
പെര്‍ത്ത്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ദക്ഷിണാഫ്രിക്ക. തുടര്‍ച്ചയായി രണ്ട് ജയം നേടിയെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് മില്ലറുടെയും (59*), എയ്ഡന്‍ മാര്‍ക്രമിന്റെയും (52) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ജയത്തോടെ 3 മത്സരത്തില്‍ നിന്ന് 5 പോയിന്റുമായി ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് 2ല്‍ തലപ്പത്തേക്കെത്തി. ഇതോടെ പാകിസ്താന്റെ സെമി സാധ്യത ഏറെക്കുറെ അവസാനിച്ചു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തി. വെയ്ന്‍ പാര്‍ണലെറിഞ്ഞ ആദ്യ ഓവര്‍ കെ എല്‍ രാഹുല്‍ മെയ്ഡനാക്കിയാണ് തുടങ്ങിയത്. ഈ സമ്മര്‍ദ്ദം മത്സരത്തിലുടെനീളം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കായി. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സുള്ളപ്പോള്‍ നായകന്‍ രോഹിത് ശര്‍മയെ (14 പന്തില്‍ 15) ലൂങ്കി എങ്കിഡി പുറത്താക്കി. ഇതേ ഓവറില്‍ കെ എല്‍ രാഹുലിനെയും (14 പന്തില്‍ 9) പുറത്താക്കി എങ്കിഡി ഇന്ത്യയെ ഞെട്ടിച്ചു. മോശം ഫോമിലുള്ള രാഹുലിന് ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അത്യാവശ്യമായിരുന്നെങ്കിലും നിരാശപ്പെടുത്തി.

തുടര്‍ച്ചയായി രണ്ട് ഫിഫ്റ്റി നേടിയെത്തിയ വിരാട് കോലിക്കും ഇത്തവണ പിഴച്ചു. 11 പന്തില്‍ 12 റണ്‍സെടുത്ത കോലിയെ ലൂങ്കി എങ്കിഡി തന്നെയാണ് മടക്കിയത്. അക്ഷര്‍ പട്ടേലിനെ പുറത്തിരുത്തി ദീപക് ഹൂഡയെ കളത്തിലിറക്കിയ ഇന്ത്യക്ക് പിഴച്ചു. മൂന്ന് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ ഹൂഡക്ക് വെയ്ന്‍ പാര്‍ണല്‍ മടക്ക ടിക്കറ്റ് നല്‍കി. മധ്യനിരയിലെ വിശ്വസ്തന്‍ ഹര്‍ദിക് പാണ്ഡ്യക്കും അവസരത്തിനൊത്ത് ഉയരാനായില്ല. 3 പന്തില്‍ 2 റണ്‍സെടുത്ത ഹര്‍ദിക്കിനെ എങ്കിഡിയാണ് പുറത്താക്കിയത്.
ദിനേഷ് കാര്‍ത്തികിനും സാഹചര്യത്തിനൊത്ത് ഉയരാനായില്ല. 15 പന്തുകള്‍ നേരിട്ട് 6 റണ്‍സെടുത്ത കാര്‍ത്തികിനെ പാര്‍ണല്‍ റൂസോയുടെ കൈകളിലെത്തിക്കുകയായിരുന്നു. ആര്‍ അശ്വിനും (11 പന്തില്‍ 7) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. ഒരുവശത്ത് തല്ലിത്തകര്‍ത്ത സൂര്യകുമാര്‍ യാദവിന്റെ (40 പന്തില്‍ 68) പ്രകടനമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 170 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം. പാര്‍ണലാണ് സൂര്യയുടെ ഇന്നിങ്‌സിന് വിരാമമിട്ടത്.

ഭുവനേശ്വര്‍ കുമാര്‍ (6 പന്തില്‍ 4) അര്‍ഷദീപ് സിങ് (1 പന്തില്‍ 2) പുറത്താവാതെ നിന്നു. മുഹമ്മദ് ഷമി (0) അവസാന ഓവറില്‍ റണ്ണൗട്ടായി. ദക്ഷിണാഫ്രിക്കയ്ക്കായി ലൂങ്കി എങ്കിഡി നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ വെയ്ന്‍ പാര്‍ണല്‍ മൂന്നും ആന്‍ റിച്ച് നോക്കിയേ ഒരു വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെയും തുടക്കം പിഴച്ചു. 3 പന്തില്‍ 1 റണ്‍സെടുത്ത ക്വിന്റന്‍ ഡീകോക്കിനെ അര്‍ഷദീപ് കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. അപകടകാരിയ റില്ലി റൂസോയെ (0) അക്കൗണ്ട് തുറക്കും മുമ്പെ അര്‍ഷദീപ് എല്‍ബിയില്‍ കുടുക്കി. ആദ്യ ഓവറില്‍ത്തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട പ്രഹരമാണ് അര്‍ഷദീപ് ഏല്‍പ്പിച്ചത്. ഒരുവശത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുഹമ്മദ് ഷമിക്ക് മുന്നില്‍ ടെംബ ബാവുമ കീഴടങ്ങി. 15 പന്തില്‍ 10 റണ്‍സെടുത്ത ബാവുമയെ ഷമി ദിനേഷ് കാര്‍ത്തികിന്റെ കൈയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ പിന്നീടങ്ങോട്ട് ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ ഇന്ത്യക്കായില്ല. വിരാട് കോലി എയ്ഡന്‍ മാര്‍ക്രത്തിന്റെ അനായാസ ക്യാച്ച് പാഴാക്കിയപ്പോള്‍ രോഹിത് ശര്‍മ റണ്ണൗട്ടവസരവും തുലച്ചു. 41 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സുമായാണ് മാര്‍ക്രം മടങ്ങിയത്. ഹര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. ദക്ഷിണാഫ്രിക്കയ്ക്ക് അടിത്തറ പാകിയാണ് മാര്‍ക്രത്തിന്റെ മടക്കം.
ട്രിസ്റ്റന്‍ സ്റ്റബ്‌സ് (6) മികവ് കാട്ടാതെ മടങ്ങിയെങ്കിലും ഒരുവശത്ത് ഗംഭീര പ്രകടനം കാഴ്ചവെച്ച ഡേവിഡ് മില്ലര്‍ (46 പന്തില്‍ 56*) ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. 3 ഫോറും സിക്‌സും ഉള്‍പ്പെടെയായിരുന്നു മില്ലറുടെ പ്രകടനം. ഇന്ത്യക്കായി അര്‍ഷദീപ് രണ്ടും മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി