ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു ഐസിസിയുടെ ഭാഗത്തു നിന്നും ചില വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ? ഈ തരത്തിലുള്ള ഒരു ഗുരുതര ആരോപണമാണ് വിസ്ഡണ്‍ ക്രിക്കറ്റ് ഉന്നയിച്ചിരിക്കുന്നത്. എക്‌സിലൂടെയാണ് അവര്‍ ഇതു ശരിവയ്ക്കുന്ന തരത്തില്‍ ചില കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയത്. എന്നാല്‍ ഇതിനോടു പ്രതികരിച്ചിരിക്കുകാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫര്‍. അദ്ദേഹത്തിന്റെ രസകരമായ പ്രതികരണം വളരെ പെട്ടെന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.
ലോകകപ്പിന്റെ ഷെഡ്യൂള്‍ ഇന്ത്യക്കു അനുകൂലമാണെന്നാണ് വിസ്ഡണ്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനുള്ള തെളിവുകളും അവര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യക്കു അവരുടെ സെമി ഫൈനല്‍ വേദി (ഗയാന) ഏതാണെന്നു നേരത്തേ തന്നെ അറിയാമെന്നതാണ് വിസ്ഡണ്‍ ചൂണ്ടിക്കാണിക്കുന്ന ആദ്യത്തെ കാര്യം.

ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് ഗയാനയിലെ സെമി ഫൈനല്‍ ആരംഭിക്കുന്നത്. മറ്റൊരു സെമി ഫൈനലാവട്ടെ ഇന്ത്യന്‍ സമയം രാവിലെ ആറു മണിക്കുമാണ്. വിന്‍ഡീസില്‍ രാവിലെയുള്ള മല്‍സരം ആരംഭിക്കുക 10.30നാണ്. ഇതു കാരണം മഞ്ഞുവീഴ്ച മല്‍സരത്തെ ബാധിക്കുകയും ചെയ്യില്ല. ഗയാനയിലെ സെമി ഫൈനലിനു റിസര്‍വ് ദിനം നല്‍കിയിട്ടില്ല. എന്നാല്‍ ആദ്യ സെമിക്കു റിസര്‍വ് ദിനവമുണ്ട്. ഇതെല്ലാം ഇന്ത്യന്‍ ടീമിനെ സഹായിക്കുന്നതിനു വേണ്ടിയാണെന്നാണ് വിസ്ഡണ്‍ ക്രിക്കറ്റ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.
ഇതിനോടാണ് ജാഫറിന്റെ രസകരമായ പ്രതികരണം. എവിടെയാണ് നിങ്ങളുടെ സെമി ഫൈനലെന്ന് അറിയുന്നത് ഒരു കാര്യമാണ്. അതിനു യോഗ്യത നേടുകയെന്നതു മറ്റൊരു കാര്യവുമാണ്. ഉദാഹരണമെടുത്താല്‍ ഡബ്ല്യുടിസി (ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്) ഫൈനല്‍ എല്ലായ്‌പ്പോഴും നടത്തി വരുന്നത് ഇംഗ്ലണ്ടിലാണ്. പക്ഷെ ഇംഗ്ലണ്ട് ഒരിക്കല്‍പ്പോലും ഫൈനലിലേക്കു യോഗ്യത നേടിയിട്ടില്ലെന്നുമാണ് പൊട്ടിച്ചിരിക്കുന്ന ഇമോജിയോടൊപ്പം ജാഫര്‍ എക്‌സിലൂടെ പ്രതികരിച്ചത്.
അതേസമയം, ടി20 ലോകകപ്പില്‍ ആദ്യ പോരാട്ടത്തിനു കച്ച മുറുക്കുകയാണ് ടീം ഇന്ത്യ. എല്ലാ തവണത്തെയും പോലെ ഇത്തവണയും കിരീട ഫേവറിറ്റുകളില്‍ ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താന്‍, അര്‍ലാന്‍ഡ്, അമേരിക്ക, കാനഡ എന്നിവരാണ് ഈ ഗ്രൂപ്പിലെ ടീമുകള്‍. ബുധനാഴ്ച അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഞായറാഴ്ചയാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ- പാക് ത്രില്ലര്‍.

10 വര്‍ഷത്തിലേറെയായി ഐസിസിയുടെ ഒരു ട്രോഫിയും നേടിയിട്ടില്ലാത്ത ഇന്ത്യ ഈ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകകപ്പിനു എത്തിയിരിക്കുന്നത്. 2013ല്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായ ശേഷം ഒരു ടൂര്‍ണമെന്റും വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. പല തവണ ഫൈനല്‍ വരെ എത്തിയിട്ടുണ്ടെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു.
ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് ഇന്ത്യ തോല്‍വി രുചിച്ചത്. അന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ കിരീടം അടിയറവയ്ക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇറങ്ങിയെങ്കിലും ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയ ഇന്ത്യയെ തീര്‍ക്കുകയായിരുന്നു.