Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഭുവിയെ ഇന്ത്യ എന്തിന് തഴയുന്നു? തിരിച്ചു വിളിക്കണം! കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലൂടെ കടന്നുപോവുകയാണ്. ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിരുന്ന പല താരങ്ങളും ഇതിനോടകം പടിയിറങ്ങിക്കഴിഞ്ഞു. പകരക്കാരായി യുവതാരങ്ങള്‍ വളര്‍ന്നുവരുന്ന സമയമാണിത്. ഇന്ത്യ ഇത്തരത്തില്‍ തഴഞ്ഞ സീനിയര്‍ താരങ്ങളിലൊരാള്‍ ഭുവനേശ്വര്‍ കുമാറാണ്. പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് തഴയപ്പെട്ട ശേഷം ഭുവിക്ക് വേണ്ടത്ര പരിഗണന സെലക്ടര്‍മാര്‍ നല്‍കുന്നില്ല. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടിയിരുന്ന താരമാണ് ഭുവനേശ്വര്‍ കുമാര്‍.

എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും ഭുവനേശ്വറിന് തിരിച്ചുവരവിനുള്ള അവസരം ലഭിച്ചിട്ടില്ല. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യക്ക് അനുഭവസമ്പന്നരായ താരങ്ങളെ ആവശ്യമാണ്. 2022 നവംബറില്‍ ഭുവി ഇന്ത്യക്കായി അവസാനമായി ടി20 ഫോര്‍മാറ്റില്‍ കളിക്കുന്നത്.

എന്നാല്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതാണ്. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. മാച്ച് വിന്നറായ താരമാണെന്നതാണ് എടുത്തു പറയേണ്ടത്. മികച്ച സ്വിങ് പേസറായി ഭുവി യോര്‍ക്കറുകള്‍ എറിയാനും മിടുക്കനാണ്. ജസ്പ്രീത് ബുംറക്കൊപ്പം ഭുവനേശ്വര്‍ കുമാറും കളിച്ചപ്പോഴെല്ലാം ഇന്ത്യയുടെ ബൗളിങ് നിര കസറിയിരുന്നു. ആദ്യ ഓവറുകളില്‍ത്തന്നെ വിക്കറ്റ് നേടാന്‍ ഭുവിക്ക് മിടുക്കുണ്ട്. പ്രത്യേകിച്ച് പേസിനെ തുണക്കുന്ന പിച്ചില്‍.

നിലവിലെ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച ഡെത്തോവര്‍ ബൗളര്‍മാരില്ല. ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം തല്ലുകൊള്ളികളാണ്. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ദീപക് ചഹാര്‍ എന്നിവരെല്ലാം അവസാന ഓവറുകളില്‍ തല്ലുവാങ്ങുന്നവരാണ്. ഡെത്തോവറിലെ അനുഭവസമ്പന്നനായ ബൗളറുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഭുവനേശ്വര്‍ കുമാറിനെപ്പോലൊരു താരത്തെ ഇന്ത്യക്ക് അത്യാവശ്യമാണ്.

bhuvneshwar kumar

രണ്ടാമത്തെ കാര്യം ടി20യിലെ ഭുവനേശ്വറിന്റെ മികച്ച കണക്കാണ്. 87 ടി20കളില്‍ നിന്നായി 90 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 6.96 എന്ന മികച്ച ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം. ടി20 കരിയര്‍ പരിശോധിക്കുമ്പോള്‍ 288 വിക്കറ്റാണ് ഭുവി ആകെ വീഴ്ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലേയും ഐപിഎല്ലിലേയും മികച്ച കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഭുവിക്ക് തിരിച്ചുവരവിന് അവസരം നല്‍കേണ്ടതാണ്. എന്നാല്‍ പേസര്‍ക്കെതിരേ സെലക്ടര്‍മാര്‍ കണ്ണുകളടച്ചിരിക്കുകയാണ്.

സമീപകാലത്തെ ഭുവനേശ്വര്‍ കുമാറിന്റെ ഫോമാണ് എടുത്തു പറയേണ്ടത്. വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയില്‍ മികച്ച പ്രകടനമാണ് ഭുവനേശ്വര്‍ നടത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരേ 16 റണ്‍സിന് 5 വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. രാജസ്ഥാനെതിരേ 20 റണ്‍സിന് 4 വിക്കറ്റുകളും വീഴ്ത്തി. ഇന്നത്തെ ഇന്ത്യയുടെ പല ബൗളര്‍മാരെക്കാളും മികച്ച ബൗളിങ് റെക്കോഡും ഫോമും ഭുവനേശ്വറിനുണ്ട്.

വരാനിരിക്കുന്ന ഐപിഎല്‍ ഭുവനേശ്വറിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് ഭുവിയുള്ളത്. ഇത്തവണ തിളങ്ങിയാല്‍ ഭുവിക്ക് തിരിച്ചുവരവിന് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവും. 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യ നേടിയിട്ടില്ല. തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടവും നഷ്ടപ്പെടുത്തി. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

കിരീട നേട്ടത്തിലേക്കെത്താന്‍ ഭുവിയെപ്പോലെ മികച്ചൊരു പേസറുടെ സേവനം ഇന്ത്യക്ക് അത്യാവശ്യമാണ്. എന്നാല്‍ അന്തിമ തീരുമാനം സെലക്ടര്‍മാരുടേതാണ്. നിലവില്‍ ഇന്ത്യ യുവതാരങ്ങള്‍ക്കാണ് ടി20യില്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഭുവിയെപ്പോലൊരു സീനിയര്‍ പേസറില്ലാതെ ഇന്ത്യക്ക് കപ്പിലേക്കെത്തുക പ്രയാസമായിരിക്കുമെന്നുറപ്പ്.

Story first published: Saturday, December 2, 2023, 20:52 [IST]
Other articles published on Dec 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+