
അഡ്‌ലെയ്ഡ്: സൂപ്പര്‍ 12ലെ സൂപ്പര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്താന്‍ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 127 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 18.1 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു. 11 പന്തുകള്‍ ബാക്കിനിര്‍ത്തി ജയിച്ച പാകിസ്താന്‍ സെമിയില്‍ പ്രവേശിച്ചു. ഷഹീന്‍ ഷാ അഫ്രീദിയുടെ നാല് വിക്കറ്റ് പ്രകടനവും മുഹമ്മദ് റിസ്വാന്‍ (32) മുഹമ്മദ് ഹാരിസ് (31) എന്നിവരുടെ പ്രകടനവുമാണ് പാകിസ്താന് ജയമൊരുക്കിയത്.
ഇന്ത്യക്കെതിരേ നേടിയപോലൊരു വെടിക്കെട്ട് തുടക്കമാണ് ബംഗ്ലാദേശ് പ്രതീക്ഷിച്ചതെങ്കിലും തുടക്കം ഗംഭീരമായില്ല. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ സൂപ്പര്‍ ഓപ്പണര്‍ ലിറ്റന്‍ ദാസിനെ (8 പന്തില്‍ 10) ഷഹിന്‍ ഷാ അഫ്രീഡി ഷാന്‍ മസൂദിന്റെ കൈയിലെത്തിച്ചു. നാലാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് വസീമിന്റെ ആദ്യ പന്തില്‍ ഷദാബ് ഖാന്‍ ഷാന്റോയുടെ ക്യാച്ച് പാഴാക്കി.

10 ഓവര്‍, ബംഗ്ലാദേശ് 1 വിക്കറ്റിന് 70 റണ്‍സ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (41), സൗമ്യ സര്‍ക്കാര്‍ (18) ക്രീസില്‍ .രണ്ടാം വിക്കറ്റില്‍ ഷാന്റോയും സൗമ്യയും ചേര്‍ന്ന് റണ്‍സുയര്‍ത്തി. വിക്കറ്റ് നഷ്ടപ്പെടുത്താതെ മോശം പന്തിനെ പ്രഹരിച്ച് കളിച്ചാണ് ഇരുവരും മുന്നോട്ട് പോയത്. എന്നാല്‍ സൗമ്യ സര്‍ക്കാരെ (20) പുറത്താക്കി ഷദാബ് ഖാന്‍ ബംഗ്ലാദേശിന് തിരിച്ചടി നല്‍കി. ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനെ (0) ഷദാബ് ഖാന്‍ ഗോള്‍ഡന്‍ ഡെക്കാക്കിയതോടെ ബംഗ്ലാദേശിന്റെ നില പരുങ്ങലിലായി. ഒരുവശത്ത് പിടിച്ചുനിന്ന ഓപ്പണര്‍ ഷാന്റോ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി.
എന്നാല്‍ 48 പന്തില്‍ 7 ബൗണ്ടറിയടക്കം 54 റണ്‍സ് നേടിയ ഷാന്റോയെ ഇഫ്തിഖര്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഷാന്റോ മടങ്ങുമ്പോള്‍ 13.2 ഓവറില്‍ 91 റണ്‍സിന് നാല് വിക്കറ്റെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മൊസാദക് ഹൊസൈനെ (11 പന്തില്‍ 5) ഷഹീന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ബംഗ്ലാദേശിന്റെ റണ്‍റേറ്റ് ഇഴഞ്ഞു. നൂറുല്‍ ഹസനെയും ടസ്‌കിന്‍ അഹമ്മദിനേയും ഷഹീന്‍ മടക്കി. നസും അഹമ്മദിനെ (7) ഹാരിസ് റഊഫും പുറത്താക്കി. 20 ഓവറില്‍ 8 വിക്കറ്റിന് 127 റണ്‍സാണ് ബംഗ്ലാദേശിന് നേടാനായത്. ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷദാബ് ഖാന്‍ രണ്ടും ഹാരിസ് റഊഫ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ പാകിസ്താനായി കരുതലോടെയാണ് ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ബാറ്റ് വീശിയത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യത്തെ അഞ്ചോവര്‍ ഇരുവരും പിന്നിട്ടു. വിജയലക്ഷ്യം ചെറുതായതിനാല്‍ വിക്കറ്റ് നഷ്ടമാവാതെ കളിക്കാനാണ് പാകിസ്താന്‍ ശ്രമിച്ചത്. ബാബര്‍ അസമും റിസ്വാനും മോശം പന്തുകളെ തിരഞ്ഞുപിടിച്ച് മാത്രം ആക്രമിച്ചു.
അധികം വൈകാതെ റിസ്വാനെ (32 പന്തില്‍ 32) ഇബാഡോട്ട് ഹൊസൈന്‍ പുറത്താക്കി. റിസ്വാന്‍ മടങ്ങുമ്പോള്‍ 11.2 ഓവറില്‍ പാകിസ്താന്‍ 2 വിക്കറ്റിന് 61 എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മുഹമ്മദ് ഹാരിസും മുഹമ്മദ് നവാസും ചേര്‍ന്ന് റണ്‍സുയര്‍ത്തി. എന്നാല്‍ നവാസിനെ (11 പന്തില്‍ 4) ലിറ്റന്‍ ദാസ് റണ്ണൗട്ടാക്കി. ഒരുവശത്ത് അതിവേഗം റണ്‍സുയര്‍ത്തിയ ഹാരിസും ഷാന്‍ മസൂദും പാകിസ്താനെ അതിവേഗം വിജയത്തോടടുപ്പിച്ചു. 18 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ഹാരിസിനെ ഷക്കീബ് പുറത്താക്കുമ്പോള്‍ പാകിസ്താന്‍ 121 റണ്‍സ് നേടിക്കഴിഞ്ഞിരുന്നു.

ജയിക്കാന്‍ 2 റണ്‍സ് മാത്രം വേണ്ടപ്പോള്‍ 3 പന്തില്‍ 1 റണ്‍സെടുത്ത ഇഫ്തിഖര്‍ അഹമ്മദിനെ മുസ്തഫിസുര്‍ റഹ്‌മാന്‍ പുറത്താക്കി. എന്നാല്‍ ഷാന്‍ മസൂദും (14 പന്തില്‍ 24*) ഷദാബ് ഖാനും (0*) പുറത്താവാതെ നിന്ന് 11 പന്ത് ബാക്കി നിര്‍ത്തി പാകിസ്താനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ബംഗ്ലാദേശിനായി നസും അഹമ്മദും ഷക്കീബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്‌മാനും ഇബഡോട്ട് ഹൊസൈനും ഓരോ വിക്കറ്റ് നേടി.