ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്കുള്ള ആദ്യത്തെ കടമ്പ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നിലെ ആദ്യ കളിയില്‍ അഫ്ഗാനിസ്താനെതിരേ ഏകപക്ഷീയ വിജയമാണ് രോഹിത് ശര്‍മയും സംഘവും കൈക്കലാക്കിയത്. ബാര്‍ബഡോസില്‍ നടന്ന കളിയില്‍ അഫ്ഗാനെ 47 റണ്‍സിനു ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. ഇനി രണ്ടു കളികളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ശനിയാഴ്ച ബംഗ്ലാദേശുമായാണ് രണ്ടാമങ്കം. തിങ്കളാഴ്ച അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയയുമായും ഇന്ത്യ കൊമ്പുകോര്‍ക്കും.
അഫ്ഗാനുമായുള്ള മല്‍സരത്തോടെ ഇന്ത്യ സെമി ഫൈനല്‍ ടിക്കറ്റുറപ്പിച്ചോ? സെമിയില്‍ കടക്കണമെങ്കില്‍ എത്ര മല്‍സരം ജയിക്കണം? നമുക്കു വിശദമായി പരിശോധിക്കാം. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നില്‍ എല്ലാ ടീമുകളും ഓരോ മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓസ്‌ട്രേലിയയാണ് ഇപ്പോള്‍ തലപ്പത്തു നില്‍ക്കുന്നത്. ഇന്ത്യ രണ്ടാമതുമുണ്ട്. അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു.

ഓസീസിനും ഇന്ത്യക്കും രണ്ടു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ കംഗാരുപ്പട ഇന്ത്യയെ പിന്തള്ളുകയായിരുന്നു. ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് 2.471ഉം ഇന്ത്യയുടേത് 2.350ഉം ആണ്. അഫ്ഗാനെതിരായ ജയം കൊണ്ട് മാത്രം ഇന്ത്യക്കു സെമിയില്‍ കളിക്കാമെന്നു ഉറപ്പിക്കാമെന്നു വരട്ടെ. സെമി കാണാതെ ഇന്ത്യ ഇനിയും പുറത്തായേക്കാം.
ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന അടുത്ത മല്‍സരം ഇന്ത്യയെ സംബന്ധിച്ച് ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമാണ്. ഈ കളിയില്‍ ഇന്ത്യ ജയിക്കുകയും മറ്റൊരു മല്‍സരത്തില്‍ അഫ്ഗാനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യയും ഓസീസും സെമിയിലേക്കു യോഗ്യത നേടും. ഇതോടെ ഇന്ത്യ- ഓസീസ് അവസാന മല്‍സരം അപ്രസക്തമായി മാറുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക ആ പോരാട്ടമായിരിക്കും.
എന്നാല്‍ ബംഗ്ലാദേശിനോടു ശനിയാഴ്ച ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ കാര്യങ്ങള്‍ അല്‍പ്പം കുഴപ്പത്തിലാവും. അങ്ങനെ വന്നാല്‍ അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാതെ ഇന്ത്യക്കു സെമിയില്‍ കളിക്കാന്‍ കഴിയില്ല. മാത്രമല്ല മികച്ച മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കണം. കാരണം ഒന്നിലേറെ ടീമുകള്‍ക്കു ഗ്രൂപ്പില്‍ നാലു പോയിന്റ് ലഭിക്കാനിടയുണ്ട്.
ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തുകയും ഓസ്‌ട്രേലിയയോടു ഇന്ത്യ തോല്‍ക്കുകയും ചെയ്യുന്നുവെന്നു കരുതുക. കൂടാതെ അഫ്ഗാനിസ്താനോടു ഓസീസ് തോല്‍ക്കുമെന്നും സങ്കല്‍പ്പിക്കുക. അങ്ങനെ വന്നാലും ഇന്ത്യക്കു സെമിയില്‍ കടക്കണമെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റ് ആവശ്യമായി വരും. കാര്യങ്ങള്‍ ഇത്രയും സങ്കീര്‍ണമാക്കി തീര്‍ക്കാന്‍ ഇന്ത്യ തീര്‍ച്ചയായും ആഗ്രഹിക്കില്ല.

അതുകൊണ്ടു തന്നെ ബംഗ്ലാദേശിനെതിരേ ജയിക്കുകയെന്നതാണ് സെമിയുറപ്പിക്കാന്‍ ടീമിനു മുന്നിലുള്ള ഏറ്റവും എളുപ്പമുള്ള വഴി. അതിനായില്ലെങ്കില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നതിനൊപ്പം നെറ്റ് റണ്‍റേറ്റിലും ഇന്ത്യക്കു കണ്ണു വയ്‌ക്കേണ്ടതായി വരും. എന്നാല്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരെ തകര്‍ത്തുവിടാനായാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി തലയുയര്‍ത്തി തന്നെ ഇന്ത്യക്കു സെമി ഫൈനലിലേക്കു കുതിക്കാം.
ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കതിരായ ഇനിയുള്ള രണ്ടു മല്‍സരങ്ങളിലും തോറ്റാലും ഇന്ത്യക്കു നേരിയ സെമി ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ വന്നാല്‍ ഓസീസ് ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിക്കണം.
കൂടാതെ ഓസീസ്- ബംഗ്ലാദേശ് മല്‍സരത്തില്‍ തോല്‍ക്കുന്നവരെ അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തുകയും വേണം. ഇങ്ങനെ വരികയാണെങ്കില്‍ ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാന്‍ എന്നീ മൂന്നു ടീമുകളും രണ്ടു പോയിന്റ് വീതം നേടി തുല്യത പാലിക്കും. ഈ ഘട്ടത്തില്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീമായിരിക്കും ഓസീസിനു പിറകില്‍ രണ്ടാംസ്ഥാനക്കാരായി സെമി കളിക്കുക.