ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചില്‍ സംശയം പ്രകടിപ്പിച്ച ഓസ്‌ട്രേലിയന്‍ മാധ്യമത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്‌പോര്‍ട്‌സ് സ്റ്റാറിലെ തന്റെ കോളത്തിലാണ് ഗവാസ്‌കറുടെ രൂക്ഷവിമര്‍ശനം. സൂര്യയുടേത് ക്യാച്ച് തന്നെയാണെന്നും കളിക്കളത്തില്‍ ചതി കാണിക്കുകയെന്നത് ഓസ്‌ട്രേലിയക്കാരുടെ ശീലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫൈനലില്‍ സൗത്താഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യയുടെ കിടിലന്‍ ക്യാച്ചിനെക്കുറിച്ച് നേരത്തേ തന്നെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ക്യാച്ചെടുക്കുമ്പോള്‍ സൂര്യയുടെ ക്യാച്ച് ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തിരുന്നുവെന്നാണ് സൗത്താഫ്രിക്കയുടെ ഫാന്‍സ് ആരോപിച്ചത്. കൂടാതെ ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി റോപ്പ് നേരത്തേ മാര്‍ക്ക് ചെയ്തിരുന്ന വെള്ള വരയേക്കാള്‍ പിറകിലേക്കു നീങ്ങിക്കിടന്നതിലും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 20ാം ഓവറിലായിരുന്നു ഇന്ത്യക്കു ജയവും അതോടൊപ്പം ലോകകപ്പും സമ്മാനിച്ച സൂര്യയുടെ കിടിലന്‍ ക്യാച്ച്. സിക്‌സറിനു ശ്രമിച്ച മില്ലറെ ലോങ്ഓഫില്‍ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് റണ്ണിങ് ക്യാച്ചിലൂടെ അദ്ദേഹം മടക്കുകയായിരുന്നു. ക്യാച്ചെടുത്ത ശേഷം ബോള്‍ മുകളിലേക്കു എറിഞ്ഞ സൂര്യ ബൗണ്ടറി റോപ്പിനു പുറത്തേക്കു ഇറങ്ങിയ ശേഷം പെട്ടെന്നു അകത്തേക്കും കയറി ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. റീപ്ലേകള്‍ പരിശോധിച്ച ശേഷമാണ് തേര്‍ഡ് അംപയര്‍ അതു ഔട്ട് തന്നെയാണെന്നു വിധിച്ചത്.
സൂര്യയുടേത് അതിമനോഹരമായ ക്യാച്ചായിരുന്നെന്നാണ് ഗവാസ്ര്‍ വിലയിരുത്തിയത്. ഫൈനലില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവെടുത്ത ക്യാച്ചിന്റെ ആധികാരികതയില്‍ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമം ചോദ്യമുന്നയിച്ചിരിക്കുകയാണ്. ക്യാച്ചെടുക്കവെ സ്‌കൈ അസാധാരണമായ ബാലന്‍സാണ് കാണിച്ചതെന്നു റീപ്ലേകളില്‍ വ്യക്തമാണ്. ക്യാച്ചെടുത്ത ശേഷം അത് വായുവിലേക്കു ഫ്‌ളിക്ക് ചെയ്യുകയും ബൗണ്ടറി റോപ്പ് ക്രോസ് ചെയ്ത ശേഷം വായുവില്‍ ചാടി ബൗണ്ടറിക്കുള്ളില്‍ വച്ചു തന്നെ അതു പിടികൂടുകയും ചെയ്തതായും ഗവാസ്‌കര്‍ കോളത്തില്‍ കുറിച്ചു.
ഈ തരത്തില്‍ സൂര്യകുമാറിന്റെ ക്യാച്ചിനെ ചോദ്യം ചെയ്യുന്നതിനു പകരം ഇതേക്കുറിച്ച് എഴുതിയ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ അവരുടെ ടീം കളിക്കളത്തില്‍ കാണിച്ച 10 ചതികളെക്കുറിച്ച് പരാമര്‍ശിക്കുന്ന വീഡിയോ കാണണമെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.

ഫൈനലില്‍ സൂര്യയുടെ ക്യാച്ചിനെ ആരും തന്നെ ചോദ്യം ചെയ്തിട്ടില്ല. പക്ഷെ ഓസ്‌ട്രേലിയക്കു വേണ്ടി ആ കോളമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ അതിനെ ചോദ്യം ചെയ്തിരിക്കുകയാണ്. സ്‌കൈയ്‌ക്കെതിരേ വിരല്‍ ചൂണ്ടുന്നതിനു മുമ്പ് ഓസീസ് ചെയ്തിട്ടുള്ള 10 ചതി പ്രവര്‍ത്തികളുടെ വീഡിയോ കാണാന്‍ ശ്രമിക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ നടന്ന കലാശക്കളിയില്‍ സൗത്താഫ്രിക്കയെ ഏഴു റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പില്‍ മുത്തമിട്ടത്. അവസാന അഞ്ചോവറില്‍ ജയിക്കാന്‍ 30 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് ഉജ്ജ്വല ബൗളിങിലൂടെ എതിരാളികളെ ഇന്ത്യ വരിഞ്ഞുകെട്ടിയത്. ഒരേയൊരു ബൗണ്ടറി മാത്രമാണ് അഞ്ചോവറില്‍ ഇന്ത്യ വിട്ടുകൊടുത്തത്.
17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്മാരായ ശേഷം ഒരു കിരീടം പോലുമില്ലാതെ വലയുകയായിരുന്നു ഇന്ത്യ. മാത്രമല്ല 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായതും ഇതാദ്യമായിട്ടാണ്.