For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ലോകകപ്പിന് പുല്ലുവിലയോ? തയ്യാറെടുപ്പിന് ഒരവസരം മാത്രം! ടീം ഇന്ത്യ പേടിക്കണം

ടി20 ലോകകപ്പിനു ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ ടീം ഇന്ത്യയെ സംബന്ധിച്ച് അത്ര ആഹ്ലാദകരമായ കാര്യങ്ങളല്ല പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി അടുത്ത മാസം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ഒരേയൊരു സന്നാഹ മല്‍സരം മാത്രമേയുള്ളൂവെന്നതാണ് നിരാശാജനകമായ കാര്യം. അമേരിക്കയിലെ പിച്ചും സാഹചര്യങ്ങളുമായെല്ലാം പൊരുത്തപ്പെടാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കില്ലെന്നത് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ടൂര്‍ണമെന്‍റില്‍ ക്ഷീണമായേക്കും.

ഒരു സന്നാഹ മല്‍സരം മാത്രമേ ഇന്ത്യക്കു ഉണ്ടാവുകയുള്ളൂവെന്നു ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മല്‍സരം ന്യൂയോര്‍ക്കില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. എതിരാളികള്‍ ആരാവുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ജൂണ്‍ 15നു അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കാനഡയുമായി ഇന്ത്യക്കു മല്‍സരമുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഇന്ത്യക്കു സന്നാഹവും കളിക്കാമെന്ന നിര്‍ദേശമാണ് ഐസിസിയും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിനുമുള്ളത്.

ROHIT- DRAVID

പക്ഷെ ബിസിസിഐയ്ക്കു ഇതിനോടു താല്‍പ്പര്യമില്ല. മല്‍സരം ന്യൂയോര്‍ക്കില്‍ മതിയെന്നാണ് അവരുടെ ആവശ്യം. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഇന്ത്യന്‍ ടീം ക്യാംപ് ചെയ്യുക. ഈ കാരണത്താല്‍ തന്നെ അവിടെ സന്നാഹ മല്‍സരം മതിയെന്നാണ് ബിസിസിഐ ചൂണ്ടിക്കാണിക്കുന്നത്. ഒരു സന്നാഹ മല്‍സരം കളിക്കുന്നതിനായി മാത്രം ന്യൂയോര്‍ക്കില്‍ നിന്നും ഫ്‌ളോറിഡയിലേക്കു യാത്ര ചെയ്യുന്നത് താരങ്ങളെ ക്ഷീണിതരാക്കുമെന്നതാണ് ഇതിന്റെ കാരണം. ന്യൂയോര്‍ക്കില്‍ നിന്നും ഫ്‌ളോറിഡയിലെത്താന്‍ രണ്ടു മണിക്കൂറും 45 മിനിറ്റും വേണം.

ലോകകപ്പ് മല്‍സരങ്ങള്‍ പോലെ തന്നെ ഇന്ത്യയുടെ സന്നാഹ മല്‍സരങ്ങള്‍ക്കും വലിയ വിപണിമൂല്യമാണുള്ളത്. അതുകൊണ്ടു തന്നെ ഇവ എല്ലായ്‌പ്പോഴും തല്‍സമയം സംപ്രേക്ഷണം ചെയ്യാറുമുണ്ട്. ഉയര്‍ന്ന വ്യുവര്‍ഷിപ്പ് കാരണം വലിയ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. 2015ലെ ലോകകപ്പിനു മുന്നോടിയായി ഇന്ത്യയും ഓസ്‌ട്രേലിയയും ഒരു സന്നാഹ മല്‍സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. ഈ മല്‍സരം ഇന്ത്യയില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഇതിന്റെ സംപ്രേക്ഷം ഇല്ലായിരുന്നു. ഇന്ത്യയുടെ സന്നാഹ മല്‍സരം പോലും ആരാധകരെ സംബന്ധിച്ച് എത്ര മാത്രം വലുതാണെന്നാണ് ഇതു ശരി വയ്ക്കുന്നത്.

വരാനിരിക്കുന്ന ടി20 ലോകകപ്പിലെ സന്നാഹ മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ ഐസിസി ഉടന്‍ പ്രഖ്യാപിക്കും. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരെക്കൂടാതെ മിക്ക ടീമുകളും രണ്ടു സന്നാഹ മല്‍സരങ്ങളെങ്കിലും ലോകകപ്പിനു മുമ്പ് കളിക്കുന്നുണ്ട്. ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ നാലു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു തയ്യാറെടുക്കുകയാണ്. ഈ മാസം 30നാണ് ഈ പരമ്പര അവസാനിക്കുക.

ജൂണ്‍ ഒന്നിനാണ് 20 ടീമുകള്‍ അണിനിരക്കുന്ന ടി20 ലോകകപ്പിനു തുടക്കമാവുന്നത്. അതുകൊണ്ടു തന്നെ മേയ് 25, 26, തിയ്യതികളിലായിരിക്കും സന്നാഹ മല്‍സരങ്ങള്‍ നടന്നേക്കുക. ഐപിഎല്ലിന്റെ ഫൈനല്‍ ഈ മാസം 26നാണ്. ഐപിഎല്ലിന്റെ ലീഗ് ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയുടെ ആദ്യത്തെ സംഘം ഈ മാസം 21ന് യാത്ര തിരിച്ചേക്കും. എന്നാല്‍ 26നു നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ കളിക്കുന്ന ടീമുകളിലെ താരങ്ങള്‍ അതിനു ശേഷം മാത്രമേ യാത്ര പുറപ്പെടുകയുള്ളൂ.

ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം അമേരിക്കയിലാണ്. നോക്കൗട്ട് മുതലുള്ള മല്‍സരങ്ങളാണ് വിന്‍ഡീസില്‍ നടക്കുക. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ അങ്കം. 9ന് ചിരവൈരികളായ പാകിസ്താനെയും 12ന് അമേരിക്കയെയും 15ന് കാനഡയെയും ഇന്ത്യ നേരിടും.

Story first published: Wednesday, May 15, 2024, 12:22 [IST]
Other articles published on May 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+