കറാച്ചി: ടി20 ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുകയാണ്. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്താനുള്ളത്. വലിയ പ്രതീക്ഷയോടെയെത്തിയ പാകിസ്താന്‍ അമേരിക്കയോട് അട്ടിമറി തോല്‍വി നേരിട്ടതോടെയാണ് ആത്മവിശ്വാസം നഷ്ടപ്പെട്ടത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ആതിഥേയരോട് പാകിസ്താന്‍ തലകുനിച്ചത്. ഇതിന് ശേഷം ഇന്ത്യയോടും പാകിസ്താന്‍ തോറ്റു.
ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് പാകിസ്താന്‍ ഇന്ത്യയോട് തോറ്റത്. അതുകൊണ്ടുതന്നെ തോല്‍വി ടീമിനെ സംബന്ധിച്ച് വലിയ നാണക്കേടായി മാറിയിട്ടുണ്ട്. പാകിസ്താന്‍ ടീമിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. ആരാധകര്‍ പോലും പാക് ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തുകയാണ്. ഇപ്പോഴിതാ പാക് നായകന്‍ ബാബര്‍ അസമിനെ കടന്നാക്രമിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറായ അഹമ്മദ് ഷഹസാദ്. ബാബര്‍ എന്നെക്കാളും നിലവാരം താഴെയുള്ള താരമാണെന്നാണ് ഷഹസാദ് പറയുന്നത്.
'ബാബറിനെ എല്ലാവരും കിങ് എന്ന് വിളിക്കുന്നു. എന്നാല്‍ അവനെക്കാളും മികച്ച സ്റ്റാറ്റസ് എനിക്കുണ്ട്. ടി20 ലോകകപ്പിന്റെ പവര്‍പ്ലേയില്‍ 205 പന്തെങ്കിലും നേരിട്ടിട്ടുണ്ടെങ്കിലും ഒരു സിക്‌സര്‍ പോലും നേടാന്‍ കഴിവില്ല. എല്ലാ സംവിധാനത്തേയും നിങ്ങള്‍ തകര്‍ക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന പ്രതിഭകളെ തഴഞ്ഞ് സുഹൃത്തുക്കളെ ടീമില്‍ തിരികി കയറ്റുന്നു' അഹമ്മദ് ഷഹ്‌സാദ് പറഞ്ഞു. പാകിസ്താന്‍ ഇത്തവണ കരുത്തുറ്റ താരനിരയാണ്.
എന്നാല്‍ ബാറ്റിങ് നിരയ്ക്ക് ദൗര്‍ബല്യങ്ങളേറെയാണ്. പേസ് ബൗളിങ് നിര ഏത് വമ്പന്മാരേയും വീഴ്ത്താന്‍ കെല്‍പ്പുള്ളതാണ്. എന്നാല്‍ ബാറ്റിങ് നിരക്ക് ഈ കരുത്ത് അവകാശപ്പെടാനാവില്ല. അതിന് കാരണം ഇഷ്ടക്കാരെ തിരികി കയറ്റുന്നതാണെന്നാണ് ഷഹബാസ് ആരോപിക്കുന്നത്. യുവതാരങ്ങളെ വളര്‍ത്താന്‍ നായകനെന്ന നിലയില്‍ ബാബര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 'സലിം അയൂബിനെപ്പോലെയുള്ള പ്രതിഭകളെ വളര്‍ത്തുകയെന്നത് ടീമിന്റേയും നായകന്റേയും ഉത്തരവാദിത്തമാണ്.

എന്നാല്‍ ഇത്ര ചെറുപ്പത്തില്‍ത്തന്നെ അവന്റെ കരിയര്‍ അവസാനിച്ചതുപോലെയാണുള്ളത്. 25 മത്സരങ്ങള്‍ക്കുള്ളില്‍ അയൂബിനെ വിമര്‍ശിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിച്ചത് പാക് ടീമിന്റെ പോരായ്മയാണ്' ഷഹസാദ് പറഞ്ഞു. പാകിസ്താന്‍ ടീമിന് ഇത്തവണ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സൂപ്പര്‍ 8 കാണാതെ പുറത്താകുന്ന അവസ്ഥയാണുള്ളത്. അമേരിക്കയോട് തോറ്റതാണ് പാകിസ്താന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്.
നായകനെന്ന നിലയില്‍ ബാബര്‍ മികവ് കാട്ടുന്നില്ലെന്നതാണ് വസ്തുത. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയോട് തോല്‍ക്കുകയും നിരാശപ്പെടുത്തി പാകിസ്താന്‍ പുറത്താവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് ബാബറിനെ നീക്കിയിരുന്നു. ടി20 നായകനായി ഷഹിന്‍ ഷാ അഫ്രീദിയെയാണ് നിയോഗിച്ചത്. എന്നാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിട്ടതോടെ ഷഹിനെ പാകിസ്താന്‍ ഒഴിവാക്കുകയായിരുന്നു.
ബാബറിനെ വീണ്ടും നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ബാബറിന് കീഴിലും പാകിസ്താന്‍ നിരാശപ്പെടുത്തുകയാണ്. വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തിയ മുഹമ്മദ് അമീറിന് വലിയ ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. അമേരിക്കയ്‌ക്കെതിരേ പാകിസ്താന്റെ തോല്‍വിക്ക് കാരണം സൂപ്പര്‍ ഓവറിലെ അമീറിന്റെ മോശം ബൗളിങ്ങാണ്. അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാലും പാകിസ്താന്‍ സൂപ്പര്‍ 8ലേക്കെത്താന്‍ സാധ്യത കുറവാണ്.
അവസാന മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും അമേരിക്കയും സൂപ്പര്‍ എട്ടിലേക്കെത്താനാണ് സാധ്യത. ഇതോടെ പാകിസ്താന് ഗ്രൂപ്പു ഘട്ടത്തില്‍ത്തന്നെ പുറത്താകേണ്ടി വരും. ഇതോടെ ബാബറിന്റെ നായകസ്ഥാനം വീണ്ടും തെറിക്കാന്‍ സാധ്യതയുണ്ട്. വലിയ പൊളിച്ചെഴുത്ത് പാകിസ്താന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. പാകിസ്താന്റെ സൂപ്പര്‍ 8 ല്‍ കടക്കാന്‍ ഇനി ഭാഗ്യം തുണക്കേണ്ടതായുണ്ട്.