ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ ഒരു പ്രശ്‌നം ടീമിനുള്ളിലുണ്ടായിരുന്നു. അത് അസം ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയതായിരുന്നു. അമിത ശരീര ഭാരമുള്ളയാളായിട്ടും താരത്തിനെ ടീമിലെടുത്തത് അസം ഖാന്‍ മുന്‍ പാക് സൂപ്പര്‍ താരം മോയിന്‍ ഖാന്റെ മകനായതിനാലാണെന്നാണ് ആരോപണമാണ് ശക്തമായി ഉയര്‍ന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അസം ഖാന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
വിക്കറ്റ് കീപ്പറായ അസം ഖാന്‍ ക്യാച്ചവസരങ്ങള്‍ പാഴാക്കുകയും ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ പതറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരേ വലിയ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നിരവധി പോസ്റ്റുകള്‍ അസം ഖാന്‍ പിന്‍വലിക്കുകയും ചെയ്തു. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ വമ്പനടിക്കാരനായ അസം ഖാന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം.

ഇപ്പോഴിതാ പരിശീലനത്തിനിടെ പാക് നായകന്‍ ബാബര്‍ അസമും അസം ഖാനും തമ്മില്‍ വാക്കേണ്ടമുണ്ടായിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പരിശീലനത്തിനിടെ ബാബര്‍ അസം ഖാന്റെ ഫിറ്റ്‌നസിനെ പരിഹസിച്ചെന്നും തടിയനെന്ന് വിളിച്ചെന്നും ഇതിനെച്ചൊല്ലി വാക്കേറ്റം ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇതിന്റെ വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ തന്നെ അസം ഖാനെതിരേ ബാബര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ പരിശീലനത്തിനിടെയിലും ബാബര്‍ അസം ഖാനെ പരിഹസിച്ചതോടെയാണ് വിക്കറ്റ് കീപ്പര്‍ ഉടക്കിയത്. ഇന്ത്യക്കെതിരേ പാകിസ്താന്റെ മത്സരം 9ന് നടക്കാന്‍ പോവുകയാണ്. അതിനിടെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി ഈ വാക്കുതര്‍ക്കമുണ്ടാവുന്നത്. അവസാന ഏകദിന ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം വിലയിരുത്തി ബാബര്‍ അസമിനെ പാകിസ്താന്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
ഷഹിന്‍ ഷാ അഫ്രീദിയെ ടി20 നായകനാക്കിയപ്പോള്‍ ടീം തകര്‍ന്നടിഞ്ഞു. ഇതോടെ ബാബര്‍ അസമിനെ വീണ്ടും നായകസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. ബാബറിന് കീഴില്‍ ഇത്തവണ പാകിസ്താന്‍ വലിയ പ്രകടനം പ്രതീക്ഷിക്കുന്നു. എന്നാല്‍ ടീമിനുള്ളില്‍ അത്ര മികച്ച സാഹചര്യമല്ല. ബാബറിനെ നായകസ്ഥാനത്തേക്ക് മടക്കിയെത്തിച്ചതില്‍ ഷഹിന്‍ ഷാ അഫ്രീദിക്ക് എതിര്‍പ്പുണ്ട്. ഇവര്‍ തമ്മില്‍ അത്ര നല്ല ബന്ധമല്ല. ഇതും ടീമിനെ പ്രതികൂലമായി ബാധിക്കും.
ഇത്തവണത്തെ ലോകകപ്പില്‍ ശക്തമായ താരനിരയാണ് പാകിസ്താനുള്ളത്. പ്രധാനമായും പാകിസ്താന്റെ ബൗളിങ് കരുത്ത്. മുഹമ്മദ് അമീര്‍ തിരിച്ചെത്തിയതോടെ പാകിസ്താന്റെ പേസ് നിര കൂടുതല്‍ ശക്തിയാര്‍ജിച്ചു. മുഹമ്മദ് അമീര്‍, ഷഹിന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ടി20യില്‍ മികച്ച റെക്കോഡുള്ള ടി20 ബൗളര്‍മാരാണ്. ഇന്ത്യക്കെതിരേ ഇവരുടെ പ്രകടനം പാകിസ്താന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
പാകിസ്താന്റെ ബാറ്റിങ് നിരക്ക് ഫോമിലേക്കുയരേണ്ടതായുണ്ട്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ബാറ്റിങ്ങില്‍ ഫോമിലേക്കെത്തേണ്ടത് പാകിസ്താനെ സംബന്ധിച്ച് അത്യാവശ്യമാണ്. ബാറ്റിങ് നിര മികവ് കാട്ടിയാല്‍ ബൗളിങ് നിര എറിഞ്ഞുപിടിക്കാന്‍ കഴിവുള്ളവരുടേതാണ്. ബാറ്റിങ് ക്ലിക്കായാല്‍ കപ്പിലേക്കെത്താന്‍ കഴിവുള്ള നിരയാണ് പാകിസ്താന്റേതെന്ന് നിസംശയം പറയാം.