T20 World Cup 2024: ഓസീസിനെ സൂക്ഷിച്ചോ! ശരിക്കുള്ള കളി വരാന്‍ പോവുന്നേയുള്ളൂ, മുന്നറിയിപ്പ്
ടി20 ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തി ഓസ്‌ട്രേലിയന്‍ ടീം കുതിക്കുകയാണെങ്കിലും ഏറ്റവും മികച്ച കളി പുറത്തു വരാന്‍ പോവുന്നതേയുള്ളൂവെന്നു എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടുള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്നും ചാംപ്യന്‍മാരായാണ് ഓസീസ് സൂപ്പര്‍ എട്ടിലേക്കു കുതിച്ചത്. സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെ തുരത്തി സെമി ഫൈനലിനു ഒരുപടി കൂടി അടുത്തും അവര്‍ എത്തിയിരിക്കുകയാണ്.
മഴ തടസ്സപ്പെടുത്തിയ കളിയില്‍ ബംഗ്ലാദേശിനെ ഡെക്ക്‌വര്‍ത്ത് ലൂയി നിയമപ്രകാരം 28 റണ്‍സിനാണ് ഓസീസ് കെട്ടുകെട്ടിച്ചത്. ഡേവിഡ് വാര്‍ണറുടെ അപരാജിത ഫിഫ്റ്റിയും പാറ്റ് കമ്മിന്‍സിന്റെ ഹാട്രിക്ക് നേട്ടവുമാണ് ഓസീസ് വിജയത്തിനു അടിത്തറയിട്ടത്. ഈ മല്‍സരത്തിനു ശേഷം സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ഓസ്‌ട്രേലിയയുടെ യഥാര്‍ഥ ഫോം ഇനിയും കാണാനിരിക്കുന്നതേയുള്ളൂവെന്നു പോണ്ടിങ് അഭിപ്രായപ്പെട്ടത്.

ഓസ്‌ട്രേലിയ ഈ ലോകകപ്പില്‍ മികച്ച ക്രിക്കറ്റാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും അവര്‍ ഏറ്റവും മികച്ച കളി ഇനിയും പുറത്തെടുത്തിട്ടുണ്ടെന്നു ഞാന്‍ കരുതുന്നില്ല. മധ്യനിരയില്‍ നിന്നും ഇനിയും കുറച്ചു റണ്‍സ് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. മിച്ചെല്‍ മാര്‍ഷ് ടൂര്‍ണമെന്റില്‍ ഇനിയും പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം നടത്തിയിട്ടില്ല. ഗ്ലെന്‍ മാക്‌സ്വെല്ലില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും പോണ്ടിങ് നിരീക്ഷിച്ചു.
ലോകകപ്പില്‍ ഇതിനകം ടീമില്‍ പല മാറ്റങ്ങളും ഓസ്‌ട്രേലിയ വരുത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തിലേക്കുള്ള പ്ലാനിങിന്റെ ഭാഗമാണിത്. അഞ്ചു ദിവസത്തിനിടെ മൂന്ന് സൂപ്പര്‍ എട്ട് മല്‍സരങ്ങള്‍ കളിക്കേണ്ടതിനാല്‍ വളരെ നല്ല പ്ലാനിങോടെയാണ് ഓസീസ് മുന്നോട്ടു പോവുന്നതെന്നും പോണ്ടിങ് പറയുന്നു.

ടൂര്‍ണമെന്റിലെ നിര്‍ണായക മല്‍സരങ്ങള്‍ വരാനിരിക്കവെ പ്രധാനപ്പെട്ട കളിക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് മുന്‍നിര ഫാസ്റ്റ് ബൗളര്‍മാര്‍ക്കു വിശ്രമം നല്‍കി ആഷ്ടണ്‍ ഏഗറിനെപ്പോലെയുള്ളവര്‍ക്കു ഓസീസ് അവസരം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂപ്പര്‍ എട്ടില്‍ ഓസീസും ഇന്ത്യയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം 24നാണ്. അതിനു ശേഷം സെമി ഫൈനലുകളും ഫൈനലുമാണ് വരാനിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ടീം ഈ ലോകകപ്പില്‍ അവരുടെ ചില സീനിയര്‍ കളിക്കാരെ മാറ്റി പരീക്ഷിച്ചിരുന്നു. അവര്‍ തീര്‍ച്ചയായും മുന്നിലേക്കാണ് നോക്കുന്നത്. ഇനി വരാനിരിക്കുന്ന പ്രധാന മല്‍സരങ്ങള്‍ക്കായി നല്ല തയ്യാറെടുപ്പാണ് ടീം നടത്തുന്നത്. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച കളി ടൂര്‍ണമെന്റില്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നു ഞാന്‍ കരുതുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ സാധാരണയായി ഈ രീതിയില്‍ തന്നെയാണ് ഓസീസ് ടീം പെര്‍ഫോം ചെയ്തു വരുന്നതെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications