ടറൗബ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തില്‍ പപ്പുവ ന്യൂ ഗ്വിനിയയെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍. ഏഴ് വിക്കറ്റിനാണ് അഫ്ഗാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പപ്പുവ ന്യൂ ഗ്വിനിയ 19.5 ഓവറില്‍ 95 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 15.1 ഓവറില്‍ 3 വിക്കറ്റിന് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഹാട്രിക് ജയത്തോടെ അഫ്ഗാന്‍ സൂപ്പര്‍ 8ല്‍ സീറ്റുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫറൂഖിയും 49 റണ്‍സോടെ പുറത്താവാതെ നിന്ന ഗുല്‍ബാദിന്‍ നയീബുമാണ് അഫ്ഗാന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പപ്പുവ ന്യൂ ഗ്വിനിയക്ക് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ ഓപ്പണറും നായകനുമായ ആസാദ് വാല (3) പുറത്തായി. ഫസല്‍ഹഖ് ഫറൂഖിയുടെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുല്ല ഗര്‍ബാസ് റണ്ണൗട്ടാക്കുകയായിരുന്നു.
രണ്ടാം ഓവര്‍ എറിയാനെത്തിയ ഫസല്‍ഹഖ് ഫറൂഖി ആദ്യ രണ്ട് പന്തില്‍ വിക്കറ്റ് നേടി ന്യൂ ഗ്വിനിയയെ ഞെട്ടിച്ചു. ലെഗാ സിയാക്കയെ (0) വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ച ഫസല്‍ഹഖ് സിസി ബൗവിനെയും ഗോള്‍ഡന്‍ ഡെക്കാക്കി.
ഇതോടെ 12 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ന്യൂ ഗ്വിനിയ തകര്‍ന്നു. ഹിറി ഹിറിക്കും തിളങ്ങാനായില്ല. 1 റണ്‍സെടുത്ത താരത്തെ നവീന്‍ ഉല്‍ ഹഖ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഓപ്പണര്‍ ടോണി ഔറ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു.
18 പന്ത് നേരിട്ട് 11 റണ്‍സെടുത്ത ഔറയെ നവീന്‍ ഉല്‍ ഹഖ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ക്കായി. ചാഡ് സ്‌കൂപ്പര്‍ (9) റണ്ണൗട്ടായി. 26 പന്ത് നേരിട്ടാണ് താരത്തിന്റെ മടക്കം.

photocredit: https://x.com/ACBofficials/status/1801451501585412513/photo/1
കിപ്ലിന്‍ ഡൊറീഗയുടെ പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്ന് ന്യൂ ഗ്വിനിയയെ രക്ഷിച്ചത്. 32 പന്ത് നേരിട്ട് രണ്ട് ഫോറടക്കം 27 റണ്‍സാണ് അദ്ദേഹം നേടിയത്. നൂര്‍ അഹമ്മദ് ഡൊറീഗയെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
നൂര്‍മാന്‍ വനുവ 7 പന്ത് നേരിട്ട് ഡെക്കിന് മടങ്ങി. ഇതും റണ്ണൗട്ടാണ്. അലി നാവോയെ (13) ഫറൂഖിന് റാഷിദ് ഖാന്റെ കൈയിലെത്തിച്ചപ്പോള്‍ സിമോ കാമിയ (2) റണ്ണൗട്ടായി. പപ്പുവ ന്യൂ ഗ്വിനിയയുടെ നാല് താരങ്ങളാണ് റണ്ണൗട്ടായി പുറത്തായത്.
അഫ്ഗാനായി ഫസല്‍ഹഖ് ഫറൂഖി 4 ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി. നവീന്‍ ഉല്‍ ഹഖ് 2.5 ഓവറില്‍ 4 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടിയപ്പോള്‍ നൂര്‍ അഹമ്മദ് 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 1 വിക്കറ്റും വീഴ്ത്തി.
റാഷിദ് ഖാന്‍ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. മറുപടിക്കിറങ്ങിയ അഫ്ഗാന്റെ തുടക്കവും പിഴച്ചു. ഇബ്രാഹിം സദ്രാന്‍ 7 പന്ത് നേരിട്ട് ഡെക്കായി മടങ്ങി. സിമോ കാമിയ സദ്രാനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
വെടിക്കെട്ട് ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസിനും തിളങ്ങാനായില്ല. 7 പന്തില്‍ 11 റണ്‍സെടുത്ത ഗുര്‍ബാസിനെ നാവോ ക്ലീന്‍ബൗള്‍ഡ് ചെയ്തു. അസ്മത്തുല്ല ഒമര്‍സായി 18 പന്തില്‍ 13 റണ്‍സുമായി മടങ്ങി.
നൂര്‍മാന്‍ വനുവയാണ് ഒമര്‍സായിയെ ക്ലീന്‍ബൗള്‍ഡ് ചെയ്തത്. എന്നാല്‍ ഒരുവശത്ത് പിടിച്ചുനിന്ന ഗുല്‍ബാദിന്‍ നയ്ബും മുഹമ്മദ് നബിയും ചേര്‍ന്ന് അഫ്ഗാനെ വിജയത്തിലേക്കെത്തിച്ചു.
നയീബ് 36 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 44 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ മുഹമ്മദ് നബി 23 പന്തില്‍ 1 ബൗണ്ടറി ഉള്‍പ്പെടെ 16 റണ്‍സാണ് നേടിയത്.