For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: റൂസോക്ക് സെഞ്ച്വറി, ബംഗ്ലാദേശിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം

സെഞ്ച്വറി നേടിയ റില്ലി റൂസോയുടെ (109) പ്രകടനവും നാല് വിക്കറ്റ് വീഴ്ത്തിയ ആന്‍ റിച്ച് നോക്കിയേയുടെ പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്

1

സിഡ്‌നി: ടി20 ലോകകപ്പിലെ ഗ്രൂപ്പ് 2ലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക. 104 റണ്‍സിന്റെ ജയമാണ് അവര്‍ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 16.3 ഓവറില്‍ 101 റണ്‍സില്‍ ഓള്‍ഔട്ടായി. സെഞ്ച്വറി നേടിയ റില്ലി റൂസോയുടെ (109) പ്രകടനവും നാല് വിക്കറ്റ് വീഴ്ത്തിയ ആന്‍ റിച്ച് നോക്കിയേയുടെ പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ ടീമിന്റെ തുടക്കം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സ് മാത്രമുള്ളപ്പോള്‍ ടെംബ ബാവുമയെ (2) ടസ്‌കിന്‍ അഹമ്മദ് പുറത്താക്കി. തുടക്കത്തിലേ വിക്കറ്റ് നേടിയത് ബംഗ്ലാദേശ് ആഘോഷിച്ചെങ്കിലും വൈകാതെ ഇത് കണ്ണുനീരായി മാറി. രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന ക്വിന്റന്‍ ഡീകോക്കും (63) റില്ലി റൂസോയും (109) ചേര്‍ന്ന് ബംഗ്ലാദേശ് ബൗളര്‍മാരെ തല്ലിപ്പറത്തി.

1

രണ്ടാമനായി ക്വിന്റന്‍ ഡീകോക്ക് പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡ് 170 എന്ന മികച്ച നിലയിലേക്കെത്തിയിരുന്നു. 38 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 165.78 സ്‌ട്രൈക്കറേറ്റിലായിരുന്നു ഡീകോക്കിന്റെ പ്രകടനം. ഒരുവശത്ത് റില്ലി റൂസോ തകര്‍പ്പന്‍ ബാറ്റിങ്ങുമായി മുന്നേറി. തല്ലിത്തകര്‍ക്കാന്‍ ഇറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്‌സിന് (7) കാര്യമായൊന്നും ചെയ്യാനായില്ല. ഇതിനിടെ റൂസോ സെഞ്ച്വറി പൂര്‍ത്തിയാക്കി. 56 പന്തില്‍ 7 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 109 റണ്‍സാണ് റൂസോ നേടിയത്. 194.64 എന്ന ഗംഭീര സ്‌ട്രൈക്കറേറ്റിലായിരുന്നു റൂസോയുടെ മിന്നല്‍ ബാറ്റിങ്.

ഒരുഘട്ടത്തില്‍ 230ന് മുകളില്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ പോകുമെന്ന് തോന്നിച്ചെങ്കിലും ഡെത്ത് ഓവറുകളിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ അഞ്ചിന് 205 എന്ന നിലയിലേക്കൊതുക്കി. എയ്ഡന്‍ മാര്‍ക്രം (11 പന്തില്‍ 10), ഡേവിഡ് മില്ലര്‍ (4 പന്തില്‍ 2*) വെയ്ല്‍ പാര്‍ണല്‍ (2 പന്തില്‍ 0*) എന്നിവര്‍ക്കൊന്നും അതിവേഗം റണ്‍സുയര്‍ത്താനായില്ല. ബംഗ്ലാദേശിനായി ഷക്കീബ് അല്‍ ഹസന്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹമ്മൂദ്, ആഫിഫ് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു.

1

മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഓവറില്‍ 17 റണ്‍സ് നേടി ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് തകര്‍ന്നടിഞ്ഞു. സൗമ്യ സര്‍ക്കാരിനെയും (6 പന്തില്‍ 15), നജ്മുല്‍ ഹൊസൈന്‍ ഷാന്റോയേയും (9 പന്തില്‍ 9) ഒരേ ഓവറില്‍ മടക്കി ആന്റിച്ച് നോക്കിയേ ബംഗ്ലാദേശിനെ ഞെട്ടിച്ചു. ഷക്കീബ് അല്‍ ഹസനെ (4 പന്തില്‍ 1) നോക്കിയേ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ആഫിഫ് ഹൊസൈനെ (5 പന്തില്‍ 1) കഗിസോ റബാഡയും പുറത്താക്കി. നിലയുറപ്പിച്ച് വരികയായിരുന്ന മെഹതി ഹസന്‍ മിറാസിനെ (13 പന്തില്‍ 11) തബ്രൈസ് ഷംസി മടക്ക ടിക്കറ്റ് നല്‍കിയപ്പോള്‍ മൊസാദക് ഹൊസൈന (3 പന്തില്‍ 0) കേശവ് മഹാരാജും വീഴ്ത്തി.

1

ഒരുവശത്ത് നിലയുറപ്പിച്ച് കളിച്ച ലിറ്റന്‍ ദാസിനെ (31 പന്തില്‍ 34) ഷംസി പുറത്താക്കി. ഓരോ ഫോറും ഓരോ സിക്‌സുമാണ് ലിറ്റന്‍ ദാസ് നേടിയത്. ഹസന്‍ മഹമ്മൂദ് (0) റണ്ണൗട്ടായും മടങ്ങി. ടസ്‌കിന്‍ അഹമ്മദിനെ (10) ക്ലീന്‍ബൗള്‍ഡാക്കി നോക്കിയേ ബംഗ്ലാദേശിന്റെ ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചു. 16.3 ഓവറില്‍ 101 റണ്‍സിലാണ് ബംഗ്ലാദേശ് ഒതുങ്ങിയത്. ആന്‍ റിച്ച് നോക്കിയേ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തബ്രൈസ് ഷംസി മൂന്നും കേശവ് മഹാരാജ്, കഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Story first published: Thursday, October 27, 2022, 12:24 [IST]
Other articles published on Oct 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+