ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ആരു നയിക്കുമെന്ന സസ്‌പെന്‍സ് ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. സൗരാഷ്ട്രയില്‍ നടന്ന ഒരു ചടങ്ങില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. രോഹിത് ശര്‍മയായിക്കും ടീമിനെ നയിക്കുകയെന്നും അദ്ദേഹത്തിനു കീഴില്‍ ടീം ചാംപ്യന്‍മാരാവുമെന്നു ആത്മവിശ്വാസമുണ്ടെന്നും ജയ് ഷാ വ്യക്തമാക്കി.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യ കളിക്കുകയെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. രോഹിത്തും വിരാട് കോലിയും ഇനി ടി20 ഫോര്‍മാറ്റില്‍ കളിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു മാസത്തിനിടെ എല്ലാം മാറിമറിയുകയായിരുന്നു. അഫ്ഗാനിസ്താനുമായി ജനുവരിയില്‍ നടന്ന ടി20 പരമ്പരയിലൂടെ രണ്ടു പേരും ടീമിലേക്കു മടങ്ങിയെത്തുകയായിരുന്നു.

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനു പകരം രോഹിത്തിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചത് തീര്‍ച്ചയായും മികച്ച തീരുമാനം തന്നെയാണ്. എന്തൊക്കെയാണ് ഇതിനുള്ള മൂന്നു കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം.
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നതാണ് ആദ്യത്തെ കാരണം. 2022ല്‍ ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പിലും ഹിറ്റ്മാന് കീഴിലാണ് ഇന്ത്യ കളിച്ചത്. പക്ഷെ ഈ ടൂര്‍ണമെന്റില്‍ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനു നാണംകെട്ടാണ് ഇന്ത്യ മടങ്ങിയത്. ടൂര്‍ണമെന്റിലുടനീളം അത്ര പോസിറ്റീവായ ക്രിക്കറ്റ് കാഴ്ചവയ്ക്കാനും രോഹിത്തിനു കീഴില്‍ ടീമിനായില്ല.
പക്ഷെ പിന്നീട് കൂടുതല്‍ അഗ്രസീവായ ക്രിക്കറ്റാണ് ടീം കാഴ്ചവച്ചത്. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ രോഹിത്തിനു സാധിച്ചു. അതിനു ശേഷം ലോകകപ്പില്‍ അദ്ദേഹം ടീമിനെ റണ്ണറപ്പുമാക്കി. ഒരു കളി പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നായകനെന്ന നിലയില്‍ രോഹിത് വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഇവയെല്ലാം തെളിയിക്കുന്നത്.
രണ്ടാമത്തെ കാരണം ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യ അവസാനമായി വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ച ടി20 പരമ്പരയില്‍ പരാജയപ്പെട്ടിരുന്നുവെന്നതാണ്. കഴിഞ്ഞ വര്‍ഷം പകുതിയോടെയായിരുന്നു വിന്‍ഡീസില്‍ ഇന്ത്യ അഞ്ചു ടി20കളുടെ പരമ്പര കളിച്ചത്. ഈ പരമ്പര ഇന്ത്യ തൂത്തുവാരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

പക്ഷെ ഇന്ത്യയെ ഞെട്ടിച്ച് വിന്‍ഡീസ് പരമ്പര തട്ടിയെടുക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് ഇനിയും മുന്നോട്ടു പോവാനുണ്ടെന്നു തന്നെയാണ് ഇതു കാണിച്ചുതരുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ സംയുക്ത ആതിഥേയര്‍ കൂടിയാണ് വിന്‍ഡീസ്. ഈ കാരണത്താല്‍ തന്നെ ഹാര്‍ദിക്കിനു പകരം രോഹിത്തില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത് തീര്‍ച്ചയായും മികച്ച നീക്കം തന്നെയാണ്.
ലോകകപ്പിനു തൊട്ടുമുമ്പ് ടി20 ഫോര്‍മാറ്റില്‍ രോഹിത് ബാറ്റിങിലെ ഫോം വീണ്ടെടുത്തുവെന്നതാണ് മൂന്നാമത്തെ കാരണം. അഫ്ഗാനിസ്താനെതിരേ ഇന്ത്യ അവസാനമായി കളിച്ച ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹിറ്റ്മാന്‍ കാഴ്ചവച്ചത്. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ രണ്ടു സൂപ്പര്‍ ഓവറുകളിടക്കം മൂന്നു തവണ ബാറ്റ് ചെയ്ത രോഹിത് അഫ്ഗാന്‍ ബൗളര്‍മാരെ തല്ലിച്ചതയ്ക്കുകയും ചെയ്തു.
ഡബിള്‍ സൂപ്പര്‍ ഓവറുകള്‍ക്കൊടുവില്‍ ഇന്ത്യ ത്രില്ലിങ് വിജയം സ്വന്തമാക്കിയപ്പോള്‍ ഹീറോയായതും അദ്ദേഹം തന്നെയാണ്. സ്വന്തം ഫോമും അഗ്രസീവായ ക്യാപ്റ്റന്‍സിയുമെല്ലാം വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്തിനെ ഏറ്റവും മിച്ച ഓപ്ഷനാക്കി മാറ്റുകയും ചെയ്യുന്നു. ഏകദിന ലോകകപ്പിലേതു പോലെ ടൂര്‍ണമെന്റിലുടനീളം പോസിറ്റീവ് ക്രിക്കറ്റ് കാഴ്ചവയ്ക്കാനായാല്‍ രോഹിത്തിനും സംഘത്തിനും ടി20 ലോകകപ്പുമായി നാട്ടിലേക്കു മടങ്ങാം.