ടി20 ലോകകപ്പില്‍ ഇത്തവണത്തെ ആദ്യത്തെ ഹാട്രിക്ക് നേട്ടം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ബംഗ്ലാദേശിനെതിരേ ആന്റിഗ്വയില്‍ നടന്ന സൂപ്പര്‍ എട്ട് പോരാട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഹാട്രിക്ക് കമ്മിന്‍സിനാണെങ്കിലും ശരിക്കും കോളടച്ചിരിക്കുന്നത് ഇന്ത്യന്‍ ടീമിനാണ്. എന്താണ് ഇതിനു കാരണമെന്നു നോക്കാം.
ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഓസ്‌ട്രേലിയയുടെ രണ്ടു ബൗളര്‍മാര്‍ മാത്രമേ ഹാട്രിക്ക് നേട്ടത്തിനു അവകാശിയായിട്ടുള്ളൂ. ആദ്യത്തെയാള്‍ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയാണ്. 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലായിരുന്നു അദ്ദേഹത്തിന്റെ വമ്പന്‍ നേട്ടം. അന്നത്തെ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായത് എംഎസ് ധോണി നയിച്ച ഇന്ത്യന്‍ ടീമായിരുന്നു. ഇപ്പോഴിതാ ലീക്കു ശേഷം കമ്മിന്‍സും ഹാട്രിക്ക് കുറിച്ചതോടെ ഇത്തവണ കപ്പും ഇന്ത്യക്കായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ഇതുകൊണ്ടു മാത്രം തീരുന്നില്ല സാമ്യം. 2007ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ലീ ഹാട്രിക്കിന് അവകാശിയായത്. ഇപ്പോള്‍ കമ്മിന്‍സ് ഹാട്രിക്ക് കണ്ടെത്തിയതും അവര്‍ക്കെതിരേ തന്നെ. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം കപ്പുയര്‍ത്തുമെന്നു ഇതോടെ ആരാധകരും ഉറപ്പിച്ചിരിക്കുകയാണ്.
പ്രഥമ ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് താരങ്ങളായ ഷാക്വിബുല്‍ ഹസന്‍, മഹമ്മുദുള്ള, അലോക് കപാലി എന്നിവരെ പുറത്താക്കിയാണ് ലീ ഹാട്രിക്കിനു അവകാശിയായത്. അന്താരാഷ്ട്ര ടി20യുടെ ചരിത്രത്തിലെ ആദ്യത്തെ ഹാട്രിക്കും ഇതു തന്നെയാണ്.
ബംഗ്ലാദേശുമായുള്ള ഇത്തവണത്തെ ലോകകപ്പിലേക്കു വന്നാല്‍ ഒരേ ഓവറിലായിരുന്നില്ല കമ്മിന്‍സിന്റെ ഹാട്രിക്ക് നേട്ടം. മറിച്ച് 18ാം ഓവറിലെ അവസാന രണ്ടു ബോളിലും 19ാം ഓവറിലെ ആദ്യ ബോളിലുമാണ് തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് അദ്ദേഹം ചരിത്രത്തിലേക്കു തന്റെ പേരും കൂട്ടിച്ചേര്‍ത്തത്. മഹമ്മുദുള്ള (2), മെഹ്ദി ഹസന്‍ (0), തൗഹിദ് റിദോയ് (40) എന്നിവരെയാണ് കമ്മിന്‍സ് മടക്കിയത്.
18ാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയ കമ്മിന്‍സ് ആദ്യത്തെ നാലു ബോളില്‍ ഒരു ഡബിളടക്കം അഞ്ചു റണ്‍സാണ് വഴങ്ങിയത്. അഞ്ചാമത്തെ ബോളില്‍ മഹമ്മുദുള്ളയെ ബൗള്‍ഡാക്കി കമ്മിന്‍സ് ഹാട്രിക്കിനു തിരികൊളുത്തി. ഓഫ്സ്റ്റംപിനു പുറത്ത് സ്ലോ ബോളായിരുന്നു അദ്ദേഹമെറിഞ്ഞത്. പുള്‍ ഷോട്ടിലൂടെ ഇതു ലെഗ് സൈഡിലേക്കു കളിക്കാനായിരുന്നു മഹമ്മുദുള്ളയുടെ ശ്രമം. പക്ഷെ കണക്കുകൂട്ടല്‍ പാളി. ഇന്‍സൈഡ് എഡ്ജായ ശേഷം അകത്തേക്കു വന്ന ബോള്‍ നേരെ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു.

തുടര്‍ന്ന് മെഹ്ദി ഹസനാണ് പുതുതായി ക്രീസിലെത്തിയത്. ഓഫ്സ്റ്റംപിന് പുറത്ത് ബാക്ക് ഓഫ് ലെങ്ത്ത് ബോളാണ് കമ്മിന്‍സെറിഞ്ഞത്. ബാറ്റിന്റെ ഫേസ് തുറന്ന് അതു തേര്‍ഡ് മാന്‍ ഏരിയയിലേക്കു വഴി തിരിച്ചുവിടാനാണ് മെഹ്ദി ശ്രമിച്ചത്. പക്ഷെ ഈ ശ്രമം പാളുകയായിരുന്നു. തേര്‍ഡ് മാന്‍ ഫീല്‍ഡറായ ആദം സാംപയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു അനായാസം പിടികൂടുകയും ചെയ്തു.
തുടര്‍ന്ന് 19ാം ഓവറില്‍ നാലാമത്തെയും അവസാനത്തെയും സ്‌പെല്‍ എറിയാനെത്തിയ കമ്മിന്‍സ് ആദ്യ ബോളില്‍ റിദോയിയെയും പുറത്താക്കി ഹാട്രിക്ക് തികയ്ക്കുകയായിരുന്നു. ഓഫ്സ്റ്റംപ് ഏരിയയില്‍ സ്ലോ ലെങ്ത്ത് ഡെലിവെറിയാണ് കമ്മിന്‍സ് പരീക്ഷിച്ചത്. ഷോര്‍ട്ട് ഫൈന്‍ ലെഗിനു മുകളിലൂടെ ഇത് സ്‌കൂപ്പ് ചെയ്യാന്‍ റിദോയ് ശ്രമിച്ചെങ്കിലും ഇവിടെ ഫീല്‍ഡ് ചെയ്ത ജോഷ് ഹേസല്‍വുഡിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു പിടിയിലൊതുക്കിയതോടെ കമ്മിന്‍സ് ഹാട്രിക്കും പൂര്‍ത്തിയാക്കി.