Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: അട്ടിമറി മോഹം നടന്നില്ല, നേപ്പാളിനെ എറിഞ്ഞിട്ട് ബംഗ്ലാദേശ്; സൂപ്പര്‍ എട്ടില്‍

സെന്റ് വിന്‍സെന്റ്: ടി20 ലോകകപ്പില്‍ ഇത്തവണ സൂപ്പര്‍ എട്ടിലെത്തുന്ന അവസാനത്തെ ടീം ആരാവുമെന്ന സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. ബംഗ്ലാദേശാണ് സൂപ്പര്‍ എട്ടിലേക്കു ഏറ്റവും ഒടുവിലായി ടിക്കറ്റെടുത്തിരിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ ഏഷ്യന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നേപ്പാളിനെ 21 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ തുരത്തിയത്. ഇതോടെ ഇന്ത്യയുള്‍പ്പെട്ട സൂപ്പര്‍ എട്ടിലെ ആദ്യ ഗ്രൂപ്പില്‍ ബംഗ്ലാദേശ് ഇടം പിടിക്കുകയും ചെയ്തു. ഗ്രൂപ്പിലെ മറ്റു ടീമുകള്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ എന്നിവരാണ്.

ബൗളിങ് മികവിലാണ് നേപ്പാളിനെ ബംഗ്ലാദേശ് തീര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ബംഗ്ലാദേശിനെ മൂന്നു ബോള്‍ ബാക്കിനില്‍ക്കെ 106 റണ്‍സില്‍ എറിഞ്ഞിടാന്‍ നേപ്പാളിനായിരുന്നു. ഇതോടെ ഒരു അട്ടിമറി വിജയവും അവര്‍ സ്വപ്‌നം കണ്ടു. എന്നാല്‍ ബംഗ്ലാദേശും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ നേപ്പാള്‍ തരിപ്പണമായി. 19.2 ഓവറില്‍ വെറും 85 റണ്‍സിനാണ് നേപ്പാളിനെ ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്.

BANGLADESH

ലോവര്‍ ഓര്‍ഡറില്‍ കുശാല്‍ മല്ല (27), ദീപേന്ദ്ര സിങ് (25) എന്നിവര്‍ ചെറുത്തു നിന്നതൊഴിച്ചാല്‍ മറ്റാരും നേപ്പാള്‍ ബാറ്റിങ് ലൈനപ്പില്‍ 20 റണ്‍സ് കടന്നില്ല. 17 റണ്‍സെടുത്ത ഓപ്പണര്‍ ആസിഫ് ഷെയ്ഖാണ് രണ്ടക്കത്തിലെത്തിയ മറ്റൊരാള്‍. നാലു മുന്‍നിര വിക്കറ്റുകള്‍ കടപുഴക്കിയ പേസര്‍ തന്‍സിം ഹസന്‍ ഷാക്വിബാണ് നേപ്പാളിന്റെ കഥ കഴിച്ചത്. മൂന്നു പേരെ പുറത്താക്കിയ മുസ്തിഫുര്‍ റഹ്മാന്‍ മികച്ച പിന്തുണയേകി. ഷാക്വിബുല്‍ ഹസന് രണ്ടു വിക്കറ്റുകളും ലഭിച്ചു.

നാലോവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് തന്‍സിം നാലു പേരെ മടക്കിയത്. റണ്‍ചേസില്‍ നേപ്പാളിനെ ഒരിക്കല്‍പ്പോലും ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് അവര്‍ നേപ്പാളിനെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു. ഏഴാം ഓവര്‍ ആവുമ്പോഴേക്കും അഞ്ചു വിക്കറ്റിനു 26 റണ്‍സിലേക്കു അവര്‍ കൂപ്പുകുത്തി. നേപ്പാളിനു പിന്നീടൊരു തിരിച്ചുവരവ് ദുഷ്‌കരമായിരുന്നു.

ആറാം വിക്കറ്റില്‍ മല്ല- സിങ് സഖ്യം 52 റണ്‍സിന്റെ കൂട്ടുകെട്ടുമായി നേപ്പാളിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നെങ്കിലും ടീം സ്‌കോര്‍ 78ല്‍ വച്ച് മല്ല പുറത്തായതോടെ ബംഗ്ലാദേശ് പിടിമുറുക്കുകയും വാലറ്റത്തെ വേഗത്തില്‍ ചുരുട്ടികെട്ടുകയുമായിരുന്നു. തന്‍സിം ഹസനാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തേ ബംഗ്ലാദേശിനെ ഉജ്ജ്വല ബൗളിങിലൂടെയാണ് നേപ്പാള്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടിയത്. ഒരാളെപ്പോലും 20 റണ്‍സ് പിന്നിടാന്‍ അവര്‍ അനുവദിച്ചില്ല. 17 റണ്‍സെടുത്ത ഷാക്വിബുല്‍ ഹസനാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. മഹമ്മുദുള്ളയും റിഷാദ് ഹൊസെയ്‌നും 13 റണ്‍സ് വീതമെടുത്തപ്പോള്‍ ജേക്കര്‍ അലിയും ടസ്‌കിന്‍ അഹമ്മദും 12 റണ്‍സ് വീതവും നേടി. നേപ്പാളിനായി സോംപാല്‍ കാമി, ദീപേന്ദ്ര സിങ്, നായകന്‍ രോഹിത് പൗഡേല്‍, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ രണ്ടു വീതം വീക്കറ്റുകള്‍ നേടി.

ജയത്തോടെ ശ്രീലങ്കയ്ക്കു മടക്കം

സെന്റ് ലൂസിയ: മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക ജയത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിച്ചു. ഗ്രൂപ്പ് ഡിയിലെ തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ 83 റണ്‍സിനാണ് ലങ്ക നിഷ്പ്രഭരാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ആറു വിക്കറ്റിനു 201 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. 46 റണ്‍സ് വീതമെടുത്ത കുശാല്‍ മെന്‍ഡിസും ചരിത് അസലെന്‍കയുമാണ് ടീമിന്റെ പ്രധാന സ്‌കോറര്‍മാര്‍. ധനഞ്ജയ ഡിസില്‍വ 34ഉം ആഞ്ചലോ മാത്യൂസ് പുറത്താവാതെ 30ഉം റണ്‍സെടുത്തു.

മറുപടിയില്‍ നെതര്‍ലാന്‍ഡ്‌സ് പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുകയായിരുന്നു. 16.4 ഓവറില്‍ 118 റണ്‍സിനു അവര്‍ കൂടാരം കയറി. 31 റണ്‍സ് വീതമെടുത്ത മൈക്കല്‍ ലെവിറ്റ്, ക്യാറ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. ലങ്കയ്ക്കായി നുവാന്‍ തുഷാര മൂന്നും ക്യാപ്റ്റന്‍ വനിന്ദു ഹസരംഗ, മതീശ പതിരാന എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.

Story first published: Monday, June 17, 2024, 9:04 [IST]
Other articles published on Jun 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+