ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിലേക്കാണ്. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. ഇതിന് മറുപടി പറയാനുറച്ചാവും ഇത്തവണ പാകിസ്താനിറങ്ങുക. അതുകൊണ്ടുതന്നെ പോരാട്ടം ആവേശകരമാകുമെന്നുറപ്പ്. 9ന് ന്യൂയോര്‍ക്കിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചിരവൈരി പോരാട്ടം. ഇതിനോടകം രണ്ട് ടീമുകളും അവസാന ഘട്ട പടയൊരുക്കവും പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇപ്പോഴിതാ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് പാകിസ്താന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് നായകനായ ബാബര്‍ ആസം. 'ഇന്ത്യ-പാക് മത്സരം മറ്റ് എല്ലാ മത്സരങ്ങളെക്കാളും കൂടുതല്‍ ചര്‍ച്ചയാകുന്ന മത്സരമാണ്. ലോകത്ത് എവിടെപ്പോയാലും ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കും. എല്ലാവരും അവരുടെ രാജ്യത്തെ പിന്തുണക്കും. എല്ലാ ആരാധകരും ഈ മത്സരത്തിലേക്ക് ഉറ്റുനോക്കുകയാണ്. തീര്‍ച്ചയായും ഈ മത്സരത്തിന്റെ പ്രചാരവും ആരാധക പിന്തുണയും സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ്.
അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധിക്കുകയെന്നതും സമ്മര്‍ദ്ദത്തെ നന്നായി കൈകാര്യം ചെയ്യുകയെന്നതുമാണ് പ്രധാനപ്പെട്ട കാര്യം. പദ്ധതികളില്‍ വിശ്വസിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും. വലിയ സമ്മര്‍ദ്ദം ഉണ്ടാവുമെന്നതിനാല്‍ ചിന്തകളെ ശാന്തമാക്കി വെക്കാന്‍ സാധിക്കണം. കഴിവുകളെ വിശ്വസിച്ച് കഠിനമായി അധ്വാനിക്കണം. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവും' ബാബര്‍ പറഞ്ഞു. ഇത്തവണ രണ്ട് ടീമുകള്‍ക്കും പരിചയമില്ലാത്ത ന്യൂയോര്‍ക്കിലാണ് മത്സരം നടക്കുന്നത്.
അതുകൊണ്ടുതന്നെ മികച്ച പോരാട്ടം കാഴ്ചവെക്കുന്ന ടീമാവും ജയിക്കുക. ഇന്ത്യയാണ് ഫേവറേറ്റുകളെങ്കിലും പാകിസ്താനെ ഇത്തവണ ഭയക്കണം. കാരണം പാകിസ്താന്റെ ബൗളിങ് നിര അതിശക്തമാണ്. ഷഹിന്‍ ഷാ അഫ്രീദി, മുഹമ്മദ് അമീര്‍, നസിം ഷാ, ഹാരിസ് റഊഫ് എന്നിവരെല്ലാം ചേരുന്ന പാകിസ്താന്‍ ബൗളിങ് നിര ഏത് വമ്പന്‍ ടീമിനേയും വിറപ്പിക്കുന്നവരാണ്. ടീമിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും മികച്ചതായതിനാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര പ്രയാസപ്പെടും.

2022ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ജയം വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലായിരുന്നു. കോലി തകര്‍പ്പന്‍ പ്രകടനം നടത്തിയില്ലായിരുന്നെങ്കില്‍ പാകിസ്താന്‍ ഈ മത്സരം ജയിക്കുമായിരുന്നു. ഇപ്പോഴിതാ പാകിസ്താന്റെ ഈ തോല്‍വിയാണ് നിരാശപ്പെടുത്തിയതെന്നാണ് ബാബര്‍ ആസം പറയുന്നത്. '2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ ഞങ്ങള്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ ഈ മത്സരം പിടിച്ചെടുത്തു. ഏറ്റവും നിരാശപ്പെടുത്തിയത് സിംബാബ് വെയോട് തോറ്റതാണ്.
ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്തിയ ശേഷം സിംബാബ് വെയോട് തോറ്റത് വളരെ നിരാശയുണ്ടാക്കി' ബാബര്‍ പറഞ്ഞു. ഇന്ത്യ ഇത്തവണ സംതുലിതമായ താരനിരയാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. കത്തിക്കയറാന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരെല്ലാമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്.
പാകിസ്താന്റെ പ്രശ്‌നം ബാറ്റിങ് നിരയിലാണ്. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാകിസ്താന്റെ ബാറ്റിങ് നിര ശോഭിച്ചാല്‍ എറിഞ്ഞ് പിടിക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ അവര്‍ക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇത്തവണ ശക്തമായ പോരാട്ടം നേരിടേണ്ടി വരുമെന്നുറപ്പാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് മുകളിലും വലിയ സമ്മര്‍ദ്ദമാണുള്ളത്. നായകനെന്ന നിലയില്‍ രോഹിത്തിന്റെ അവസാന ടി20 ലോകകപ്പായിരിക്കും ഇത്.
അതുകൊണ്ടുതന്നെ പാകിസ്താനെ തോല്‍പ്പിക്കേണ്ടത് രോഹിത്തിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്തായാലും മികച്ച പോരാട്ടം തന്നെ ഇത്തവണത്തെ ഇന്ത്യ-പാക് പോരാട്ടത്തില്‍ പ്രതീക്ഷിക്കാം. ബാബറും രോഹിത്തും നായകന്മാരായി നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയം നേടുമെന്നതാണ് കണ്ടറിയേണ്ടത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു.