Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: അടിമുടി മാറ്റം, 2022ലെ എഡിഷന്‍ പോലെയല്ല ഇത്! വ്യത്യാസമറിയാം

ഒരു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുകളും മല്‍സരക്രമവുമെല്ലാം ഐസിസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു മാസം ദൈര്‍ഘ്യമുള്ള ടി20 ലോകകപ്പിനു വേദിയാവുക വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ്.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് ജൂണ്‍ 29നാണ്. ചരിത്രത്തിലാദ്യമായാണ് ഐസിസിയുടെ ഒരു ടൂര്‍ണമെന്റിനു അമേരിക്ക വേദിയാവുന്നത്. വിന്‍ഡീസാവട്ടെ ടി20 ലോകകപ്പിനു രണ്ടു തവണ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ രാജ്യമായും മാറിയിരിക്കുകയാണ്.

T20 WORLD CUP 2024

ഇത്തവണത്തെ ടി20 ലോകകപ്പിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ലോക ക്രിക്കറ്റിലെ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും വീണ്ടുമൊരിക്കല്‍ക്കൂടി ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നതാണ്. ജൂണ്‍ ഒമ്പതിനു അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ. ടൂര്‍ണമെന്റിനു വേണ്ടി പുതുതായി പണികഴിപ്പിച്ച സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാക് ത്രില്ലര്‍.

2022ല്‍ ഓസ്‌ട്രേലിയയിലായിരുന്നു അവസാനനത്തെ ടി20 ലോകകപ്പ്. അന്നത്തെ ടൂര്‍ണമെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ വരാനിരിക്കുന്ന എഡിഷന് വലിയൊരു വ്യത്യാസമുണ്ടെന്നു കാണാം. ഇത്തവണ ടീമുകളുടെ എണ്ണത്തില്‍ വരുതിയ മാറ്റമാണിത്.

16 ടീമുകളായിരുന്നു കഴിഞ്ഞ എഡിഷനില്‍ മാറ്റുരച്ചതെങ്കില്‍ ഇത്തവണ നാലെണ്ണം വര്‍ധിപ്പിച്ച് അതു 20ലെത്തിച്ചിരിക്കുകയാണ്. 2007ല്‍ ആരംഭിച്ച ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു എഡിഷനില്‍ ഇത്രയും ടീമുകള്‍ അണിനിരക്കുന്നത്.

ടീമുകള്‍ വര്‍ധിച്ചതിനാല്‍ തന്നെ ഇത്തവണത്തെ ടി20 ലോകകപ്പിന്റെ ഘടനയിലും വലിയ മാറ്റം വന്നിട്ടുണ്ട്. മുന്‍ എഡിഷനുകളിലേതു പോലെ വമ്പന്‍ ടീമുകള്‍ക്കു ഇത്തവണ നേരിട്ടു സൂപ്പര്‍ 12ലേക്കു യോഗ്യത ലഭിക്കില്ല. മുഴുവന്‍ ടീമുകള്‍ക്കും ഗ്രൂപ്പുഘട്ടം മുതല്‍ തന്നെ ഇത്തവണ പോരിനു ഇറങ്ങേണ്ടതുണ്ട്.

അഞ്ചു ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളിലായിട്ടാണ് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ടീമുകളെ വേര്‍തിരിച്ചിട്ടുള്ളത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍, അയര്‍ലാന്‍ഡ്, കാനഡ, സംയുക്ത ആതിഥേയരായ അമേരിക്ക എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടുള്ളത്. ഓസ്‌ട്രേലിയ, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍ എന്നിവരും ഇതേ ഗ്രൂപ്പില്‍ പോരിനു ഇറങ്ങും.

ഗ്രൂപ്പ് സിയില്‍ സംയുക്ത ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനോടൊപ്പം ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ഉഗാണ്ട, പപ്പുവ ന്യുഗ്വിനി എന്നിവര്‍ മാറ്റുരയ്ക്കും. അവസാന ഗ്രൂപ്പായ ഡിയാണ് ഏറ്റവും കടുപ്പമേറിയത്. സൗത്താഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്‌സ്, നേപ്പാള്‍ എന്നിവരാണ് ഗ്രൂപ്പ് ഡിയിലെ ടീമുകള്‍.

ഗ്രൂപ്പുഘട്ടത്തില്‍ ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടും. ജൂണ്‍ ഒന്നു മുതല്‍ 18 വരെയാണ് ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍. ഓരോ ഗ്രൂപ്പിലും ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടും. ജൂണ്‍ 19 മുതല്‍ 24 വരെയാണ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍.

സൂപ്പര്‍ എട്ടിലും നാലു വീതം ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായി വേര്‍തിരിക്കും. ഗ്രൂപ്പില്‍ ഓരോ തവണ വീതം ടീമുകള്‍ ഏറ്റുമുട്ടുകയും ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ സെമി ഫൈനിലേക്കു യോഗ്യത നേടുകയും ചെയ്യും. ജൂണ്‍ 26, 27 തിയ്യതികളിലാണ് സെമി ഫൈനല്‍. കലാശപ്പോരാട്ടം 29നു വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസിലാണ്. ആകെ 55 മല്‍സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്.

Story first published: Saturday, January 6, 2024, 12:55 [IST]
Other articles published on Jan 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+