T20 World Cup 2024: കപ്പെന്തിന്? ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ബാബര്‍! കിടു നേട്ടം
ടി20 ലോകകപ്പില്‍ വീണ്ടുമൊരു എഡിഷനില്‍ കൂടി കിരീടമില്ലാതെ മടങ്ങേണ്ടി വന്നെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് പാകിസ്താന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. കഴിഞ്ഞ ദിവസം അയര്‍ലാന്‍ഡിനതിരേ ഫ്‌ളോറിഡയില്‍ നടന്ന മല്‍സരത്തിലെ പ്രകടനത്തോടെയാണ് അദ്ദേഹം ഗംഭീര നേട്ടത്തിനു അവകാശിയായത്. പാകിസ്താന്‍ കഷ്ടിച്ചു രക്ഷപ്പെട്ട മല്‍സരത്തില്‍ പുറത്താവാതെ 32 റണ്‍സ് ബാബര്‍ സ്‌കോര്‍ ചെയ്തിരുന്നു. 34 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ രണ്ടു ഫോറുകളുണ്ടായിരുന്നു.
സാക്ഷാല്‍ എംഎസ് ധോണിയുടെ പേരിലുള്ള ഓള്‍ടൈം റെക്കോര്‍ഡാണ് ബാബര്‍ തകര്‍ത്തിരിക്കുന്നത്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റലുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ക്യാപ്റ്റനെന്ന റെക്കോര്‍ഡ് നേരത്തേ ധോണിക്കായിരുന്നു. 29 ഇന്നിങ്‌സുകളില്‍ നിന്നും 529 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതാണ് ബാബര്‍ പഴങ്കഥയാക്കിയത്. ധോണിയേക്കാള്‍ 12 ഇന്നിങ്‌സുകള്‍ കുറച്ചു മാത്രമേ അദ്ദേഹത്തിനു വേണ്ടി വരികയും ചെയ്തുള്ളൂ.

17 ഇന്നിങ്‌സുകളില്‍ നിന്നും 549 റണ്‍സുമായിട്ടാണ് ധോണിയെ ഓവര്‍ടേക്ക് ചെയ്ത് ബാബര്‍ പുതിയ കിങായി മാറിയിരിക്കുന്നത്. ആ ലിസ്റ്റിലെ മൂന്നാമന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ്. 19 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം 527 റണ്‍സെടുത്തിട്ടുണ്ട്.
ഈ ലോകകപ്പില്‍ ധോണിയെ ഓവര്‍ടേക്ക് ചെയ്യാന്‍ വില്ല്യംസണിനു ഇനിയും അവസരമുണ്ട്. കാരണം ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനു ഇനിയുമൊരു കളി കൂടി ബാക്കിയുള്ളതിനാല്‍ വില്ലിക്കു മുന്നില്‍ കയറാന്‍ സാധിച്ചേക്കും. മോശമല്ലാത്ത ഒരിന്നിങ്‌സ് കളിച്ചാല്‍ ബാബറിനെയും മറികടക്കാന്‍ അദ്ദേഹത്തിനു കഴിയും.
വില്ല്യംസണിനു ശേഷം ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് രണ്ടു മുന്‍ ക്യാപ്റ്റന്‍മാരാണ്. ഒരാള്‍ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെയാണെങ്കില്‍ മറ്റൊരാള്‍ സൗത്താഫ്രിക്കയുടെ ഗ്രേയം സ്മിത്താണ്. ലങ്കയ്ക്കായി 11 ഇന്നിങ്‌സുകളില്‍ നിന്നും ജയവര്‍ധനെ നേടിയത് 360 റണ്‍സാണ്. സ്മിത്ത് സൗത്താഫ്രിക്കയ്ക്കായി 16 ഇന്നിങ്‌സുകളില്‍ നിന്നും 352 റണ്‍സും സ്‌കോര്‍ ചെയ്തു.
2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് പാകിസ്താന്‍ ടീമിനെ ബാബര്‍ ആദ്യമായി നയിച്ചത്. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ സെമി ഫൈനലില്‍ തോറ്റു പുറത്തായെങ്കിലും ടോപ്‌സ്‌കോററാവാന്‍ അദ്ദേഹത്തിനായിരുന്നു. ആറിന്നിങ്‌സുകളില്‍ നിന്നും 60.60 ശരാശരിയില്‍ 303 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 70 റണ്‍സായിരുന്നു.

2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ എഡിഷനില്‍ ബാബറിന്റെ പ്രകടനം മികച്ചതായിരുന്നില്ല. ടീം ഫൈനല്‍ വരെയെത്തിയെങ്കിലും അദ്ദേഹത്തിനു ഏഴിന്നിങ്‌സുകളില്‍ നിന്നും 124 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. ഒരു ഫിഫ്റ്റിയടക്കമാണിത്. ഇത്തവണത്തെ ടൂര്‍ണമെന്റിലും ബാബര്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയില്ല. നാലിന്നിങ്‌സുകളില്‍ നിന്നും 40.66 ശരാശരിയില്‍ 122 റണ്‍സ് നേടിയാണ് സൂപ്പര്‍ എട്ട് പോലും കാണാതെ അദ്ദേഹത്തിന്റെ മടക്കം.
അതേസമയം, പാകിസ്താന്‍ ടീം തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് ഇത്തവണ കാഴ്ചവച്ചത്. കഴിഞ്ഞ തവണത്തെ റണ്ണറപ്പ് കൂടിയായ അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇന്ത്യുയുള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനെ അവര്‍ക്കായുള്ളൂ. രണ്ടു മല്‍സരങ്ങളില്‍ ജയിച്ച പാക് ടീം ശേഷിച്ച രണ്ടെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു.
ആദ്യ കളിയില്‍ അമേരിക്കയോടു സൂപ്പര്‍ ഓവറിനൊടുവില്‍ നേരിട്ട ഞെട്ടിക്കുന്ന തോല്‍വിയാണ് പാക് ടീമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പിന്നീട് ഇന്ത്യയോടു ആറു റണ്‍സിനും അവര്‍ പരാജയം സമ്മതിച്ചു. അതിനു ശേഷം കാനഡ, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേ ജയിച്ചെങ്കിലും സൂപ്പര്‍ എട്ടിലെത്താന്‍ ഇതു മതിയായിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications