ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ ക്ലൈമാക്‌സിലേക്കു എത്തിനില്‍ക്കുകയാണ്. സൂപ്പര്‍ എട്ടിലെ ടീമുകള്‍ ആരൊക്കെയാവുമെന്നു ഏറെക്കുറെ ചിത്രം തെളിഞ്ഞിട്ടുണ്ട്. ആറു ടീമുകളാണ് ഇതിനകം സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുന്നത്. ശേഷിച്ച രണ്ടു ടീമുകള്‍ ആരൊക്കെയാണെന്നു മാത്രമേ ഇനി അറിയാനുള്ളൂ. സൂപ്പര്‍ എട്ടിലെ ടീമുകളില്‍ നിന്നും ആരൊക്കെയാവും ഫൈനലില്‍ എത്തുകയെന്നു പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.
ഗ്രൂപ്പ് എയില്‍ നിന്നും ഇന്ത്യ, അമേരിക്ക, ഗ്രൂപ്പ് ബിയില്‍ നിന്നും ഓസ്‌ട്രേലിയ, ഗ്രൂപ്പ് സിയില്‍ നിന്നും അഫ്ഗാനിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ഗ്രൂപ്പ് ഡിയില്‍ നിന്നും സൗത്താഫ്രിക്ക എന്നിവരാണ് സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുത്തിരിക്കുന്ന ടീമുകള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ആരൊക്കെ തമ്മിലാവും ഫൈനലെന്നു ഹോഗ് പ്രവചിച്ചത്.

സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവര്‍ക്കു തങ്ങളുടെ ഗ്രൂപ്പില്‍ ലഭിച്ചിരിക്കുന്ന ടീമുകള്‍ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് (ഇനിയും യോഗ്യത നേടിയില്ല) എന്നിവരായിരിക്കും. അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയും ഇന്ത്യയും സെമി ഫൈനലിലേക്കു മുന്നേറിയേക്കും. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നു നമുക്കു പ്രതീക്ഷിക്കാം.
ഇതു നടക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഗ്രാന്റ് ഫൈനലിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. തീര്‍ച്ചയായും അതു തന്നെ സംഭവിക്കണമെന്നു ആഗ്രഹിക്കുന്നതായും ഹോഗ് വ്യക്തമാക്കി.
ഇന്ത്യക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കു മുന്‍തൂക്കമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനുള്ള കാരണം ഹോഗ് ചൂണ്ടിക്കാണിക്കുകയും ചെയ്തു. സൂപ്പര്‍ എട്ടിലെ ഓസ്‌ട്രേലിയ- ഇന്ത്യ മല്‍സരത്തില്‍ മുന്‍തൂക്കം ഓസീസിനായിരിക്കും. കാരണം വെസ്റ്റ് ഇന്‍ഡീസിലെ സ്ലോ പിച്ചിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്. ഇവിടെ ബാറ്റിങ് വളരെ ബുദ്ധിമുട്ടാണ്.
എന്നാല്‍ ഇന്ത്യന്‍ ടീം ന്യൂയോര്‍ക്കില്‍ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ കളിച്ച ശേഷമാണ് വരുന്നത്. അവിടെ അല്‍പ്പം സീം മൂവ്‌മെന്റുണ്ടായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു താളം ലഭിച്ചിരുന്നില്ല. മാത്രമല്ല ഐപിഎല്ലില്‍ ഒരുപാട് ഫ്‌ളാറ്റ് പിച്ചുകളില്‍ കളിച്ച ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ വരവെന്നും ഹോഗ് വിലയിരുത്തി.
കഴിഞ്ഞ വര്‍ഷം രണ്ടു ഐസിസി ഫൈനലുകളില്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ത്തിരുന്നു. രണ്ടിലും ഇന്ത്യയെ തറപറ്റിച്ച് ഓസീസ് കിരീടം ചൂടുകയും ചെയ്തു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലായിരുന്നു ആദ്യ കലാശപ്പോര്. അതിനു ശേഷം ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ കര്‍ത്തുവിടാന്‍ ഓസീസിനായിരുന്നു.

അതേസമയം, അപരാജിത കുതിപ്പ് നടത്തിയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒരു കളി ബാക്കിനില്‍ക്കെ സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഹാട്രിക്ക് ജയം കൊയ്താണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും മുന്നേറ്റം. തികച്ചും ഏകപക്ഷീയമായ ആദ്യ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ എട്ടു വിക്കറ്റിനു തകര്‍ത്തായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യ അക്കൗണ്ട് തുറന്നത്.
ചിരവൈരികളായ പാകിസ്താനെതിരേയുള്ള ത്രില്ലറിലാവട്ടെ ആറു റണ്‍സിനു ഇന്ത്യ കഷ്ടിച്ചു ജയിച്ചു കയറുകയായിരുന്നു. മൂന്നാമത്തെ മല്‍സരത്തില്‍ അമേരിക്കയ്‌ക്കെതിരേയും ചെറുതായൊന്നു പതറിയ ശേഷമാണ് ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയം കൊയ്തത്.
മറുഭാഗത്ത് ഓസ്‌ട്രേലിയയാവട്ടെ മിച്ചെല്‍ മാര്‍ഷിനു കീഴില്‍ ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായി മൂന്നു ആധികാരിക വിജയങ്ങളാണ് സ്വന്തമാക്കിയത്. ഒമാനെ 39 റണ്‍സിനാണ് ആദ്യ മല്‍സരത്തില്‍ കംഗാരുപ്പട തുരത്തിയത്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെതിരേയും ഓസീസ് കരുത്തുകാട്ടി. 200 പ്ലസ് പിറന്ന കളിയില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിനു ഓസീസ് കെട്ടുകെട്ടിച്ചു. അവസാന കളിയില്‍ നമീബിയയെ ഓസീസ് വാരിക്കളയുകയായിരുന്നു. ഒമ്പതു വിക്കറ്റിന്റെ വിജയമാണ് മുന്‍ ജേതാക്കള്‍ കൈക്കലാക്കിയത്.