Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇംഗ്ലണ്ട് വീണു, കരുത്തുകാട്ടി ഓസീസ്; ഗ്രൂപ്പ് ബിയില്‍ തലപ്പത്ത്

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. 36 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 7 വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 6 വിക്കറ്റിന് 165 റണ്‍സാണ് നേടാനായത്. ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരക്ക് മികവ് കാട്ടാനാവാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ഇംഗ്ലണ്ട് ബൗളര്‍മാരെ കടന്നാക്രമിച്ചാണ് കളിച്ചത്. 5 ഓവറില്‍ ഓസീസ് കൂട്ടുകെട്ട് 70ല്‍ എത്തിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ മടങ്ങി. 16 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി മോയിന്‍ അലിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹെഡും കൂടാരം കയറി.

eng vs aus

18 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 34 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. കത്തിക്കയറിയ ഹെഡിനെ ജോഫ്രാ ആര്‍ച്ചര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെയെത്തിയവരെല്ലാം തങ്ങളുടെ റോള്‍ ഗംഭീരമാക്കി. നായകന്‍ മിച്ചല്‍ മാര്‍ഷ് 25 പന്തില്‍ 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണെടുത്തത്. ലിയാം ലിവിങ്‌സ്റ്റനാണ് ഓസീസ് നായകനെ പുറത്താക്കിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയില്ലെങ്കിലും 25 പന്തില്‍ 28 റണ്‍സോടെ ഭേദപ്പെട്ട പ്രകടനം നടത്തി.

3 ഫോറും 1 സിക്‌സുമാണ് മാക്‌സ് വെല്ലിന്റെ സമ്പാദ്യം. മാര്‍ക്കസ് സ്റ്റോയിണിസാണ് മധ്യനിരയില്‍ കരുത്തായത്. 17 പന്തില്‍ 2 ഫോറും സിക്‌സും ഉള്‍പ്പെടെ 30 റണ്‍സാണ് സ്റ്റോയിണിസ് നേടിയത്. എന്നാല്‍ വെടിക്കെട്ട് ഫിനിഷര്‍ വിശേഷണമുള്ള ടിം ഡേവിഡിന് കാര്യമായൊന്നും ചെയ്യാനായില്ല. 8 പന്ത് നേരിട്ട താരം 11 റണ്‍സെടുത്താണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ മാത്യു വേഡ് 10 പന്തില്‍ 17 റണ്‍സോടെ പുറത്താവാതെ നിന്നു. പാറ്റ് കമ്മിന്‍സ് (0) റണ്ണൗട്ടായി.

ടീമിന്റെ ഗംഭീര പ്രകടനത്തോടെ 7 വിക്കറ്റിന് 201 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ ഓസ്‌ട്രേലിയക്കായി. മോയിന്‍ അലി, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചു. ഫില്‍ സാള്‍ട്ടും ജോസ് ബട്‌ലറും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 23 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിനെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് ആദം സാംബയാണ് ഇംഗ്ലണ്ടിന് ആദ്യ തിരിച്ചടി നല്‍കിയത്.

സ്‌കോര്‍ 92ല്‍ നില്‍ക്കവെ ജോസ് ബട്‌ലറും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ വെടി തീര്‍ന്നു. 28 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് ഇംഗ്ലണ്ട് നായകന്‍ നേടിയത്.

സാംബയാണ് ബട്‌ലറേയും പുറത്താക്കിയത്. പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. വില്‍ ജാക്‌സ് 10 പന്തില്‍ 10 റണ്‍സാണ് നേടിയത്. ജോണി ബെയര്‍സ്‌റ്റോ 13 പന്ത് നേരിട്ട് വെറും 7 റണ്‍സുമായി മടങ്ങി.

മോയിന്‍ അലിയും ഹാരി ബ്രൂക്കും മധ്യനിരയില്‍ ചെറുതായി പൊരുതി. മോയിന്‍ അലി 15 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ ബ്രൂക്ക് 16 പന്തില്‍ 20 റണ്‍സോടെ പുറത്താവാതെ നിന്നു. ഏഴാമനായെത്തിയ വമ്പനടിക്കാരന്‍ ലിയാം ലിവിങ്സ്റ്റണും നിരാശപ്പെടുത്തി.

12 പന്തില്‍ 15 റണ്‍സെടുത്ത ലിവിങ്സ്റ്റണെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. ഇതോടെ 20 ഓവറില്‍ 6 വിക്കറ്റിന് 165 റണ്‍സാണ് ഇംഗ്ലണ്ടിന് നേടാനായത്. ആദം സാംബയും പാറ്റ് കമ്മിന്‍സും ഓസീസിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഹെയ്‌സല്‍വുഡ്, സ്‌റ്റോയിണിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ പ്രയാസമായിരിക്കുകയാണ്.

ആദ്യ മത്സരം ഉപേക്ഷിക്കുകയും രണ്ടാം മത്സരം തോല്‍ക്കുകയും ചെയ്ത ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ വമ്പന്‍ ജയം നേടാനാവാതെ ഇംഗ്ലണ്ടിന് സൂപ്പര്‍ 8ലേക്ക് മുന്നേറാനാവില്ല.

Story first published: Sunday, June 9, 2024, 6:44 [IST]
Other articles published on Jun 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+