പാകിസ്താനെതിരായേയുള്ള ടി20 ലോകകപ്പിലെ സൂപ്പര്‍ പേരാട്ടത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ഇന്ത്യക്കായി കാഴ്ചവച്ചത്. ആദ്യം ബാറ്റിങില്‍ ടോപ് ഓര്‍ഡറിലേക്കു പ്രമോട്ട് ചെയ്യപ്പെട്ട ശേഷം 20 റണ്‍സെടുത്ത (18 ബോള്‍, രണ്ട് ഫോര്‍, 1 സിക്‌സര്‍) അദ്ദേഹം പിന്നീട് ബൗളിങില്‍ രണ്ടോവറില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റുമെടുത്തിരുന്നു. ഉസ്മാന്‍ ഖാനെയാണ് അക്ഷര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.
ഈ മല്‍സരത്തില്‍ അക്ഷറിന്റെ രണ്ടാമത്തെ ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 16ാം ഓവറിലായിരുന്നു നായകന്‍ രോഹിത് ശര്‍മ അദ്ദേഹത്തെ രണ്ടാമത്തെ സ്‌പെല്ലിനായി വിളിച്ചത്. ഷദാബ് ഖാനും ഇമാദ് വസീമുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഓവറില്‍ സ്‌ട്രൈക്ക് നേരിട്ട ഷദാബ് രണ്ടാമത്തെ ബോളില്‍ സിംഗിളെടുത്തപ്പോള്‍ അടുത്ത നാലു ബോളുകളും നേരിട്ടത് വസീമാണ്.

ആദ്യത്തെ മൂന്നു ബോളിലും ബീറ്റ് ചെയ്യപ്പെട്ട വസീമിനു അവസാന ബോളിലാണ് സിംഗിളെടുക്കാനായത്. കട്ട് ഷോട്ടിനു വസീം ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും തുടരെ ബീറ്റ് ചെയ്യപ്പെടുകയായിരുന്നു. എന്തായിരുന്നു വസീമിനെതിരേ ബൗള്‍ ചെയ്യുമ്പോഴുള്ള തന്റെ പ്ലാനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷര്‍. മല്‍സരശേഷം ഡ്രസിങ് റൂമില്‍ വച്ച് ടീമംഗമായ യുസ്വേന്ദ്ര ചഹലുമായി സംസാരിക്കവെയായിരുന്നു ഇത്.
ഇമാദ് വസീമിനു ഷോട്ട് കളിക്കാനുള്ള റേഞ്ചില്‍ ബോള്‍ നല്‍കില്ലെന്നതായിരുന്നു എന്റെ പ്ലാന്‍. മിഡ് വിക്കറ്റിലൂടെ അദ്ദേഹം സിക്‌സറടിക്കണെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. കാറ്റും ആ ദിശയിലേക്കാണ് അപ്പോഴുണ്ടായിരുന്നത്. രോഹിത് ഭായിയുമായി ഞാന്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. പോയിന്റില്‍ രണ്ടു ഫീല്‍ഡര്‍മാര്‍ വേണമെന്നും പിറകെ സ്വീപ്പര്‍ ഏരിയയിലുള്ള ഫീല്‍ഡറെ കുറച്ച് അകത്തേക്കു നിര്‍ത്തണമെന്നും പറഞ്ഞിരുന്നു.
കട്ട് ചെയ്ത് കവര്‍ ഏരിയയിലേക്കു ഫോറടിച്ചാല്‍ കുഴപ്പമില്ല. കാരണം കളിക്കാന്‍ വളരെ ബുദ്ധിമുട്ടേറിയ ഷോട്ടായിരുന്നു അത്. ഞാന്‍ കണക്കുകൂട്ടിയതു പോലെ തന്നെ കാര്യങ്ങള്‍ നടക്കുകയും ഓവറും മികച്ചതായി മാറുകയും ചെയ്തു. ബോളും റണ്‍സും തമ്മിലുള്ള വ്യത്യാസം ഉയര്‍ന്നതോടെ അത് അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തതായും അക്ഷര്‍ വിശദമാക്കി.
നാലാം നമ്പറില്‍ ബാറ്റിങിനായി ഇറങ്ങിയപ്പോള്‍ എന്തായിരുന്നു തന്റെ പ്ലാനെന്നും അദ്ദേഹം വെളിപ്പെുത്തി. നാലാം നമ്പറിലാണ് ബാറ്റ് ചെയ്യേണ്ടതെന്നു അറിഞ്ഞപ്പോള്‍ പ്ലാന്‍ ചെയ്യാനുള്ള അവസരമൊന്നും എനിക്കു ലഭിച്ചിരുന്നില്ല. ബാറ്റിങിനായി ക്രീസിലെത്തിയപ്പോള്‍ എനിക്കു കാരങ്ങള്‍ എളുപ്പമായിരുന്നു. കാരണം ഞങ്ങളുടെ ക്യാപ്റ്റന്‍ (റിഷഭ് പന്ത്) അവിടെയുണ്ടായിരുന്നു. ക്രിക്കറ്റിനെ പറ്റിയൊന്നുമല്ല ഞങ്ങള്‍ സംസാരിച്ചത്.

തമാശയൊക്കെ പറഞ്ഞാണ് ഞങ്ങള്‍ മുന്നോട്ടുപോയത്. അതു എനിക്കു കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും റിഷഭിനു അറിയാമായിരുന്നു. ഓരോ ബോളിലും അദ്ദേഹം എന്നോടു എന്തെങ്കിലുമൊക്കെ പറഞ്ഞു കൊണ്ടിരുന്നു. ഇതു ഈസിയായി ബാറ്റ് ചെയ്യാന്‍ തന്നെ സഹായിക്കുകയും ചെയ്തതായും അക്ഷര്‍ വിശദമാക്കി.
അതേസമയം, കളിയിലേക്കു വന്നാല്‍ 120 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാകിസ്താന് നല്‍കാന്‍ ഇന്ത്യക്കു സാധിച്ചത്. 10 ഓവറില്‍ മൂന്നിന് 81 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് അടുത്ത 38 റണ്‍സിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ നഷ്ടപ്പെടുത്തിയത്. 120 റണ്‍സ് പാക് ടീം അനായാസം ചേസ് ചെയ്യുമെന്നു കരുതിയെങ്കിലും ഉജ്ജ്വല ബൗളിങിലൂടെ അവരെ ഇന്ത്യ പിടിച്ചുകെട്ടി. ഏഴു വിക്കറ്റിനു 113 റണ്‍സ് നേടാനേ പാക് ടീമിനായുള്ളൂ.