കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ എട്ട് പോരാട്ടം ഇന്ന് തുടങ്ങുകയാണ്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. സെമി ലക്ഷ്യമിട്ടിറങ്ങുന്ന രണ്ട് ടീമിനും ജയം ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് വിരാട് കോലിയുടെ മോശം ഫോമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമാണ് കോലി നേടിയത്.
ഓപ്പണര്‍ റോള്‍ കോലിക്ക് നല്‍കിയപ്പോള്‍ പ്രകടനം നിരാശപ്പെടുത്തുകയാണ്. സൂപ്പര്‍ എട്ടില്‍ കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന ആവശ്യം പലരും മുന്നോട്ട് വെക്കുന്നുണ്ട്. ഇപ്പോഴിതാ കോലിയെവെച്ചുള്ള പരീക്ഷണം അവസാനിപ്പിക്കണമെന്നും കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്. 'ഞാന്‍ എപ്പോഴും പറയുന്നതാണ് വിരാട് കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം.
ഇത്തരത്തിലുള്ള പിച്ചുകളില്‍ കോലിക്ക് മൂന്നാം നമ്പര്‍ നല്‍കുന്നതാണ് നല്ലത്. ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും ആവശ്യ ഘട്ടത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനും കോലിക്ക് കഴിവുണ്ട്. മൂന്നാം നമ്പറില്‍ കളിച്ച് മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ കോലിയെക്കാളും മികച്ച മറ്റൊരു താരവുമില്ല. അമേരിക്കയ്‌ക്കെതിരേ കോലി ഗോള്‍ഡന്‍ ഡെക്കായത് നിരാശപ്പെടുത്തുന്നില്ല. കാരണം അമേരിക്ക അല്‍പ്പം ദുര്‍ബലരായ ടീമാണ്. അതുകൊണ്ടുതന്നെ ആധിപത്യം നേടിയെടുക്കാനാണ് കോലി ശ്രമിച്ചത്.
ആദ്യത്തെ ആ ഷോട്ട് തന്നെ ക്ലിക്കായിരുന്നെങ്കില്‍ കളി മാറിയേനെ' ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഗ്രൂപ്പ് ഘട്ടം അമേരിക്കയില്‍ കളിച്ചാണ് ഇന്ത്യ സൂപ്പര്‍ എട്ട് കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിലേക്കെത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യ അമേരിക്കയില്‍ കളിച്ചിട്ടുണ്ടെങ്കിലും പിച്ചിന്റെ ഇപ്പോഴത്തെ സ്വഭാവം എങ്ങനെയാണെന്ന് പറയാനാവില്ല. കോലി ഓപ്പണറായി ഇറങ്ങുമ്പോള്‍ ആക്രമിച്ച് കളിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അങ്ങനെ വരുമ്പോള്‍ പതിവ് ശൈലി മാറുന്നു.

കോലി പൊതുവേ അല്‍പ്പനേരമെടുത്ത് പിച്ച് പഠിച്ച് പതിയെ റണ്‍സുയര്‍ത്തുന്ന താരമാണ്. നിലയുറപ്പിച്ചാല്‍ കോലിയെ പുറത്താക്കാന്‍ വളരെ കടുപ്പമാണ്. മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ ഓപ്പണര്‍മാരുടെ പ്രകടനം വിലയിരുത്തി പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ കോലിക്ക് സാധിക്കും. അതുകൊണ്ടുതന്നെ മൂന്നാം നമ്പറിലേക്ക് കോലി തിരിച്ചുപോകുന്നതാണ് നല്ലത്. കോലിയുടെ മോശം ഫോം രോഹിത് ശര്‍മയേയും സമ്മര്‍ദ്ദത്തിലാക്കുന്നു.
കോലി മൂന്നാം നമ്പറിലേക്ക് പോവുകയും യശ്വസി ജയ്‌സ്വാള്‍ ഓപ്പണറാവുകയും ചെയ്താല്‍ ഇന്ത്യക്ക് ഇടത്, വലത് കൂട്ടുകെട്ട് ലഭിക്കുകയും ചെയ്യും. ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ കടന്നാക്രമിക്കുന്ന താരങ്ങളിലൊരാളാണ്. ഇതിന് മുമ്പ് തന്റെ മികവ് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് ജയ്‌സ്വാളിന്റേത്. അതുകൊണ്ടുതന്നെ സൂപ്പര്‍ എട്ടില്‍ ജയ്‌സ്വാളിനെ ഇന്ത്യ ഓപ്പണര്‍ റോളിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്.
കോലിയും രോഹിത്തും ഫോമിലേക്കെത്തിയില്ലെങ്കില്‍ അഫ്ഗാനെതിരേ ഇന്ത്യ വിയര്‍ത്തേക്കും. ഇവര്‍ രണ്ട് പേരുമാണ് ഇന്ത്യയുടെ നട്ടെല്ലുകള്‍. ഇവര്‍ പെട്ടെന്ന് പുറത്തായാല്‍ എതിര്‍ ടീമിനത് ആത്മവിശ്വാസം നല്‍കും. ഓപ്പണറായി ഇറങ്ങുമ്പോള്‍ പവര്‍പ്ലേ മുതലാക്കുന്ന തരത്തില്‍ കടന്നാക്രമിച്ച് കളിക്കേണ്ടത് അത്യാവശ്യമാണ്. അവിടെ മറ്റ് ഗെയിം പ്ലാനുകള്‍ക്ക് സാധ്യതകളില്ല. അതേ സമയം മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിക്കും.
നിലവിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ കോലി മൂന്നാം നമ്പറിലേക്ക് തിരിച്ചുവരണം. റിഷഭ് പന്ത് മൂന്നാം നമ്പറില്‍ ശോഭിക്കുന്നുണ്ട്. എന്നാല്‍ റിഷഭ് പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ കോലിയെ മൂന്നാം നമ്പറിലേക്ക് ഇന്ത്യ മാറ്റാന്‍ സാധ്യത കൂടുതലാണ്. അഫ്ഗാന്റെ ബൗളിങ് കരുത്തും ബാറ്റിങ് കരുത്തും ശക്തമാണ്. അവസാന പരമ്പരയില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്നുറപ്പ്.