മലയാളി താരവും ആരാധകര്‍ക്കു പ്രിയങ്കരനുമായ സഞ്ജു സാംസണിന്റെ കരിയര്‍ ബെസ്റ്റ് വര്‍ഷമായി മാറിക്കൊണ്ടിരിക്കുകയാണ് 2024. കാരണം അത്രയേറെ മികച്ച കാര്യങ്ങളാണ് അദ്ദേഹത്തിന്റെ കരിയറില്‍ ഈ വര്‍ഷം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെട്ടു കഴിഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം അദ്ദേഹം കിരീടത്തിലേക്കും കുതിക്കുകയാണ്.
അധികം വൈകാതെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി സഞ്ജുവിനെ തേടിയെത്തിയേക്കും. ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമായ ദേശീയ ടീമിന്റെ നായകസ്ഥാനമാണ് അദ്ദേഹത്തിനു ലഭിക്കാന്‍ പോവുന്നത്. ഇന്ത്യന്‍ ടീമിനെ ഒരു വൈറ്റ് ബോള്‍ പരമ്പരയില്‍ സഞ്ജു നയിക്കുന്നത് ആരാധകര്‍ക്കു ഉടന്‍ കാണാന്‍ സാധിച്ചേക്കും. ടി20 ലോകകപ്പിനു ശേഷം ജൂലൈയില്‍ സിംബാബ്‌വെയുമായി ടി20 പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. അഞ്ചു ടി20കളുടെ ഈ പരമ്പരയില്‍ സഞ്ജു നായകനായി അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് വിവരം.

ടി20 ലോകകപ്പ് ജൂണ്‍ അവസാനത്തോടെയാണ് അവസാനിക്കുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ മുന്‍നിര താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയേക്കും. അതുകൊണ്ടു തന്നെ സിംബാബ്‌വെയ്‌ക്കെതിരേ പുതിയ ലുക്കിലുള്ള യുവനിരയെ ആയിരിക്കും ഇന്ത്യ പരീക്ഷിക്കുക. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, മായങ്ക് യാദവ് തുടങ്ങി ഒരുപിടി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു വന്നേക്കും. ഈ ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിനു നറുക്കുവീഴുകയും ചെയ്യും. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കും ഇത്.
ഐപിഎല്ലില്‍ സഞ്ജുവിന്റെ ഗംഭീര ക്യാപ്റ്റന്‍സി എല്ലാവരെയും ആകര്‍ഷിച്ചു കളിഞ്ഞു. സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കുമെല്ലാം അദ്ദേഹത്തിന്റെ നേതൃമികവിനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. ഇന്ത്യന്‍ ടീമിനെയും സഞ്ജുവിനു ഉജ്ജ്വലമായി നയിക്കാന്‍ സാധിക്കുമെന്നും അവര്‍ക്കു ഉറപ്പുണ്ട്. സീനിയര്‍ കളിക്കാരുടെ അഭാവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് അളക്കാനുള്ള ഏറ്റവും നല്ല അവസരമായിരിക്കും സിംബാബ്‌വെയുമായുള്ള ടി20 പരമ്പര.
നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. പക്ഷെ ഐപിഎല്ലില്‍ അദ്ദേഹത്തിനു കീഴില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍ന്നടിഞ്ഞത് ബിസിസിഐയെ ആശങ്കയിലാക്കുന്നുണ്ട്. ടീമംഗങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണയു അദ്ദേഹത്തിനു ലഭിക്കുന്നില്ല. ഈ കാരണങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി ക്യാപ്റ്റനായി ഹാര്‍ദിക് വേണമോയെന്നതു ചോദ്യചിഹനമാണ്.

സിംബാബ്‌വെയ്‌ക്കെതിരേ സഞ്ജു ടീമിനെ ഗംഭീരമായി നയിക്കുകയും ഇന്ത്യ പരമ്പര നേടുകയും ചെയ്താല്‍ അതു ഹാര്‍ദിക്കിനെ സംബന്ധിച്ച് വലിയ ക്ഷീണമായിരിക്കും. അങ്ങനെ വന്നാല്‍ അദ്ദേഹത്തിനു പകരം സഞ്ജുവിനെ ഭാവി നായകനായി ഉയര്‍ത്തിക്കൊണ്ടുവരാനും ബിസിസിഐ ശ്രമിച്ചേക്കും. സൂപ്പര്‍ താരങ്ങളെയും സീനിയേഴ്‌സിനെയും യുവതാരങ്ങളെയുമെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോവാനുള്ള കഴിവാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നത്. റോയല്‍സില്‍ സഞ്ജുവിന്റെ വിജയരഹസ്യവും ഇതു തന്നെയാണ്.
ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍ തുടങ്ങിയ ലോകോത്തര താരങ്ങളെ റോയല്‍സില്‍ മികച്ച രീതിയില്‍ കൊണ്ടുപോവാന്‍ സാധിക്കുന്നത് സഞ്ജുവിന്റെ മിടുക്കാണെന്നു നിസംശയം പറയാം. സീനിയര്‍ കളിക്കാര്‍ക്കു സ്വാതന്ത്ര്യവും അവരുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ് അദ്ദേഹം.
കൂടാതെ യുവതാരങ്ങള്‍ക്കും മികച്ച പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. റോയല്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനേക്കാള്‍ അനായാസമായി ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ സഞ്ജുവിനു സാധിക്കും. ക്യാപ്റ്റനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം ഈ പരമ്പരയില്‍ തന്നെ സംഭവിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍.