ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഹാട്രിക് ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയിരിക്കുകയാണ്. മൂന്നാം മത്സരത്തില്‍ അമേരിക്കയെ 7 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 8 വിക്കറ്റിന് 110 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 10 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. ഇന്ത്യയുടെ ബൗളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ബാറ്റിങ് നിര നന്നായി വിറച്ചുവെന്നതാണ് വസ്തുത.
മത്സരത്തില്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് അവസാന 5 ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 35 റണ്‍സായിരുന്നു. എന്നാല്‍ 16ാം ഓവറിന്റെ ആദ്യ പന്ത് എറിയാന്‍ ഒരു മിനുട്ടില്‍ കൂടുതല്‍ സമയമെടുത്തതോടെ അഞ്ച് റണ്‍സ് പെനല്‍റ്റി ഇന്ത്യക്കനുകൂലമായി വിധിക്കുകയായിരുന്നു. ഇതോടെ സമ്മര്‍ദ്ദം ഒഴിവായ ഇന്ത്യക്ക് 30 പന്തില്‍ 30 റണ്‍സായി വിജയലക്ഷ്യം മാറി. അഞ്ച് റണ്‍സ് പെനല്‍റ്റി വിധിച്ചത് മത്സരഫലത്തില്‍ നിര്‍ണ്ണായകമായി മാറിയെന്ന് നിസംശയം പറയാം.
അമേരിക്കയുടെ തോല്‍വിക്ക് പിന്നാലെ അഞ്ച് റണ്‍സ് പെനല്‍റ്റി വലിയ ചര്‍ച്ചാ വിഷയമായി. മൂന്ന് തവണ അമേരിക്കന്‍ ബൗളര്‍മാര്‍ ഓവര്‍ ആരംഭിക്കാന്‍ ഒരു മിനുട്ടില്‍ കൂടുതല്‍ സമയം എടുത്തതോടെയാണ് ഇത്തരമൊരു ശിക്ഷ അംപയര്‍മാര്‍ വിധിച്ചത്. ഇപ്പോഴിതാ ഇത്തരമൊരു നിയമത്തെക്കുറിച്ച് അമേരിക്കന്‍ ടീമിലെ താരങ്ങള്‍ക്ക് വലിയ അറിവില്ലെന്നും ഇത് മെച്ചപ്പെടുത്തേണ്ട കാര്യമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് അമേരിക്കന്‍ ടീം പരിശീലകനായ സ്റ്റുവര്‍ട്ട് ലോ.
'ഇതിന് മുമ്പുള്ള മത്സരത്തില്‍ ഇത്തരം സംഭവമുണ്ടായതിനെത്തുടര്‍ന്ന് ഞങ്ങള്‍ക്ക് താക്കീത് ലഭിച്ചിരുന്നു. ഓവറുകള്‍ വേഗത്തിലാക്കണമെന്ന് നേരത്തെ തന്നെ ഞങ്ങള്‍ സംസാരിച്ചിരുന്നതാണ്. ഇതാണ് ഞങ്ങള്‍ മെച്ചപ്പെടുത്തേണ്ട പ്രധാന കാര്യം. ഞങ്ങള്‍ തുടക്കക്കാരായതിനാല്‍ ഇനിയും ഏറെ പഠിക്കാനുണ്ട്. ഈ നിയമം വന്നിട്ട് അധികമായിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ പല താരങ്ങള്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. ബംഗ്ലാദേശിനെതിരേയും കാനഡക്കെതിരേയും പരമ്പര കളിച്ചിരുന്നു.

അപ്പോള്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടാവുകയും സംസാരിക്കുകയും ചെയ്തതാണ്. ഈ പ്രശ്‌നത്തെക്കുറിച്ച് ടീമില്‍ ഇരുന്ന് സംസാരിക്കേണ്ടതായുണ്ട്. ഞങ്ങള്‍ മെച്ചപ്പെടുത്തും' അമേരിക്കന്‍ പരിശീലകന്‍ പറഞ്ഞു. പെനല്‍റ്റി റണ്‍സ് ലഭിച്ചത് ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തരാക്കാന്‍ സഹായിച്ചു. ഇതിന് ശേഷമാണ് വലിയ ഷോട്ടുകള്‍ ഇന്ത്യ കളിച്ചത്. മത്സരത്തില്‍ വഴിത്തിരിവായി പെനല്‍റ്റി റണ്‍സ് മാറിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എന്നാല്‍ പെനല്‍റ്റി റണ്‍സ് മത്സരഫലത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടില്ലെന്നാണ് അമേരിക്കന്‍ ടീം പരിശീലകന്‍ പറയുന്നത്. 'മത്സര ഫലത്തെ പെനല്‍റ്റി റണ്‍സ് ബാധിച്ചുവെന്ന് കരുതുന്നില്ല. അഞ്ച് റണ്‍സ് വലിയ മാറ്റമുണ്ടാക്കിയിട്ടില്ല. മികച്ചൊരു ടീമിനെതിരേ മികച്ച പോരാട്ടം തന്നെ ഞങ്ങള്‍ കാഴ്ചവെച്ചു' സ്റ്റുവര്‍ട്ട് ലോ പറഞ്ഞു. വിരാട് കോലിയെ ഗോള്‍ഡന്‍ ഡക്കാക്കുകയും രോഹിത് ശര്‍മയെ 3 റണ്‍സിന് പുറത്താക്കുകയും ചെയ്യാന്‍ അമേരിക്കയ്ക്ക് സാധിച്ചു.
15 ഓവര്‍വരെ മത്സരത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ അമേരിക്കയ്ക്കായി. എന്നാല്‍ ഡെത്തോവറുകളില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ അമേരിക്കയ്ക്ക് സാധിച്ചില്ല. ഫീല്‍ഡിങ്ങില്‍ അമേരിക്ക ഭേദപ്പെട്ട് നിന്നെങ്കിലും നിര്‍ണ്ണായക സമയത്ത് സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചവസരം പാഴാക്കി. 22 റണ്‍സില്‍ നില്‍ക്കവെ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചവസരം ലഭിച്ചതാണ്. എന്നാല്‍ സൗരഭ് നേത്രാവല്‍ക്കറിന് ക്യാച്ചെടുക്കാന്‍ സാധിക്കാതെ പോയി.
ഇത് മത്സരത്തില്‍ തിരിച്ചടിയായി. പിടിച്ചുനിന്ന സൂര്യകുമാര്‍ 50 റണ്‍സോടെ ഇന്ത്യയുടെ മാച്ച് വിന്നറായി മാറി. സൂര്യകുമാറിന്റെ ക്യാച്ചവസരം അമേരിക്ക മുതലാക്കിയിരുന്നെങ്കില്‍ മത്സരഫലം മാറാന്‍ സാധ്യത കൂടുതലായിരുന്നു. പ്രതീക്ഷിച്ചതിലും 20 റണ്‍സ് കുറവാണ് അമേരിക്ക നേടിയത്. ആദ്യ ഓവറില്‍ത്തന്നെ അമേരിക്കയുടെ രണ്ട് വിക്കറ്റ് ഇന്ത്യ നേടിയത് നിര്‍ണ്ണായകമായി. എന്തായാലും ഇന്ത്യയെ വിറപ്പിച്ചാണ് അമേരിക്ക കീഴടങ്ങിയത്.