Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രോഹിത്തില്ല, പാകിസ്താനെതിരേ ബുംറ നയിക്കും? സഞ്ജനയുടെ പോസ്റ്റ് വൈറല്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ്. ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടമാണ്. 9ന് ന്യൂയോര്‍ക്കിലാണ് ഈ മത്സരം നടക്കാന്‍ പോവുന്നത്. ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ച് പല ചര്‍ച്ചകളും ഇപ്പോള്‍ സജീവമാണ്. നായകന്‍ രോഹിത് ശര്‍മ കളിക്കുമോയെന്ന കാര്യത്തിലാണ് ഇപ്പോള്‍ ആശയക്കുഴപ്പമുള്ളത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ രോഹിത്തിന്റെ തോളിന് പന്ത് തട്ടി പരിക്കേറ്റിരുന്നു.

റിട്ടേര്‍ഡ് ഔട്ടായാണ് രോഹിത് കളം വിട്ടത്. ഇപ്പോള്‍ പരിക്കിന്റെ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടെങ്കിലും രോഹിത് വിശ്രമമെടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത്തിന് വിശ്രമം നല്‍കിയാല്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുക. എന്നാല്‍ ഇപ്പോള്‍ ജസ്പ്രീത് ബുംറയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശന്‍ പങ്കുവെച്ച പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

'ജസ്പ്രീത് ബുംറ ടോസിടുന്നത് കാണാനായി കാത്തിരിക്കാനാവുന്നില്ല' എന്നാണ് ഇന്‍സ്റ്റഗ്രാമിലെ സഞ്ജനയുടെ പോസ്റ്റ്. ഇതിന് പിന്നാലെ ആരാധകര്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. രോഹിത് ശര്‍മ പാകിസ്താനെതിരേ കളിക്കാതിരിക്കുകയും ജസ്പ്രീത് ബുംറ ക്യാപ്റ്റനാവുകയും ചെയ്യുമെന്നാണോ സഞ്ജന പറയുന്നതെന്നാണ് പല ആരാധകരും ചോദിക്കുന്നത്. എന്തുകൊണ്ടാണ് സഞ്ജന ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സഞ്ജനയുടെ പോസ്റ്റിന്റെ വസ്തുത മറ്റൊന്നാണ്. അയര്‍ലന്‍ഡിനെതിരേ രോഹിത് ശര്‍മയുടെ തോളില്‍ പന്തടിച്ച് പരിക്കേറ്റിരുന്നെങ്കിലും ഇത് ഗുരുതരമായിരുന്നില്ല. ഈ മത്സരശേഷം തന്നെ മാധ്യമങ്ങളെ കണ്ട രോഹിത് പരിശീലനവും ആരംഭിച്ചിരുന്നു. എന്നിട്ടും പല ആരാധകരും രോഹിത് പാകിസ്താനെതിരേ കളിക്കുമോയെന്ന ചോദ്യം ഉയര്‍ത്തുകയാണ്. ഹാര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ പാകിസ്താനെതിരേ നയിക്കുകയെന്ന റിപ്പോര്‍ട്ടും പങ്കുവെക്കുന്നുണ്ട്.

india cricket

ഇതില്‍ പ്രകോപിതയായി ഇത്തരം പോസ്റ്റ് പങ്കുവെക്കുന്നവരുടെ വായടിപ്പിക്കാനാണ് സഞ്ജന ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചത്. പലരും രോഹിത്തില്ലെങ്കില്‍ ബുംറയെ ക്യാപ്റ്റനാക്കണമെന്ന പോസ്റ്റും പങ്കുവെച്ചിരുന്നു. ഇതാണ് സഞ്ജനയെ ചൊടിപ്പിച്ചത്. ബുംറ ടോസിടാനിറങ്ങുന്നത് കാണാന്‍ കാത്തിരിക്കാനാവില്ലെന്ന പോസ്റ്റ് പങ്കുവെച്ച് സഞ്ജന വിമര്‍ശകരെ പരിഹസിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. പാകിസ്താനെതിരേ ഇന്ത്യ ശക്തമായ പ്ലേയിങ് 11നെയാണ് പരിഗണിക്കുകയെന്നുറപ്പ്.

നായകസ്ഥാനത്ത് രോഹിത് ശര്‍മ തന്നെയുണ്ടാവും. ഹിറ്റ്മാന്റെ പരിക്ക് ഗുരുതരമല്ല. എന്നാല്‍ ഇന്ത്യ സുപ്രധാന മാറ്റങ്ങള്‍ പ്ലേയിങ് 11ല്‍ വരുത്തിയേക്കും. യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിക്കാന്‍ സാധ്യതയുണ്ട്. അയര്‍ലന്‍ഡിനെതിരേ വിരാട് കോലി, രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ടിന് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിച്ചേക്കും.

അയര്‍ലന്‍ഡിനെതിരേ ഇന്ത്യ സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയേയും അക്ഷര്‍ പട്ടേലിനേയുമാണ് കളിപ്പിച്ചത്. എന്നാല്‍ പാകിസ്താനെതിരേ കുല്‍ദീപ് യാദവ് തിരിച്ചെത്തിയേക്കും. പാകിസ്താനെതിരേ ഇന്ത്യയുടെ വജ്രായുധമാണ് കുല്‍ദീപ്. ശിവം ദുബെയെ ഇന്ത്യ പുറത്തിരുത്തിയേക്കും. അമേരിക്കയോട് തോറ്റെത്തുന്ന പാകിസ്താന്‍ മാനസികമായി വളരെ ദുര്‍ബലരായിക്കഴിഞ്ഞു. ഇതിനെ മുതലെടുക്കാന്‍ കെല്‍പ്പുള്ള നിരയാണ് ഇന്ത്യയുടേത്.

പാകിസ്താനെതിരേ വമ്പന്‍ ജയം നേടി സൂപ്പര്‍ 8ലേക്കുള്ള സീറ്റ് എളുപ്പത്തിലാക്കുകയെന്നതാവും ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയോട് തോറ്റാല്‍ പാകിസ്താന്റെ സൂപ്പര്‍ 8 സാധ്യതകള്‍ മങ്ങും. അതുകൊണ്ടുതന്നെ വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാവും പാകിസ്താന്‍ ഇന്ത്യക്കെതിരേ ഇറങ്ങുക. പാകിസ്താന്റെ പേസര്‍മാര്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

ഇതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോകാന്‍ അവര്‍ക്ക് സാധിക്കുമോയെന്നത് കണ്ടറിയണം. ഇന്ത്യയോട് പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് പാകിസ്താനെങ്കിലും ഇത്തവണയും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്. ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് നിസംശയം പറയാം.

Story first published: Friday, June 7, 2024, 11:41 [IST]
Other articles published on Jun 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+