ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം കിരീടസാധ്യതയുള്ള മൂന്നു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി ഗ്രീന്‍സ്‌റ്റോണ്‍ ലോബോ. നേരത്തേ ക്രിക്കറ്റ് ലോകകപ്പ്, ഫുട്‌ബോള്‍ ലോകകപ്പ് എന്നിവയെല്ലാം കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ വ്യക്തി കൂടിയാണ് അദ്ദേഹം. സ്വന്തം യൂട്യൂബ് ചാനലിലാണ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഏറ്റവുമധികം കിരീട സാധ്യതയുള്ള ടീമുകളെ ലോബോ തിരഞ്ഞെടുത്തത്. ക്യാപ്റ്റര്‍മാര്‍, കോച്ചുമാര്‍ എന്നിവരുടെ ഗ്രഹനിലയും ടീമിലെ കളിക്കാരുടെ ജനിച്ച വര്‍ഷവുമെല്ലാം വിലയിരുത്തിയ ശേഷമാണ് ലോബോ വമ്പന്‍ പ്രവചനം നടത്തിയിരിക്കുന്നത്.
ഇന്ത്യ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമുകളെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ഇതിനുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഏറ്റവും സാധ്യതയുള്ള ടീമുകളെ ക്രമമനുസരിച്ച് ലോബോ വേര്‍തിരിക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത് കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡ് ടീമാണ്.

ന്യൂസിലാന്‍ഡിന്റെ ലോകകപ്പ് സ്‌ക്വാഡിലെ പത്തോളം കളിക്കാര്‍ 1991-92 വര്‍ഷത്തിനിടെ ജനിച്ചിട്ടുള്ളവരാണ്. രണ്ടു പേര്‍ ജനിച്ചത് 1990ലുമാണ്. ഇതു വളരെ മികച്ച കാര്യം തന്നെയാണ്. ടീമിനെ സംബന്ധിച്ച് ഭാഗ്യം കൊണ്ടുവരുന്ന പ്രധാന ഘടകമണിത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടേതും ഒരേ നക്ഷത്രമാണ്.
1972ല്‍ ജനിച്ച ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡിന്റെയും ഗ്രഹനില വളരെ മികച്ചതാണ്. ഈ കാര്യങ്ങളെല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ ന്യൂസിലാന്‍ഡ് ഇത്തവണ കിരീടം നേടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലോബോ വിശദീകരിച്ചു.
രണ്ടാമത്തെ ടീമായി ഞാന്‍ തിരഞ്ഞെടുക്കുന്നത് വെസ്റ്റ് ഇന്‍ഡീസിനെയാണ്. അവരുടെ ഗ്രഹനില നോക്കുമ്പോള്‍ കിരീട സാധ്യത കൂടുതലാണ്. അവസാനത്തെ ലോകകപ്പ് (ഏകദിന ലോകകപ്പ്) നേടിയത് 1993ല്‍ ജനിച്ച ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ്. അതിനു മുമ്പ് 2022ലെ ടി20 ലോകകപ്പ് സ്വന്തമാക്കിയത് 1990ല്‍ ജനിച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറുമാണ്. ഇത്തവണ വീണ്ടും 93ല്‍ ജനിച്ച മറ്റൊരു ക്യാപ്റ്റന്‍ കപ്പടിച്ചേക്കും. അത് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ റോവ്‌മെന്‍ പവെലായേക്കും.
രണ്ടു ലോകകപ്പുകള്‍ നേടിയ മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമിയാണ് വിന്‍ഡീസിനെ പരിശീലിപ്പിക്കുന്നത്. ടീമിലെ താരങ്ങളുടെ ഗ്രഹനില വളരെ നല്ലതായാണ് കാണപ്പെടുന്നത്. 1993ല്‍ ജനിച്ച മൂന്നു താരങ്ങള്‍ വിന്‍ഡീസ് സ്‌ക്വാഡിലുണ്ട്. 94ല്‍ ജനിച്ച രണ്ടും 96ല്‍ ജനിച്ച രണ്ടും കളിക്കാര്‍ ടീമിന്റെ ഭാഗമാണ്. ഇതെല്ലാം വിന്‍ഡീസ് ടീമിനു അനുകൂല ഘടങ്ങളാണ്. ഈ കാരണത്താലാണ് കിരീട ഫേവറിറ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാംസ്ഥാനത്തു ഉള്‍പ്പെടുത്തയിതെന്നും ലോബോ വിശദീകരിച്ചു.

ഏറ്റുവധുമധികം കിരീടസാധ്യതയുള്ളവരായി ഞാന്‍ തിരഞ്ഞെടുക്കുക ഇന്ത്യയെയാണ്. ഇന്ത്യക്കാരനായതു കാരണമല്ല ഞാന്‍ ഇന്ത്യയെ തിരഞ്ഞെടുക്കുന്നത്. 1986-87 വര്‍ഷങ്ങളില്‍ ജനിച്ചിട്ടുള്ള ക്യാപ്റ്റന്‍മാരെയെടുത്താല്‍ അവരെല്ലാം ഒരു വമ്പന്‍ നേട്ടം കൈവരിക്കും മുമ്പ് വലിയൊരു തിരിച്ചടി നേരിട്ടിട്ടുള്ളവരാണ്. 2016ലെ ടി20 ലോകകപ്പ് നേടിയത് വിന്‍ഡീസാണ്. അന്നു ഒയ്ന്‍ മോര്‍ഗന്‍ നയിച്ച ഇംഗ്ലണ്ടിനെയാണ് അവര്‍ തോല്‍പ്പിച്ചത്. അദ്ദേഹം ജനിച്ചത് 1986ലാണ്. ടി20 ലോകകപ്പ് നേടിയില്ലെങ്കിലും 2019ല്‍ മോര്‍ഗന്‍ ഏകദിന ലോകകപ്പ് നേടി.
1987ല്‍ ജനിച്ച ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി മറ്റൊരു ഉദാഹരണമാണ്. 2014ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ടീം പരാജയപ്പെട്ടിരുന്നു. അന്നു ടീമിനെ ഫൈനലിലെത്തിച്ചത് മെസ്സിയാണ്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ലോകകിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയും ചെയ്തു.
രോഹിത്തിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ജനിച്ചത് 1987ല്‍ തന്നെയാണ്. ഗംഭീര കളിക്കാരനും ക്യാപ്റ്റനുമാണ് രോഹിത്. കഴിഞ്ഞ വര്‍ഷം രോഹിത്തിനു ഏകദിന ലോകകപ്പ് ഫൈനലില്‍ നിരാശപ്പെടേണ്ടി വന്നു. ഇത്തവണ അദ്ദേഹത്തിന്റെ സമയമാണ്. ഈ ലോകകപ്പ് രോഹിത്തിനെ തേടിയെത്തുക തന്നെ ചെയ്യുമെന്നും ലോബോ ചൂണ്ടിക്കാട്ടി.