മുംബൈ: ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. ഐപിഎല്ലില്‍ നിന്ന് പുറത്തായ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളുമായി ഇന്ത്യന്‍ സംഘം ഉടന്‍ അമേരിക്കയിലേക്ക് പോവും. രോഹിത് ശര്‍മയും വിരാട് കോലിയും ഉള്‍പ്പെടെ ഈ സംഘത്തിലുണ്ടാവും.
രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് സഞ്ജു സാംസണും യുസ് വേന്ദ്ര ചഹാലുമാണ് ലോകകപ്പ് ടീമിലേക്ക് എത്തേണ്ടത്. കെകെആറില്‍ നിന്നുള്ള റിങ്കു സിങ് റിസര്‍വ് താരമായും ടീമിനൊപ്പം ചേരേണ്ടതായുണ്ട്. ശക്തമായ സംഘമാണ് ഇത്തവണ ഇന്ത്യക്കൊപ്പമുള്ളതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താരനിരയാണ് ഇന്ത്യയുടേത്.
എന്നാല്‍ ഇത്തവണത്തെ ഇന്ത്യന്‍ ടീം ആര്‍ക്കും ഭീഷണി ഉയര്‍ത്തുന്നില്ലെന്നും എതിരാളികളെ ഭയപ്പെടുത്തില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. 'ഇന്ത്യയുടെ ഈ ടീമിനെ എല്ലാവരും മുന്‍കൂട്ടി കണ്ടതാണ്. ഈ ടീമിന്റെ നിലവാരത്തെക്കുറിച്ചും കരുത്തിനെക്കുറിച്ചും ദൗര്‍ബല്യത്തെക്കുറിച്ചും എല്ലാവര്‍ക്കുമറിയാം. എല്ലാവരും നല്ല താരങ്ങളാണ്. പക്ഷെ ബാറ്റുകൊണ്ടോ പന്തുകൊണ്ടോ സാഹസത്തിന് ഇവര്‍ തയ്യാറല്ല.
ചില മത്സരങ്ങളില്‍ ആധിപത്യ ജയം നേടിയേക്കാമെങ്കിലും ആര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്ന നിരയല്ല ഇന്ത്യ' ഡേവിഡ് ലോയ്ഡ് പറഞ്ഞു. രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ടീമിന്റെ നട്ടെല്ല്. മധ്യനിരയില്‍ കളിക്കാന്‍ റിഷഭ് പന്തുണ്ടാവും. പരിക്കേറ്റ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന റിഷഭ് ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. മധ്യനിരയില്‍ റിഷഭിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടേയും ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. നായകന്‍ രോഹിത് ശര്‍മ സിഎസ്‌കെയ്‌ക്കെതിരേ ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ ദുരന്തമായിരുന്നു. ശിവം ദുബെയെ ഐപിഎല്ലിലെ മികവ് കണ്ടാണ് ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അതിന് ശേഷം കളിച്ച മത്സരങ്ങളിലെല്ലാം ദുബെ നിരാശപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.
ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ മികവില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. സ്പിന്‍ നിരയിലേക്ക് തിരിച്ചെത്തിയ യുസ് വേന്ദ്ര ചഹാല്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്ക് കാട്ടുമ്പോഴും തല്ലുവാങ്ങുന്നു. ഇന്ത്യയുടെ നിലവിലെ ലോകകപ്പ് ടീം ശരാശരി മാത്രമാണ്. എന്നാല്‍ ലോകകപ്പിലേക്കെത്തുമ്പോള്‍ എല്ലാവരും ഫോമിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.
അതേ സമയം ഇന്ത്യയാണ് ഇത്തവണത്തെ കിരീട ഫേവറേറ്റുകളെന്നാണ് മുന്‍ ശ്രീലങ്കന്‍ സൂപ്പര്‍ ഓപ്പണറായ തിലകരത്‌ന ദില്‍ഷന്‍ അഭിപ്രായപ്പെട്ടത്. 'ടി20 ലോകകപ്പില്‍ ഏഷ്യന്‍ ടീം കപ്പടിക്കാനാണ് കൂടുതല്‍ സാധ്യത. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യം സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഇന്ത്യക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. ഇത്തവണത്തെ കിരീട ഫേവറേറ്റുകള്‍ ഇന്ത്യയാണ്. ഐപിഎല്ലിലെ അതേ ഫോം ലോകകപ്പിലും അവര്‍ക്ക് കാട്ടാനായേക്കും' ദില്‍ഷന്‍ പറഞ്ഞു.
ഇന്ത്യയുടെ പല താരങ്ങളും ഈ ലോകകപ്പോടെ ടി20 ഫോര്‍മാറ്റ് മതിയാക്കിയേക്കും. രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. വിരാട് കോലിയും ടി20 ഫോര്‍മാറ്റ് നിര്‍ത്തിയേക്കും. ഈ ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിയുകയാണ്. ഇതിഹാസ താരമായിരുന്നിട്ടും ലോകകപ്പ് കിരീടത്തിന്റെ ഭാഗമാവാന്‍ ദ്രാവിഡിന് ഭാഗ്യം ലഭിച്ചിട്ടില്ല. ഇത്തവണത്തെ ടി20 ലോകകപ്പിലൂടെ അത് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.