ഐസിസി ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കവെ ഇന്ത്യന്‍ ടീമിനെക്കുറിച്ചു നിര്‍ണായകമായ ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പര തൂത്തുവാരിയ ശേഷം ജിയോ സിനിമയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിനുള്ള അവസാനത്തെ തയ്യാറെടുപ്പ് കൂടിയായിരുന്നു ഇത്. കാരണം മറ്റു ടി20 പരമ്പരകളിലൊന്നും തന്നെ ഇനി ടൂര്‍ണമെന്റിനു മുമ്പ് ഇന്ത്യ കളിക്കില്ല.
ലോകകപ്പ് സ്‌ക്വാഡിന്റെ കാര്യത്തില്‍ ഒരു വ്യക്തത വരുത്താനാണ് താനും മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും ഇപ്പോള്‍ ശ്രമിക്കുന്നതെന്നു രോഹിത് വ്യക്തമാക്കി. 15 അംഗ സ്‌ക്വാഡിനെക്കുറിച്ചു ഞങ്ങള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. എങ്കിലും 8-10 കളിക്കാര്‍ ഇപ്പോള്‍ ഞങ്ങളുടെ മനസ്സിലുണ്ട്.

അതുകൊണ്ടു തന്നെ സാഹചര്യങ്ങള്‍ക്കു അനുസരിച്ച് ഞങ്ങള്‍ ടീം കോമ്പിനേഷന്‍ തയ്യാറാക്കുകയും ചെയ്യും. വെസ്റ്റ് ഇന്‍ഡീസില്‍ സാഹചര്യങ്ങള്‍ വളരെ സ്ലോയാണ്. അതുകൊണ്ടു തന്നെ അതിനു യോജിച്ച ടീമിനെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും രോഹിത് വ്യക്തമാക്കി.
ക്യാപ്റ്റനായിരിക്കെ താന്‍ പഠിച്ച പ്രധാനപ്പെട്ട കാര്യം എല്ലാവരെയും സന്തോഷിപ്പിക്കുകയെന്നതു സാധ്യമല്ലെന്നും ടീമിന്റെ ലക്ഷ്യം മനസ്സിലാക്കി ടീം സെലക്ഷനില്‍ തീരുമാനമെടുക്കണം എന്നതുമാണെന്നും രോഹിത് പറയുന്നു.
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനെക്കൂടാതെ ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റു എതിരാളികള്‍ അയര്‍ലാന്‍ഡ്, അമേരിക്ക, കാനഡ എന്നിവരാണ്. ഇന്ത്യയുടെ ഗ്രൂപ്പുഘട്ട മല്‍സരങ്ങളെല്ലാം അമേരിക്കയിലാണ്.
നിങ്ങള്‍ക്കു എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ല. ഇതാണ് ക്യാപ്റ്റനായപ്പോള്‍ ഞാന്‍ പഠിച്ചിട്ടുള്ള പാഠം. നിങ്ങള്‍ക്കു 15 കളിക്കാരെ ഹാപ്പിയാക്കാം. അതുകൂടാതെ വെറും 11 പേരെയും സന്തോഷിപ്പിക്കാം. എന്തുകൊണ്ടാണ് തങ്ങള്‍ക്കു അവസരം കിട്ടാത്തതെന്നു അവസരം ലഭിക്കാതെ പുറത്തിരിക്കുന്ന ആ നാലു താരങ്ങള്‍ ചോദിക്കുകയും ചെയ്യും. നിങ്ങള്‍ക്കു എല്ലാവരെയും സന്തോഷിപ്പിക്കാന്‍ സാധിക്കില്ലെന്നു ഞാന്‍ പഠിച്ചുകഴിഞ്ഞു. ടീമെന്ന നിലയിലുള്ള ലക്ഷ്യത്തിലായിരിക്കണം ശ്രദ്ധയെന്നും രോഹിത് വിശദമാക്കി.
ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ഇനി ഒരേയൊരു അന്താരാഷ്ട്ര പരമ്പര മാത്രമേയുള്ളു. അതാവട്ടെ റെഡ് ബോള്‍ പരമ്പരയുമാണ്. കരുത്തരായ ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ ഏറ്റുമുട്ടുക. ഈ മാസം 25 മുതല്‍ ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇത്തവണ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പര കൂടിയാണിത്.

മാര്‍ച്ച് വരെ നീളുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം. അതിനു ശേഷം മാര്‍ച്ച് അവസാന വാരം മുതല്‍ മേയ് അവസാനം വരെ ഐപിഎല്ലിന്റെ സമയമാണ്. അതിനു ശേഷമാണ് ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീം യാത്ര തിരിക്കുക. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല.
രോഹിത്തിനു കീഴില്‍ ഇറങ്ങിയ ഇന്ത്യക്കു സെമി ഫൈനലില്‍ അടിതെറ്റുകയായിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ നാണംകെട്ട പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്. ഈ തോല്‍വിക്കു പിന്നാലെ രോഹിത്തും വിരാട് കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കുകയായിരുന്നു.
ഇനിയൊരു തിരിച്ചവരവ് ഇരുവരും നടത്തില്ലെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ അഫ്ഗാനിസ്താനെതിരേ സമാപിച്ച പരമ്പരയിലൂടെ രോഹിത്തും കോലിയും മടങ്ങിവരികയായിന്നു. ടി20 ലോകകപ്പിലും ഇനി രോഹിത് തന്നെ ടീമിനെ നയിക്കുമെന്നും കോലിയും ടീമിന്റെ ഭാഗമാവുമെന്നും ഉറപ്പായിരിക്കുകയാണ്.