T20 World Cup 2022: എന്തുകൊണ്ട് വിരാട് കോലി ചെയ്‌സിങില്‍ രാജാവാകുന്നു? കാരണം ഇതെന്ന് ഷോയ്ബ് മാലിക്ക്
ശൂന്യതയില്‍ നിന്നുമാണ് ഇന്ത്യ ഇന്നലെ പാക്കിസ്ഥാനെതിരെ വിജയം നേടിയത്. മുന്‍ നായകന്‍ വിരാട് കോലിയുടെ ഏറ്റവും മികച്ച ട്വന്റി-20 ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് അസാധ്യ വിജയമൊരുക്കിയത്. കളിയുടെ അവസാന പന്തിലാണ് ഇന്ത്യന്‍ വിജയം. പുറത്താകെ 83 റണ്‍സുമായി നിന്ന കോലിയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. കളിയില്‍ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു ഇന്ത്യ. എന്നാല്‍ പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോലി ഇന്ത്യയ്ക്ക് ഐതിഹാസിക വിജയമൊരുക്കുകയായിരുന്നു.
അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ വിജയം നേടിയതോടെ ട്വന്റി-20 ലോകകപ്പിന് സ്വപ്‌നതുല്യമായൊരു തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ലോകകപ്പില്‍ പാക്കിസ്ഥനോട് ഏറ്റുവാങ്ങിയ പരാജയത്തിന് പകരംവീട്ടുകയും ചെയ്തു രോഹിത്തും സംഘവും. ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പ്പിയായ വിരാട് കോലിയാണ് ഇന്നലെ മുതല്‍ കായികപ്രേമികളുടെയെല്ലാം ചര്‍ച്ചാ വിഷയം.

ഇപ്പോഴിതാ വിരാട് കോലിയെക്കുറിച്ച് പാക് ഇതിഹാസ താരം ഷോയ്ബ് മാലിക്കിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്. എതിരാളികളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിടാന്‍ സാധിക്കുന്നുവെന്നതാണ് കോലിയുടെ വിജയരഹസ്യമെന്നാണ് മാലിക്ക് പറയുന്നത്. 160 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയത്. 53 പന്തില്‍ 83 റണ്‍സാണ് കോലി നേടിയത്. പാക്കിസ്ഥാന്റെ പേരുകേട്ട ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കുകയായിരുന്നു ഇന്ത്യന്‍ ബാറ്റര്‍.
Also Read:T20 2022: ഒരോവറില്‍ 21 റണ്‍സ്! പിന്നെ അവനു രോഹിത് ബോള്‍ നല്‍കാത്തത് നന്നായി

''നേട്ടങ്ങള്‍ വരുന്നത് അനുഭവങ്ങളിലൂടെയാണ്. നമുക്ക് വേണ്ടത് ആത്മവിശ്വാസമാണ്. ചേസ് ചെയ്യുമ്പോള്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ നമ്മള്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍ എതിരാളികളും സമ്മര്‍ദ്ദിത്താലാണെന്ന് ഓര്‍ക്കണം. വിരാടിന്റെ വിജയം എന്താണെന്ന് വച്ചാല്‍, അദ്ദേഹം എതിര്‍ ടീമിന്റെ ആത്മവിശ്വാസം തകര്‍ക്കുന്നൊരു ഘട്ടത്തിലേക്ക് അവരെ കൊണ്ടു പോകുമെന്നതാണ്. പിന്നീടാണ് അദ്ദേഹം തന്റെ ഗെയിം നടപ്പിലാക്കുക. അതാണ് ഏറ്റവും മികച്ചത്'' എന്നായിരുന്നു ഷൊയ്ബ് മാലിക്ക് പറഞ്ഞത്.
പാക്കിസ്ഥാന്‍ വിജയം ഉറപ്പിച്ചിരുന്നു മത്സരത്തില്‍. അവസാന മൂന്ന് ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 48 റണ്‍സായിരുന്നു. ഷഹീന്‍ അഫ്രീദിയ്‌ക്കെതിരെ മൂന്ന് സിക്‌സും ഹാരിസ് റൗഫിനെതിരെ തുടരെ തുടരെ രണ്ട് സിക്‌സുകളും നേടിയാണ് കോലി കളിയില്‍ ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുക്കുന്നത്. അവസാന ഓവറില്‍ നവാസിനെതിരേയും കോലി സിക്‌സ് നേടി.

സമ്മര്‍ദ്ദത്തില്‍ തകരാതെ തന്റെ ഗെയിമില്‍ വിശ്വാസമര്‍പ്പിച്ചു കളിക്കുന്നുവെന്നതാണ് മാലിക്ക് കോലിയില്‍ കാണുന്ന മറ്റൊരു മേന്മ. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള മികവും, ഗ്യാപ്പുകളില്‍ കളിക്കാനുള്ള ബുദ്ധിയും ആവശ്യമുള്ളപ്പോള്‍ ബൗണ്ടറികള്‍ നേടാനുള്ള കഴിവുമാണ് ചേസ് ചെയ്യുമ്പോള്‍ കോലിയ്ക്ക് മേല്‍ക്കൈ നല്‍കുന്നതെന്നാണ് മാലിക്ക് പറയുന്നത്.
''സാഹചര്യം മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. അദ്ദേഹം ആദ്യം ബാറ്റ് ചെയ്താലും ആവറേജ് അത് തന്നെയായിരിക്കും. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടപ്പോള്‍ ചെയ്യും. വലിയ ഷോട്ടുകളും കൡക്കും. ഏറ്റവും മികച്ച കാര്യം എന്തെന്നാല്‍ അദ്ദേഹം ഗ്യാപ്പുകള്‍ നോക്കിയാണ് കളിക്കുന്നതെന്നാണ്. തന്റെ ഷോട്ടുകളെയാണ് വിശ്വസിക്കുന്നത്. പേടിക്ക് അടിമപ്പെടില്ല. തന്റെ ഷോട്ടുകളിലൂടെ തന്നെ കളിക്കും'' മാലിക്ക് പറയുന്നു.

ഇന്ത്യന്‍ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ മുന്‍ പാക് നായകന്‍ കോലിയെ പ്രശംസിച്ചിരുന്നു. ''എന്തൊരു ക്രിക്കറ്റ് മത്സരത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. ഈ വിരാട് കോലി ഒരു ബീസ്റ്റാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്ത് മറ്റൊരാളുമായി അയാളെ താരതമ്യം ചെയ്യാനാകില്ല. ആങ്കര്‍ ചെയ്യാനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സിക്‌സുകള്‍ അടിക്കാനും മത്സരം ഫിനിഷ് ചെയ്യാനും അയാള്‍ക്കറിയാം'' എന്നായിരുന്നു മാലിക്കിന്റെ ട്വീറ്റ്.
പാക്കിസ്ഥാനെതിരെ നാല് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. വ്യാഴാഴ്ച നെതര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പിന്നാലെ ദക്ഷിണാഫ്രിക്കയെയും നേരിടും ഇന്ത്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications