T20 World Cup 2022: വേദികള്‍ പ്രഖ്യാപിച്ചു,ഫൈനല്‍ മെല്‍ബണില്‍, ആവേശത്തോടെ ആരാധകര്‍
മെല്‍ബന്‍: 2022ലെ ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് നടക്കാന്‍ പോവുന്നത്. കോവിഡിന്റെ സാഹചര്യത്തെത്തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട ടൂര്‍ണമെന്റാണ് അടുത്ത വര്‍ഷം നടക്കുന്നത്. ഇന്ത്യ ആതിഥേയരായ ടി20 ലോകകപ്പ് യുഎഇയില്‍ അവസാനിച്ചതിന് പിന്നാലെ അടുത്ത ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ ടീമുകള്‍ ആരംഭിച്ചിരിക്കുകയാണ്. 11 മാസത്തോളം മാത്രമാണ് അടുത്ത ടി20 ലോകകപ്പിലേക്കുള്ള ദൂരം.
ഇപ്പോഴിതാ ഓസീസ് ടി20 ലോകകപ്പിന്റെ വേദികള്‍ പുറത്തുവിട്ടിരിക്കുകയാണ്. 45 മത്സരങ്ങള്‍ ഓസ്‌ട്രേലിയയിലെ ഏഴ് വേദികളിലായാവും നടക്കുക. അഡ്‌ലെയ്ഡ്, ഗാബ, ജീലോങ്, ഹോബര്‍ട്ട്, പെര്‍ത്ത്, മെല്‍ബണ്‍, സിഡ്‌നി എന്നിവടങ്ങിലാവും ടൂര്‍ണമെന്റ് നടക്കുക. മെല്‍ബണിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. നവംബര്‍ 13നാവും ഫൈനല്‍. സെമി ഫൈനല്‍ നവംബര്‍ 9,10 ദിവസങ്ങളിലാണ് നടക്കുന്നത്. 9ന് നടക്കുന്ന സെമിക്ക് സിഡ്‌നിയും 10ന് നടക്കുന്ന സെമിക്ക് ഓവലുമാണ് വേദിയാവുന്നത്.
Also Read : T20 World Cup: പാക് ആധിപത്യം, ഇന്ത്യക്കാരുടെ പൊടിപോലുമില്ല! നമീബിയന്‍ താരം പോലും ടീമില്‍

ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായിട്ടുള്ള ഓസ്‌ട്രേലിയ തട്ടകത്തില്‍ കിരീടം നിലനിര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ ഇന്ത്യയായിരുന്നു ആതിഥേയരെങ്കിലും കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് യുഎഇയിലാണ് ലോകകപ്പ് നടത്തിയത്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കന്നി ടി20 ലോകകപ്പ് അലമാരയിലെത്തിച്ചത്.
ഇത്തവണ പിച്ചിന്റെ പ്രശ്‌നം വളരെ ചര്‍ച്ചയായിരുന്നു. മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് രണ്ടാമത് പന്തെറിയുന്നവര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യുകയും ജയിക്കുകയും ചെയ്യുന്നതാണ് ഭൂരിപക്ഷം മത്സരത്തിലും കണ്ടത്. കൂടാതെ ബാറ്റിങ് വെടിക്കെട്ടും കുറവായിരുന്നുവെന്ന് വേണം പറയാന്‍. ഓസ്‌ട്രേലിയ കൂടുതല്‍ ബാറ്റിങ് സൗഹൃദ പിച്ച് തയ്യാറാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് ടീം നിറം മങ്ങിയത് ലോകകപ്പ് ആവേശത്തെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം. വമ്പനടിക്കാരായ വെസ്റ്റ് ഇന്‍ഡീസിന് പിച്ചിനോട് പൊരുത്തപ്പെടാനാവാതെ വന്നതോടെ കൂറ്റന്‍ സിക്‌സറുകളുടെ കുറവ് ടൂര്‍ണമെന്റിലുണ്ടായി. ഓസ്‌ട്രേലിയയില്‍ പിച്ചിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് കണ്ടുതന്നെ അറിയാം. പൊതുവേ ഓസീസിലെ പിച്ചുകള്‍ പേസ് ബൗളിങ്ങിന് അനുകൂലമാണ്. വേഗവും ബൗണ്‍സും നിറഞ്ഞ ഓസീസ് പിച്ച് ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്താന്‍ സാധ്യതകളേറെ.
ഇതിനോടകം എട്ട് ടീമുകള്‍ക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കാണ് നേരിട്ട് യോഗ്യത ലഭിച്ചത്. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെല്ലാം യോഗ്യതാ മത്സരം കളിച്ചിട്ടാവും ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് എത്തുക. ശ്രീലങ്ക 2014ലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാണ്. 2012, 2016 എന്നിങ്ങനെ രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്.

ഇതാദ്യമായാണ് ടി20 ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാവുന്നത്. ഇത് ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ടൂര്‍ണമെന്റ് സിഇഒ മൈക്കിലി ഇന്റൈറ്റ് പറഞ്ഞു. 'കഴിഞ്ഞ രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം വീണ്ടും ക്രിക്കറ്റ് സജീവമാവുകയാണ്. ആദ്യമായി ടി20 ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാവുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വലിയൊരു അവസരമായി ഇത് മാറുകയാണ്'- ഇന്റൈറ്റ് പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റിന് വലിയ ആരാധ പിന്തുണയുള്ളതിനാല്‍ ഏറ്റവും മികച്ച രീതിയില്‍ ടി20 ലോകകപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകരുള്ളത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷയോടെ ടൂര്‍ണമെന്റ് നടത്തേണ്ടിവരും. ബയോബബിള്‍ സുരക്ഷയില്‍ത്തന്നെയാവും ടൂര്‍ണമെന്റ് നടത്തുക. കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടാവും. യുഎഇയില്‍ നിലവാരത്തിനൊത്ത് ഉയരാതിരുന്ന പല ടീമുകള്‍ക്കും ശക്തമായ തിരിച്ചുവരവ് നടത്താനുള്ള സുവര്‍ണ്ണാവസരമാണ് ഓസ്‌ട്രേലിയയിലുള്ളത്. വാശിയേറിയ ലോകകപ്പ് പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications