
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ഗ്രൂപ്പ് 1ല്‍ നടന്ന നിര്‍ണ്ണായക പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ്. 35 റണ്‍സിനാണ് കിവീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിന് 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കെയ്ന്‍ വില്യംസണിന്റെ (61) ഫിഫ്റ്റിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസന്റെയും പ്രകടനമാണ് കിവീസിന് ജയം സമ്മാനിച്ചത്. അഞ്ച് മത്സരത്തില്‍ നിന്ന് 7 പോയിന്റുമായി കിവീസ് സെമിയുറപ്പിച്ചു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയക്കും അവസാന മത്സരങ്ങള്‍ ജയിച്ചാല്‍ 7 പോയിന്റ് ലഭിക്കുമെങ്കിലും ഉയര്‍ന്ന നെറ്റ് റണ്‍റേറ്റുള്ള കിവീസ് സെമിയില്‍ കടക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡിന്റെ തുടക്കം പതിയെയായിരുന്നു. ആദ്യ ഓവറില്‍ ജോഷ് ലിറ്റില്‍ നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ടാം ഓവര്‍ എറിയാനെത്തിയ മാര്‍ക്ക് എഡൈറും സമ്മര്‍ദ്ദം സൃഷ്ടിച്ച് പന്തെറിഞ്ഞു. ഓവറിലെ മൂന്നാം പന്തില്‍ ഡെവോന്‍ കോണ്‍വേയും ക്യാച്ച് ടെക്ടര്‍ പാഴാക്കി. മിഡ് ഓഫിലേക്കെത്തിയ പന്തിനെ ഒറ്റ കൈയിലൊതുക്കാന്‍ ശ്രമിച്ച ടെക്ടറിന് പിഴച്ചു. ഏഴ് റണ്‍സാണ് രണ്ടാം ഓവറില്‍ എഡൈര്‍ വഴങ്ങിയത്.

മൂന്നാം ഓവറില്‍ ബാരി മക്കാര്‍ത്തി അഞ്ച് റണ്‍സ് മാത്രം വഴങ്ങി കിവീസിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ നാലാം ഓവര്‍ എറിയാനെത്തിയ ഗാരത് ഡിലാനിയുടെ ഓവര്‍ കിവീസ് മുതലാക്കി. മൂന്ന് ബൗണ്ടറിയും ഒരു സിംഗിളുമടക്കം 13 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. എന്നാല്‍ അഞ്ചാം ഓവര്‍ എറിയാനെത്തിയ ലിറ്റില്‍ ഏഴ് റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റ് നേടാനായില്ല.
ആറാം ഓവര്‍ എറിയാനെത്തിയ എഡൈറിനെതിരേ രണ്ട് ഫോറും ഒരു സിക്‌സുമടക്കം പറത്തി കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ ഞെട്ടിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഫിന്‍ അലനെ (18 പന്തില്‍ 32) എഡൈര്‍ പുറത്താക്കി. 5 ഫോറും 1 സിക്‌സും നേടിയാണ് ഫിന്‍ അലന്‍ പുറത്തായത്. രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന കെയ്ന്‍ വില്യംസണും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് പതിയെ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ രണ്ട് പേര്‍ക്കും സാധിക്കുന്നില്ല.
റണ്‍സുയര്‍ത്താന്‍ ശ്രമിച്ച കോണ്‍വേക്ക് ഗാരത് ഡിലാനി മടക്ക ടിക്കറ്റ് നല്‍കി. 33 പന്തില്‍ 2 ഫോറടക്കം 33 റണ്‍സാണ് കോണ്‍വെ നേടിയത്. ഇംഗ്ലണ്ടിനെതിരേയും മെല്ലപ്പോക്ക് ബാറ്റിങ് നടത്തി വിമര്‍ശനം നേരിട്ട കെയ്ന്‍ വില്യംസണും മിന്നും ഫോമിലുള്ള ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫിലിപ്‌സിനെ (9 പന്തില്‍ 17) മടക്കി ഡിലാനി കിവീസിന് പ്രഹരം നല്‍കി. 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ ഫിലിപ്‌സ് നിലയുറപ്പിച്ച് വരികയായിരുന്നെങ്കിലും ഡിലാനി മടക്കി.

എന്നാല്‍ അവസരത്തിനൊത്ത് അവസാന ഓവറുകളില്‍ വില്യംസണും ഡാരില്‍ മിച്ചലും ഉയര്‍ന്നു. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തി. ബാരി മക്കാര്‍ത്തിയെറിഞ്ഞ 18ാം ഓവറില്‍ 21 റണ്‍സാണ് വില്യംസണും മിച്ചലും ചേര്‍ന്ന് നേടിയത്. എന്നാല്‍ 19ാം ഓവര്‍ എറിയാനെത്തിയ ലിറ്റില്‍ രണ്ടാം പന്തില്‍ വില്യംസണെ മടക്കി. 35 പന്കില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് വില്യംസണ്‍ നേടിയത്.
ജെയിംസ് നിഷാമിനെ (0) ആദ്യപന്തില്‍ത്തന്നെ മടക്കിയ ലിറ്റില്‍ നാലാം പന്തില്‍ മിച്ചല്‍ സാന്റ്‌നറെയും (0) ഗോള്‍ഡന്‍ ഡെക്കാക്കി ഹാട്രിക് വിക്കറ്റ് ലിറ്റില്‍ നേടി. നിഷാമിനെയും സാന്റ്‌നറേയും ലിറ്റില്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഡാരില്‍ മിച്ചല്‍ (21 പന്തില്‍ 31*) പുറത്താവാതെ നിന്നു. 20 ഓവറില്‍ 6 വിക്കറ്റിന് 185 എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനും കിവീസിനായി. അയര്‍ലന്‍ഡിനായി ജോഷ് ലിറ്റില്‍ 3 വിക്കറ്റും ഗാരത് ഡിലാനി രണ്ട് വിക്കറ്റും മാര്‍ക്ക് എഡൈര്‍ 1 വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡ് കരുതലോടെയാണ് കളിച്ചത്. ഓപ്പണര്‍മാരായ പോള്‍ സ്റ്റിര്‍ലിങ്ങും ആന്‍ഡി ബാല്‍ബിര്‍ണിയും ചേര്‍ന്ന് സാഹസ ഷോട്ടുകള്‍ക്കൊന്നും മുതിരാതെയാണ് സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോയത്. കൂട്ടുകെട്ട് 68ലേക്കെത്തവെ ഇടം കൈയന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ ബാല്‍ബിര്‍ണിയെ (30) പുറത്താക്കി. 25 പന്തില്‍ 3 സിക്‌സുകള്‍ ഉള്‍പ്പെടെ നേടിയ അയര്‍ലന്‍ഡ് നായകനെ സാന്റ്‌നര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. 10ാം ഓവര്‍ എറിയാനെത്തിയ ഇഷ് സോധി ആദ്യ പന്തില്‍ സ്റ്റിര്‍ലിങ്ങിന് മടക്ക ടിക്കറ്റ് നല്‍കി. 27 പന്തില്‍ 37 റണ്‍സെടുത്ത സ്റ്റിര്‍ലിങ്ങിനെ സോധി ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
പിന്നീടങ്ങോട്ട് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ കിവീസ് ബൗളര്‍മാര്‍ സമ്മതിച്ചില്ല. ഹാരി ടെക്ടറെ (7 പന്തില്‍ 2) സാന്റ്‌നര്‍ സൗത്തിയുടെ കൈയിലെത്തിച്ചപ്പോള്‍ ഗാരത് ഡിലാനിയെ (8 പന്തില്‍ 10) ലോക്കി ഫെര്‍ഗൂസന്‍ വിക്കറ്റ് കീപ്പര്‍ ഡെവോന്‍ കോണ്‍വേയുടെ കൈയിലുമെത്തിച്ചു. അപകടകാരിയായ ലോര്‍ക്കര്‍ ടുക്കറെ (14 പന്തില്‍ 13) ഇഷ് സോധിയും ഫിന്‍ അലന്റെ കൈയിലെത്തിച്ചതോടെ അയര്‍ലന്‍ഡ് വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു.

കുര്‍ട്ടിസ് കാംഫറിനെ (7) സൗത്തിയുടെ പന്തില്‍ അലന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഫിയോന്‍ ഹാന്‍ഡിനെ ഫെര്‍ഗൂസന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയും പുറത്താക്കി. ഒരുവശത്ത് പിടിച്ചുനിന്ന ജോര്‍ജ് ഡോക്ക് റെല്ലിനെ (15 പന്തില്‍ 23) ലോക്കി ഫെര്‍ഗൂസന്‍ വില്യംസിന്റെ കൈയിലുമെത്തിച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ മാര്‍ക്ക് എഡൈറിനെ (4) സൗത്തിയും മടക്കി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയിലായിരുന്നു അയര്‍ലന്‍ഡ്. 35 റണ്‍സ് ജയത്തോടെ ന്യൂസീലന്‍ഡ് സെമിയിലെത്തി. കിവീസിനായി ഫെര്‍ഗൂസന്‍ മൂന്നും സാന്റ്‌നര്‍, സോധി, സൗത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.