പ്രൊവിഡന്‍സ്: ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ 68 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. മഴ ഇടക്കിടെ രസം കൊല്ലിയായെങ്കിലും ആവേശ ജയം സ്വന്തമാക്കാന്‍ ഇന്ത്യക്കായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്.
കന്നി ടി20 ലോകകപ്പ് ഫൈനലിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യക്ക് നിസാരക്കാരായി കാണാനാവില്ല. എല്ലാ കാലത്തും മികച്ച താരനിര ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. എന്നാല്‍ ഭാഗ്യം അവരെ പ്രധാന മത്സരങ്ങളിലെല്ലാം കൈവിട്ടിരുന്നു. പക്ഷെ ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഇന്ത്യ പ്രയാസപ്പെടും. ഇന്ത്യ വലിയ കിരീട പ്രതീക്ഷയില്‍ നില്‍ക്കവെ 2014ലെ ഫൈനല്‍ മറക്കരുതെന്നാണ് ആരാധകര്‍ക്ക് ഓര്‍മ്മപ്പെടുത്താനുള്ളത്.
വലിയ കിരീട പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയോടാണ് പരാജയപ്പെട്ടത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റിന് 130 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക അനായാസം വിജയലക്ഷ്യം കാണുകയായിരുന്നു. അന്ന് ഫൈനലില്‍ ഇന്ത്യക്ക് സംഭവിച്ച ചില പിഴവുകള്‍ ഇത്തവണ ആവര്‍ത്തിക്കാതെ നോക്കണം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ബാറ്റ്‌സ്മാന്‍മാരുടെ സമ്മര്‍ദ്ദമാണ്.
പ്രധാന മത്സരങ്ങളില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ശൈലി മാറ്റി കളിക്കാറുണ്ട്. 2014ലെ ടി20 ലോകകപ്പില്‍ ഫൈനല്‍ വരെ ആക്രമിച്ച് കളിച്ച ഇന്ത്യ ഫൈനലില്‍ നിലയുറപ്പിച്ച് റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. ഈ തന്ത്രം പാളിയപ്പോള്‍ കപ്പും നഷ്ടമായി. 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും സംഭവിച്ചത് ഇതേ പ്രശ്‌നമാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പെട്ടെന്ന് തന്ത്രം മാറ്റി പ്രതിരോധ ശൈലിയിലേക്ക് മാറുന്നത് ടീമിന് തിരിച്ചടിയായി മാറുന്നു.

ഈ പ്രശ്‌നം ഇത്തവണത്തെ ലോകകപ്പില്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കണം. ബാറ്റ്‌സ്മാന്‍മാര്‍ നിലവിലെ ശൈലിയില്‍ത്തന്നെ ഫൈനലും കളിക്കണം. വലിയ അഴിച്ചുപണിക്ക് ബാറ്റിങ് നിര മുതിര്‍ന്നാല്‍ കൂട്ടത്തകര്‍ച്ച നേരിട്ടേക്കും. അതുകൊണ്ടുതന്നെ നിലവിലെ ശൈലിയില്‍ ഇന്ത്യ മുന്നോട്ട് പോകേണ്ടതായുണ്ട്. രണ്ടാമത്തെ കാര്യം ഫേവറേറ്റുകളെന്ന തലക്കനമില്ലാതെ കളിക്കാനാകണം. മിക്ക ലോകകപ്പുകളിലും ഇന്ത്യയെ വേട്ടയാടിയത് ഇതേ പ്രശ്‌നമാണ്.
അവസാന ഏകദിന ലോകകപ്പിന് വേദിയായത് ഇന്ത്യയായിരുന്നു. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കായിരുന്നു എല്ലാവരും മുന്‍തൂക്കം നല്‍കിയിരുന്നത്. ഫൈനലില്‍ ഇന്ത്യ വലിയ കിരീട പ്രതീക്ഷയോടെ ഇറങ്ങുകയും ബാറ്റിങ് തകര്‍ച്ച നേരിട്ട് തോല്‍ക്കുകയും ചെയ്തു. ഇത്തവണയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കാണ് എല്ലാവരും മുന്‍തൂക്കം നല്‍കുന്നത്. തോല്‍വി അറിയാത്ത ഇന്ത്യ കപ്പുയര്‍ത്തുമെന്നാണ് കൂടുതലാളുകളും വിശ്വസിക്കുന്നത്.
ഈ അമിത ആത്മവിശ്വാസം ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. അതുകൊണ്ട് ഫേവറേറ്റുകളെന്ന സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഇന്ത്യക്ക് സാധിക്കണം. അല്ലാത്ത പക്ഷം ഇന്ത്യക്ക് പണികിട്ടാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ അമിത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ ഫൈനലില്‍ ഈ അമിത ആത്മവിശ്വാസം ഇന്ത്യക്ക് പണിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
മൂന്നാമത്തെ കാര്യം മാറ്റത്തിന് തയ്യാറാവണം. ഇതുവരെ തോല്‍ക്കാതെ കളിച്ചതിനാല്‍ പ്ലേയിങ് 11ല്‍ മാറ്റം വേണ്ടെന്ന പഴഞ്ചന്‍ തത്വം മാറ്റണം. ഭാഗ്യത്തില്‍ വിശ്വസിക്കാതെ ഫോം വിലയിരുത്തി ആവശ്യത്തിന് മാറ്റം വരുത്തണം. വിരാട് കോലിയെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്ന് യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്കെത്തിക്കണം. ദക്ഷിണാഫ്രിക്കന്‍ പേസ് നിര കരുത്തുറ്റതായതിനാല്‍ ഇടത് വലത് ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് അത്യാവശ്യമാണ്.
മോശം ഫോമില്‍ തുഴഞ്ഞ് കളിക്കുന്ന ശിവം ദുബെയെ ഇന്ത്യ ഇനിയും കളിപ്പിക്കരുത്. ടീമിന് യാതൊരു ഉപകാരവുമില്ലാത്ത ദുബെയെ ഒഴിവാക്കാനുള്ള ധൈര്യം ഇന്ത്യ കാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഫൈനലില്‍ തിരിച്ചടിക്ക് സാധ്യത കൂടുതലാണ്.