ആന്റിഗ്വ: സൗത്താഫ്രിക്കയ്ക്കു ശേഷം ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ സ്ഥാനമുറപ്പിച്ച രണ്ടാമത്തെ ടീമായി മാറിയിരിക്കുയാണ് മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. ഗ്രൂപ്പ് ബിയിലെ തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ കുഞ്ഞന്‍ ടീമായ നമീബിയയെ ഓസീസ് ഒമ്പതു വിക്കറ്റിനു മുക്കുകയായിരുന്നു. ഹാട്രിക്ക് ജയവുമായാണ് കംഗാരുപ്പട അടുത്ത റൗണ്ടിലേക്കു മാര്‍ച്ച് ചെയ്തിരിക്കുന്നത്. നേരത്തേ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട്, ഒമാന്‍ എന്നിവരെയും ഓസീസ് തുരത്തിയിരുന്നു
അതേസമയം, ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്കയും നേപ്പാളും തമ്മിലുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു. ടോസ് പോലും നടത്താന്‍ കഴിയാതെയാണ് അമേരിക്കയിലെ ഫ്ളോറിഡയില്‍ നടക്കാനിരുന്ന മല്‍സരം വേണ്ടെന്നു വച്ചത്. ഇതോടെ ലങ്കയുടെ സൂപ്പര്‍ 8 സാധ്യതകള്‍ അവസാനിക്കുകയും ചെയ്തു. ആദ്യത്തെ രണ്ടു മല്‍സരങ്ങളും ലങ്ക തോറ്റിരുന്നു.
ആന്റിഗ്വയില്‍ നടന്ന കളിയില്‍ നമീബിയക്കെതിരേ ഓസീസ് ബൗളര്‍മാരുടെ അഴിഞ്ഞാട്ടമാണ് കണ്ടത്. പ്രത്യേകിച്ചും സ്പിന്നര്‍ ആദം സാംപയുടെ പ്രകടനമായിരുന്നു ശ്രദ്ധേയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട നമീബിയയെ മൂന്നോവറുകള്‍ ബാക്കിനില്‍ക്കെ വെറും 72 റണ്‍സില്‍ ഓസീസ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ഓസീസിന്റെ റണ്‍ചേസ് എത്ര ഓവറില്‍ പൂര്‍ത്തിയാവുമെന്ന് മാത്രമാണ് അറിയേണ്ടിയിരുന്നത്.

റോക്കറ്റ് വേഗത്തിലായിരുന്നു കംഗാരുപ്പട നമീബിയയെ തീര്‍ത്തത്. വെറും 5.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു. ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും കൊടുങ്കാറ്റായപ്പോള്‍ നമീബിയ വെറും കാഴ്ചക്കാരായി. 17 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം പുറത്താവാതെ 34 റണ്‍സാണ് ഹെഡ് വാരിക്കൂട്ടിയത്.
വാര്‍ണര്‍ എട്ടു ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറും പറത്തി 20 റണ്‍സ് അടിച്ചെടുത്ത് മടങ്ങി. നായകന്‍ മിച്ചെല്‍ മാര്‍ഷും മോശമാക്കിയില്ല. ഒമ്പതു ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുടമക്കം പുറത്താവാതെ 18 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു.
നേരത്തേ ഓസീസ് ബൗളിങിനു മുന്നില്‍ നമീബിയന്‍ നിരയില്‍ പിടിച്ചുനിന്നത് വെറും രണ്ടു പേരാണ്. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസിന്റെ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെ്ങ്കില്‍ നമീബിയ 50 റണ്‍സ് പോലും തികയ്ക്കില്ലായിരുന്നു. 43 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറും ഒരുസിക്‌സറുമടിച്ചു. ഓപ്പണര്‍ മൈക്കല്‍ വാന്‍ലിങ്കനാണ് (10) രണ്ടക്കം തികച്ച മറ്റൊരാള്‍. ഓപ്പണിങ് വിക്കറ്റില്‍ 14 റണ്‍സ് കൂട്ടിച്ചേര്‍ച്ച ശേഷമായിരുന്നു നമീബിയ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നത്.

ഒമ്പതാം ഓവറില്‍ അഞ്ചു വിക്കറ്റിനു 21 റണ്‍സിലേക്കു കൂപ്പുകുത്തിയ നമീബിയക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. സ്പിന്നര്‍ ആദം സാംപയുടെ മാജിക്കല്‍ പ്രകടനമാണ് നമീബിയയുടെ കഥ കഴിച്ചത്.
നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി. ജോഷ് ഹേസല്‍വുഡും മാര്‍ക്കസ് സ്റ്റോയ്‌നിസും രണ്ടു വിക്കറ്റുകള്‍ വീതം നേടി മികച്ച പിന്തുണയേകി. പാറ്റ് കമ്മിന്‍സിനും നതാന്‍ എല്ലിസിനും ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു.