മുംബൈ: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. ആറ് മാസം കൂടിയാണ് ടി20 ലോകകപ്പിലേക്കുള്ളത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് അടുത്ത ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. ഇതിനായുള്ള പടയൊരുക്കത്തിലാണ് ടീമുകള്‍. ഇനിയുള്ള ഓരോ ടി20 പരമ്പരകളേയും വലിയ പ്രതീക്ഷയോടെയാണ് ടീമുകള്‍ കാണുന്നത്. 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും നേടാത്ത ഇന്ത്യക്ക് വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്.
ഇന്ത്യക്ക് മികച്ച ടീം കരുത്ത് അവകാശപ്പെടാനാവുമെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ടീമുകളെ വേട്ടയാടുകയാണ്. അതിലൊന്നാണ് ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമാണ്. അര്‍ഷ്ദീപ് സിങ്ങാണ് നിലവിലെ ഇന്ത്യയുടെ ടി20 ടീമിലെ ഏക ഇടം കൈയന്‍ സാന്നിധ്യം. എന്നാല്‍ വിശ്വസ്തനായ ബൗളറെന്ന് അര്‍ഷ്ദീപിനെ വിളിക്കാനാവില്ല. സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബൗളറെ കണ്ടെത്താനായിട്ടില്ലെന്നതാണ് വസ്തുത.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ ടി20യില്‍ പരീക്ഷിച്ച പ്രധാനപ്പെട്ട ഇടം കൈയന്‍ പേസര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഖലീല്‍ അഹമ്മദാണ്. രാജസ്ഥാന്‍ കാരനായ ഖലീല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെയാണ് ഖലീല്‍ അഹമ്മദ് വരവറിയിച്ചത്. ആ വര്‍ഷം ആറ് മത്സരം കളിച്ച ഖലീല്‍ ആറ് വിക്കറ്റാണ് വീഴ്ത്തിയത്. 2019ല്‍ 8 മത്സരം കളിച്ച താരം 7 വിക്കറ്റാണ് വീഴ്ത്തിയത്.
പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വന്നതോടെ ഖലീലിനെ ഇന്ത്യ തഴഞ്ഞു. ഐപിഎല്ലിലെ സ്ഥിര സാന്നിധ്യമാണെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ ഖലീലിന് സാധിക്കാതെ പോയി. ഇന്ത്യക്കായി 11 ഏകദിനത്തില്‍ നിന്ന് 15 വിക്കറ്റാണ് ഖലീല്‍ വീഴ്ത്തിയത്. 14 ടി20യില്‍ നിന്ന് 13 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. 43 ഐപിഎല്ലില്‍ നിന്നായി 57 വിക്കറ്റുകളാണ് ഖലീലിന്റെ പേരിലുള്ളത്. എന്നാല്‍ ടി20യിലെ താരത്തിന്റെ ഇക്കോണമി മോശമാണ്.

എട്ടിന് മുകളിലാണ് കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റിലെ ഖലീലിന്റെ ഇക്കോണമി. അതുകൊണ്ടുതന്നെ ഇനിയൊരു തിരിച്ചുവരവും പ്രയാസമാണ്. രണ്ടാമത്തെ താരം ടി നടരാജനാണ്. തമിഴ്‌നാട്ടുകാരനായ നടരാജന്‍ 2020ലെ ഐപിഎല്ലിലൂടെയാണ് ശ്രദ്ധ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം കസറിയ നടരാജന്‍ ഡെത്തോവറില്‍ ഗംഭീര റെക്കോഡുള്ള താരമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയ നടരാജനെ പരിക്ക് വേട്ടയാടി. 2021ല്‍ ഒരു മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്.
ഐപിഎല്ലിലേക്ക് തിരിച്ചുവരാന്‍ നടരാജന് സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളി ലഭിച്ചില്ല. ഇത്തവണത്തെ ഐപിഎല്ലിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടരാജനുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചാലും തിരിച്ചുവരവ് സാധ്യത വിരളമാണെന്ന് പറയാം. മൂന്നാമത്തെ താരം ചേതന്‍ സക്കറിയയാണ്. സൗരാഷ്ട്രക്കാരനായ ചേതന്‍ സക്കറിയ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറിയത്. രണ്ട് മത്സരങ്ങള്‍ കളിച്ച ചേതന്‍ 1 വിക്കറ്റാണ് വീഴ്ത്തിയത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ചേതന്‍ തിളങ്ങിയത്. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയപ്പോള്‍ അവസരം കുറഞ്ഞു. ഇന്ത്യ വേണ്ടത്ര പിന്തുണ നല്‍കിയിരുന്നെങ്കില്‍ വലിയ ഭാവിയുള്ള താരമാണ് ചേതനെന്ന് പറയാം. അര്‍ഷ്ദീപ് സിങ്ങാണ് മറ്റൊരാള്‍. ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമില്‍ അര്‍ഷ്ദീപിനാണ് സ്ഥാനം. എന്നാല്‍ സ്ഥിരം സ്ഥാനമുണ്ടെന്ന് പറയാനാവില്ല. അര്‍ഷ്ദീപ് മികച്ച യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുള്ള താരമാണ്.
എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പിശുക്കില്ല. അതുകൊണ്ടുതന്നെ അര്‍ഷ്ദീപിനെ വിശ്വസിക്കാനാവില്ല. ഇന്ത്യ മികച്ച ഇടം കൈയന്‍ പേസറെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇടം കൈയന്‍ പേസറില്ലാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുറപ്പ്.