ഗയാന: ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്റെ അട്ടിമറിത്തോല്‍വിക്കു പിന്നാലെ മറ്റൊരു അട്ടിമറി കൂടി സംഭവിച്ചിരിക്കുകയാണ്. ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നായ ന്യൂസിലാന്‍ഡിനാണ് ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ തന്നെ അപ്രതീക്ഷിത പരാജയം നേരിട്ടിരിക്കുന്നത്. ഗയാനയില്‍ നടന്ന ഗ്രൂപ്പ് സി മല്‍സരത്തില്‍ അഫ്ഗാനിസ്താനാണ് കിവികളുടെ ചിറകരിഞ്ഞത്. ന്യൂസിലാന്‍ഡിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു അഫ്ഗാന്‍ പട. 84 റണ്‍സിന്റെ വമ്പന്‍ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ടി20യില്‍ കിവികള്‍ക്കെതിരേ അവരുടെ ആദ്യ ജയം കൂടിയാണിത്.
160 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവികള്‍ക്കു അഫ്ഗാന്‍ നല്‍കിയത്. എന്നാല്‍ ഈ ടോട്ടല്‍ ന്യൂസിലാന്‍ഡിനു സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് വീഴ്ചയോടെ തുടങ്ങിയ ന്യൂസിലാന്‍ഡ് ഒരിക്കല്‍പ്പോലും ചിത്രത്തിലുണ്ടായിരുന്നില്ല. അഫ്ഗാന്റെ ബൗളിങ് ആക്രമണത്തില്‍ കടപുഴകിയ അവര്‍ 15.2 ഓവറില്‍ വെറും 75 റണ്‍സിനു കൂടാരം കയറി.

18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ്, 12 റണ്‍സ് നേടിയ മാറ്റ് ഹെന്‍ട്രി എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ കിവി നിരയില്‍ ഒരാള്‍ക്കു പോലും രണ്ടക്കം തികയ്ക്കാനായില്ല. ഒരേയൊരു സിക്‌സര്‍ മാത്രമേ അവരുടെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ഫിന്‍ അലെന്‍ (0), ഡെവന്‍ കോണ്‍വേ (8), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (9), ഡാരില്‍ മിച്ചെല്‍ (5), മാര്‍ക്ക് ചാപ്മാന്‍ (4), മൈക്കല്‍ ബ്രേസ്വെല്‍ (0), മിച്ചെല്‍ സാന്റ്‌നര്‍ (4), ലോക്കി ഫെര്‍ഗൂസന്‍ (4) എന്നിങ്ങനെയാണ് കിവി താരങ്ങളുടെ ബാറ്റിങ് പ്രകടനം.
നാലു വിക്കറ്റുകള്‍ വീതമെടുത്ത നായകനും സൂപ്പര്‍ സ്പിന്നറുമായ റാഷിദ് ഖാനും ഫസല്‍ഹഖ് ഫാറൂഖിയും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിന്റെ കഥ കഴിച്ചത്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് നാലു പേരെ പുറത്താക്കിയത്. ഫസല്‍ 3.2 ഓവറില്‍ 17 റണ്‍സിനും നാലു പേരെ പുറത്താക്കി. മുഹമ്മദ് നബി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. കിവി മുന്‍നിരയെ ഫസല്‍ തകര്‍ത്തപ്പോള്‍ മധ്യനിരയെ റാഷിദ്- നബി ജോടി തീര്‍ക്കുകായിരുന്നു.

അഞ്ചോവര്‍ ആവുമ്പോഴേക്കും മൂന്നിനു 28 റണ്‍സെന്ന നിലയില്‍ ന്യൂസിലാന്‍ഡ് ബാക്ക്ഫൂട്ടിലായിരുന്നു. വില്ല്യംസണ്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിനെ രക്ഷിക്കുമെന്നു കരുതിയെങ്കിലും റാഷിദിന്റെ ആദ്യ ബോളില്‍ അദ്ദേഹം വീണതോടെ കളി തീരുമാനമാവുകയും ചെയ്തു. 10 ഓവര്‍ ആവുമ്പോഴേക്കും ഏഴു വിക്കറ്റിനു 53 റണ്‍സിലേക്കു കിവികള്‍ കൂപ്പുകുത്തിയിരുന്നു. പിന്നീടൊരു തിരിച്ചുവരവ് അവര്‍ക്കു അസാധ്യവുമായിരുന്നു.
നേരത്തേ ആറു വിക്കറ്റിനാണ് അഫ്ഗാന്‍ 159 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു അവരെ സഹായിച്ചത് ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസാണ്. 56 ബോളില്‍ താരം 80 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
44 റണ്‍സെടുത്ത ഓപ്പണര്‍ ഇബ്രാഹിം സദ്രാനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. അസ്മത്തുള്ള 22 റണ്‍സുമെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഗുര്‍ബാസ്- സദ്രാന്‍ ജോടി 103 റണ്‍സ് നേടിയിരുന്നു. അവരുടെ ഇന്നിങ്‌സിനു അടിത്തറയിട്ടതും ഈ സഖ്യമാണ്. ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്‍ട്രിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
ലങ്ക പൊരുതി വീണു, ത്രില്ലറില്‍ ബംഗ്ലാദേശ്
ഡല്ലാസ്: ഗ്രൂപ്പ് ഡിയിലെ ത്രില്ലിങ് മാച്ചില്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്ക പൊരുതിവീണു. രണ്ടു വിക്കറ്റിന്റെ ജയമാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്. തുടരെ രണ്ടാം തോല്‍വിയോടെ ലങ്കയുടെ സൂപ്പര്‍ 8 സാധ്യതകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശാവട്ടെ ജയത്തോടെ തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്.
125 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിനു ലങ്ക നല്‍കിയത്. ഒരോവര്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവര്‍ വിജയത്തിലെത്തുകയും ചെയ്തു. തൗഹിദ് റിദോയ് (40), ലിറ്റണ്‍ ദാസ് (36) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. നുവാന്‍ തുഷാരയ്ക്കു നാലു വിക്കറ്റുകള്‍ ലഭിച്ചു.
നേരത്തേ ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ ലങ്കയ്ക്കായുള്ളൂ. ഓപ്പണര്‍ പതും നിസങ്കയെ (47) മാറ്റിനിര്‍ത്തിയാല്‍ ലങ്കന്‍ നിരയില്‍ മറ്റാരും കാര്യമായി തിളങ്ങിയില്ല. 28 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ധനഞ്ജയ ഡിസില്‍വ 21 റണ്‍സും നേടി. ബംഗ്ലാദേശിനായി റിഷാദ് ഹുസൈനും മുസ്തഫിസുര്‍ റഹ്മാനും മൂന്നു വിക്കറ്റുകള്‍ വീതം നേടി.