ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഐപിഎല്ലിന്റെ ആവേശത്തിലേക്ക് കടക്കുകയാണ്. ഇതിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കെ എല്ലാ താരങ്ങളും ഐപിഎല്ലിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഐപിഎല്ലിലെ പ്രകടനം ടി20 ലോകകപ്പ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് വരുമ്പോള്‍ പല താരങ്ങളും ഇതിനോടകം സീറ്റുറപ്പിച്ച് കഴിഞ്ഞു.
എന്നാല്‍ ചില കാര്യങ്ങളില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്. അതിലൊന്നാണ് വിക്കറ്റ് കീപ്പറായി ആരെന്നത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ദ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഈ സ്ഥാനം മോഹിക്കുന്നവരാണ്. ഇതില്‍ ആരാധകര്‍ ഏറ്റവും പിന്തുണക്കുന്നത് സഞ്ജു സാംസണെയാണെന്ന് പറയാം. ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫി കളിക്കാത്തതിനാല്‍ ബിസിസി ഐ കരാറില്‍ നിന്ന് പുറത്താവാണ് സാധ്യത.
അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. എന്നാല്‍ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുകയെന്നത് പ്രയാസമാണെന്നതാണ് വസ്തുത. ചില കാര്യങ്ങള്‍ ശരിയാക്കാത്ത പക്ഷം സഞ്ജുവിന് ടി20 ലോകകപ്പിനുള്ള ടീമിലെത്താനാവില്ല. ഇത്തരത്തില്‍ ലോകകപ്പ് ടീമിലേക്കെത്താന്‍ സഞ്ജു ശരിയായി ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ബാറ്റിങ് പ്രകടനം മെച്ചപ്പെടുത്തുകയെന്നതാണ്. സഞ്ജുവിന് ടി20 ടീമില്‍ അവസരം നിഷേധിക്കപ്പെടാനുള്ള പ്രധാന കാര്യം മോശം ബാറ്റിങ്ങാണ്. ഐപിഎല്ലിലും സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. അന്താരാഷ്ട്ര ടി20യില്‍ 20ല്‍ താഴെയാണ് സഞ്ജുവിന്റെ ശരാശരി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുണ്ടെങ്കിലും സ്ഥിരതയില്ല. ഈ ചീത്തപ്പേര് മാറ്റുന്ന പ്രകടനം വരുന്ന ഐപിഎല്ലില്‍ സഞ്ജു നടത്തേണ്ടതായുണ്ട്.

600ലധികം റണ്‍സെങ്കിലും നേടി റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചിലെ ഒരാളായി മാറാന്‍ സഞ്ജു ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ബാറ്റിങ്ങില്‍ തിളങ്ങാനാവാത്ത പക്ഷം സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലെത്താനാവില്ലെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഏറ്റവും പ്രധാനപ്പെട്ടത് മികച്ച ബാറ്റിങ് പ്രകടനമാണ്. രണ്ടാമത്തെ കാര്യം രാജസ്ഥാനെ ഇത്തവണ സഞ്ജു കപ്പടിപ്പിക്കണമെന്നതാണ്. സഞ്ജു ബാറ്റിങ്ങില്‍ തിളങ്ങിയാലും മുഖ്യ പരിഗണന ഇഷാനും റിഷഭിനും ജിതേഷിനുമൊക്കെയാവും.
കാരണം അന്താരാഷ്ട്ര ടി20യില്‍ ലഭിച്ച അവസരങ്ങളൊന്നും സഞ്ജുവിന് മുതലാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവരുടേയും ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ചവെച്ചാലേ സഞ്ജുവിന് ടി20 ലോകകപ്പിലേക്കെത്താനാവൂ. അതിന് രാജസ്ഥാന്‍ റോയല്‍സിനെ കിരീടം ചൂടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സഞ്ജുവിനത് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന സീസണിലും രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ ആയിരുന്നില്ല.
അതുകൊണ്ടുതന്നെ സഞ്ജുവിന് ഇത്തവണ രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മൂന്നാമത്തെ കാര്യം ഭാഗ്യം തുണക്കുകയെന്നതാണ്. റിഷഭ് പന്തിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. റിഷഭ് വിക്കറ്റ് കീപ്പറാവില്ലെങ്കിലും ഇത്തവണ ഡല്‍ഹിയുടെ നായകനാവുമെന്ന് ഉറപ്പായിരിക്കുകയാണ്. നാല് മാസത്തോളം സമയം മുന്നില്‍ നില്‍ക്കവെ റിഷഭിന് ഇനിയും തിരിച്ചുവരാന്‍ അവസരമുണ്ട്.
ഐപിഎല്ലില്‍ റിഷഭ് മികവ് കാട്ടിയാല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് ലോകകപ്പ് കളിച്ചേക്കും. ഇഷാന്‍ കിഷന്റെ കരാര്‍ ബിസിസിഐ പുതുക്കി നല്‍കില്ലെന്നാണ് വിവരമെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരാനുണ്ട്. അതുകൊണ്ടുതന്നെ ഇഷാന്റെ കരാറും വളരെ നിര്‍ണ്ണായകമാണ്. റിഷഭിന്റെ അഭാവത്തില്‍ ഇന്ത്യ ഇഷാന് പരിഗണന നല്‍കാനാണ് സാധ്യത കൂടുതല്‍. ജിതേഷിന് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.
ഈ അവസരത്തില്‍ ഇഷാനും സാധ്യതകളുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ദ്രുവ് ജുറേല്‍ വരുന്ന ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പിലേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം വിലയിരുത്തുമ്പോള്‍ ഭാഗ്യം കൂടി സഞ്ജുവിനെ തുണക്കാതെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനാവില്ല.