ബ്രിഡ്ജ്ടൗണ്‍: 11 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ വീണ്ടുമൊരു ഐസിസി കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് തോന്നിച്ചിടത്തുനിന്ന് ശക്തമായി തിരിച്ചുവന്ന് ഇന്ത്യ ജയം നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റിന് 169 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
അവസാന ഓവറിലേക്ക് നീണ്ട ആവേശത്തില്‍ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞു പിടിക്കുകയായിരുന്നു. ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് സൂര്യകുമാര്‍ യാദവ് അവസാന ഓവറിലെടുത്ത ക്യാച്ചാണ്. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് കിരീട പ്രതീക്ഷ നല്‍കി ഡേവിഡ് മില്ലര്‍ ക്രീസിലുണ്ടായിരുന്നു. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് മില്ലറെ പുറത്താക്കി. വൈഡ് ഫുള്‍ട്ടോസെറിഞ്ഞ ഹാര്‍ദിക്കിനെ മില്ലര്‍ സിക്‌സര്‍ പറത്താന്‍ ശ്രമിച്ചു.
എന്നാല്‍ ബൗണ്ടറി ലൈനില്‍ നിന്ന് ചാടി പുറത്തേക്ക് തട്ടിയിട്ട് മനോഹരമായി സൂര്യകുമാര്‍ യാദവ് പന്ത് കൈയിലാക്കി. മത്സരഫലത്തെ മാറ്റിമറിച്ചത് ഇതാണ്. എന്നാലിപ്പോഴിതാ സൂര്യകുമാറിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയിട്ടുണ്ടായിരുന്നുവെന്ന ആരോപണം ശക്തമാവുകയാണ്. അത് വിക്കറ്റായിരുന്നില്ലെന്നും വേണ്ടത്ര പരിശോധനകളില്ലാതെയാണ് ഔട്ട് വിധിച്ചതെന്നും പിന്നില്‍ ബിസിസി ഐയുടെ ഐസിസിയിലെ സ്വാധീനമാണെന്നുമാണ് ആരോപണം ഉയരുന്നത്.
സൂര്യകുമാര്‍ യാദവ് പന്ത് പിടിച്ച് തട്ടിയിടാന്‍ ശ്രമിക്കുമ്പോള്‍ ബൗണ്ടറി ലൈനിന് തൊട്ടരികിലായിരുന്നു അദ്ദേഹത്തിന്റെ കാലുണ്ടായിരുന്നത്. ബൗണ്ടറി ലൈനില്‍ തട്ടിയിട്ടുണ്ടെന്ന് സംശയമുയര്‍ത്തിയിരുന്നെങ്കിലും തേര്‍ഡ് അംപയര്‍ പരിശോധനക്കൊടുവില്‍ ഇത് ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ക്ക് ഇത് വിശ്വസിക്കാനായില്ല. അദ്ദേഹം അല്‍പ്പനേരം മൈതാനത്ത് നിന്ന ശേഷമാണ് ഡ്രസിങ് റൂമിലേക്ക് പോയത്. ഇപ്പോള്‍ ആ ക്യാച്ചിന്റെ കൂടുതല്‍ വീഡിയോകള്‍ പുറത്തുവരികയാണ്.

എന്തുകൊണ്ടാണ് അംപയര്‍ കൂടുതല്‍ ആംഗിളുകള്‍ പരിശോധിക്കാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ലോകകപ്പ് ഫൈനല്‍ പോലൊരു വലിയ മത്സരത്തില്‍ ഇത്രയും നിര്‍ണ്ണായകമായ ക്യാച്ച് വരുമ്പോള്‍ സംശയം തീര്‍ത്ത് വ്യക്തതയോടെ പരിശോധിക്കേണ്ടതായുണ്ട്. എന്നാല്‍ അംപയര്‍ തിടുക്കപ്പെട്ട് തീരുമാനം വ്യക്തമാക്കി. ഇത് സംശയമുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ കിരീട നേട്ടത്തിന്റെ ശോഭ നഷ്ടപ്പെടുത്തുന്ന ചതിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഈ വിക്കറ്റാണ് കളി തോല്‍പ്പിച്ചത്. സൂര്യകുമാര്‍ യാദവിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയിട്ടുണ്ടെങ്കില്‍ അത് സിക്‌സറാവുകയും മത്സരഫലം മറ്റൊന്നായി മാറുകയും ദക്ഷിണാഫ്രിക്ക കപ്പടിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ വേണ്ടവിധം പരിശോധന നടത്താതെ തീരുമാനമെടുത്തതോടെ ബിസിസി ഐക്കും ഐസിസിക്കുമെതിരേയാണ് വലിയ വിമര്‍ശനം ഉയരുന്നത്. ഇത് കൂടുതല്‍ ശക്തമാവാനാണ് സാധ്യത.
എന്തായാലും ഇന്ത്യ അഭിമാന നേട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത്. കപില്‍ ദേവ്, എംഎസ് ധോണി എന്നിവര്‍ക്കൊപ്പം ഐസിസി ട്രോഫി നേടിയ ഇന്ത്യന്‍ നായകന്മാരുടെ പട്ടികയിലേക്ക് രോഹിത്തും എത്തിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകനെന്ന നിലയില്‍ ഇന്ത്യക്കൊപ്പമുള്ള അവസാന മത്സരമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ലോകകപ്പ് കിരീടം നേടി ദ്രാവിഡിനെ യാത്രയാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. കിരീട നേട്ടത്തിന് പിന്നാലെ കോലിയും രോഹിത്തും ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഫൈനലില്‍ ഇന്ത്യക്ക് നട്ടെല്ലായത് വിരാട് കോലിയാണ്. ഇതുവരെ മോശം ഫോമിലായിരുന്ന കോലി ഫൈനലില്‍ 59 പന്തില്‍ 76 റണ്‍സാണ് അടിച്ചെടുത്തത്. 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് കോലി കസറിയത്. രോഹിത് ശര്‍മ 9 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പന്ത് ഡെക്കായി. സൂര്യകുമാര്‍ യാദവ് 3 റണ്‍സില്‍ മടങ്ങിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ 31 പന്തില്‍ 47 റണ്‍സോടെ ഗംഭീര പ്രകടനം കാഴ്ചവെച്ചു. ശിവം ദുബെ 27 റണ്‍സോടെ നിര്‍ണ്ണായക പ്രകടനം നടത്തി.
ഇതോടെ 7 വിക്കറ്റിന് 176 എന്ന മികച്ച സ്‌കോറിലേക്കെത്താനും ഇന്ത്യക്കായി. ഇന്ത്യക്കായി പേസര്‍മാര്‍ തിളങ്ങി. അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രോഹിത് ശര്‍മയുടെ കിടിലന്‍ ക്യാപ്റ്റന്‍സി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായി.