നോര്‍ത്ത്‌സൗണ്ട്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. മഴ നിയമപ്രകാരമാണ് ഓസ്‌ട്രേലിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റിന് 140 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 11.2 ഓവറില്‍ 2 വിക്കറ്റിന് 100 റണ്‍സാണ് നേടിയത്. ഇതോടെ ശക്തമായ മഴയെത്തി. പിന്നീട് മഴ നിയമപ്രകാരം ഓസ്‌ട്രേലിയയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്‍സിദ് ഹസന്‍ പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പന്തില്‍ തന്‍സിദ് ഹസന്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ലിറ്റന്‍ ദാസും നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ചേര്‍ന്ന് 58 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 25 പന്തില്‍ 2 ഫോറടക്കം 16 റണ്‍സെടുത്ത ലിറ്റന്‍ ഗാസിനെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് ആദം സാംബ കൂട്ടുകെട്ട് പൊളിച്ചു.
നാലാമന്‍ റിഷാദ് ഹൊസൈന് കാര്യമായൊന്നും ചെയ്യാനായില്ല. 4 പന്ത് നേരിട്ട് 2 റണ്‍സെടുത്ത താരത്തെ ഗ്ലെന്‍ മാക്‌സ് വെല്‍ പുറത്താക്കി. എന്നാല്‍ ഒരുവശത്ത് ഷാന്റോ റണ്‍സുയര്‍ത്തി. തൗഹിദ് ഹൃദോയി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു.
36 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 41 റണ്‍സെടുത്ത ഷാന്റോയെ ആദം സാംബ പുറത്താക്കി. ഹൃദോയി 28 പന്തില്‍ 2 വീതം സിക്‌സും ഫോറും പറത്തി 40 റണ്‍സോടെ കസറി. ആറാം നമ്പറിലിറങ്ങിയ ഷക്കീബ് അല്‍ ഹസന് തിളങ്ങാനായില്ല.
8 റണ്‍സെടുത്ത ഷക്കീബിനെ മാര്‍ക്കസ് സ്റ്റോയിണിസ് പുറത്താക്കി. മഹമ്മൂദുല്ലക്ക് (2) സൂപ്പര്‍ ഫിനിഷിങ് നടത്താനായില്ല. പാറ്റ് കമ്മിന്‍സാണ് മഹമ്മൂദുല്ലയെ ക്ലീന്‍ബൗള്‍ഡ് ചെയ്തത്. ടസ്‌കിന്‍ അഹമ്മദ് 13 റണ്‍സോടെ പുറത്താവാതെ നിന്നു. തന്‍സിം ഹസന്‍ ഷക്കീബും (4) ക്രീസില്‍ തുടര്‍ന്നു. ഇതോടെ 8 വിക്കറ്റിന് 140 റണ്‍സെടുക്കാന്‍ ബംഗ്ലാദേശിന് സാധിച്ചു.

ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ആദം സാംബ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിണിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ അതിവേഗം റണ്‍സുയര്‍ത്തി.
ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 65 റണ്‍സില്‍ നില്‍ക്കവെ ട്രാവിസ് ഹെഡിനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. 21 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സെടുത്ത ഹെഡിനെ റിഷാദ് ഹൊസൈന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
നായകന്‍ മിച്ചല്‍ മാര്‍ഷിന് (1) തിളങ്ങാനായില്ല. റിഷാദ് ഹൊസൈന്‍ മിച്ചലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഡേവിഡ് വാര്‍ണര്‍ ഒരുവശത്ത് അര്‍ധ സെഞ്ച്വറിയോടെ കസറി. ഗ്ലെന്‍ മാക്‌സ് വെല്‍ തല്ലിത്തകര്‍ത്ത് തുടങ്ങി. ഓസ്‌ട്രേലിയ 11.2 ഓവറില്‍ 2 വിക്കറ്റിന് 100 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴയെത്തി.
പിന്നാലെ മഴ ശക്തമായതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസീസിനെ വിജയികളായി പ്രഖ്യാപിച്ചു. വാര്‍ണര്‍ 35 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സോടെ പുറത്താവാതെ നിന്നു. മാക്‌സ് വെല്‍ 6 പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 14 റണ്‍സോടെ പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയയുടെ ജയം ഇന്ത്യക്ക് വലിയ ഭീഷണിയാണ്. വരുന്ന മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.