള്ള ശേഷി പാക് ടീമിനില്ല. ലോകകപ്പിനു എത്തുമ്പോഴെല്ലാം പാകിസ്താന്‍ തങ്ങളുടെ ബൗളിങിനെ പുകഴ്ത്തിക്കൊണ്ടിരിക്കും. കളി ജയിപ്പിക്കാന്‍ ബൗളിങ് നിരയ്ക്കാവുമെന്നും പറയും. പക്ഷെ അമേരിക്കയുമായുള്ള ആദ്യ മല്‍സരം പാക് ടീം തോല്‍ക്കാനുള്ള കാരണം ഇതേ ബൗളിങ് നിരയാണെന്നും കനേരിയ വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ ഒരിക്കല്‍ മാത്രമേ ഇന്ത്യക്കെതിരേ വിജയം കൊയ്യാന്‍ പാക് ടീമിനായിട്ടുള്ളൂ. 2021ലെ ലോകകപ്പിലായിരുന്നു. ശേഷിച്ച ആറു മല്‍സരങ്ങളിലും പാക് ടീമിനെ കശാപ്പ് ചെയ്യാന്‍ ഇന്ത്യക്കായിരുന്നു. 2022ലെ അവസാന ടി29- ലോകകപ്പില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. അന്നു 53 ബോളില്‍ പുറത്താവാതെ 82 റണ്‍സ് അടിച്ചെടുത്ത കോലിയായിരുന്നു ടീമിന്റെ ഹീറോ.