
മുംബൈ: ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ടീമുകളും. 2021ലെ ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇന്ത്യ 2022ല്‍ തിരിച്ചുവരവ് അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2021ലെ ടി20 ലോകകപ്പിന് ശേഷം വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ കരുക്കള്‍ നീക്കുന്നത്. സമീപകാലത്തായി തിളങ്ങിയ യുവതാരങ്ങളെയെല്ലാം ഇന്ത്യ ടീമിലേക്ക് പരിഗണിച്ച് മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കുമ്പോള്‍ ആരൊക്കെ ടീമില്‍ ഉള്‍പ്പെടുമെന്നത് കണ്ട് തന്നെ അറിയണം. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരൊഴികെ മറ്റാര്‍ക്കും സ്ഥാനം ഉറപ്പില്ലെന്ന് പറയാം. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനെ ഇന്ത്യ പരിഗണിക്കുമോയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുന്നുണ്ടെങ്കിലും ധവാന്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുമോ എന്നത് സംബന്ധിച്ച തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ശിഖര്‍ ധവാന്‍.

' ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഞാന്‍ നന്നായി കളിച്ചാല്‍ ടീമിലുണ്ടാവുമെന്ന് എനിക്കറിയാം. ഞാന്‍ എന്റേതായ രീതിക്ക് മുന്നോട്ട് പോകുന്ന ആളാണ്. ലക്ഷ്യങ്ങള്‍ വെക്കാറില്ല' -ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ധവാന്‍ പറഞ്ഞു. നേരത്തെ ശിഖര്‍ ധവാന്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്ന് സെലക്ടര്‍മാരും നായകന്‍ രോഹിത് ശര്‍മയും പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശിഖര്‍ ധവാനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്.

ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മക്ക് സ്ഥാനം ഉറപ്പാണ്. കെ എല്‍ രാഹുല്‍ രോഹിത്തിന്റെ പങ്കാളിയാവാനാണ് സാധ്യത. ഇഷാന്‍ കിഷനും ഓപ്പണറെന്ന നിലയില്‍ ടീമില്‍ ഇടം പിടിച്ചേക്കും. ഇതിനിടെ ധവാനെക്കൂടി ടീമിലേക്ക് പരിഗണിച്ചേക്കില്ല. ഓപ്പണിങ്ങില്‍ ധവാനെക്കാള്‍ മികവ് കാട്ടുന്ന നിരവധി യുവതാരങ്ങള്‍ ഉള്ളതിനാല്‍ ധവാന് ടീമില്‍ ഇടം നേടുക പ്രയാസമാണെന്നുറപ്പ്.

ടി20 യില്‍ വലിയ സ്‌ട്രൈക്കറേറ്റുള്ള താരമല്ല ധവാന്‍. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ പരിചയസമ്പന്നനാണെങ്കിലും പവര്‍പ്ലേയില്‍ ആഞ്ഞടിച്ച് കളിക്കാനുള്ള മികവ് കുറവാണ്. ഇതാണ് ധവാന്റെ സാധ്യതകള്‍ കുറക്കുന്നതും. ഇന്ത്യക്കായി 68 ടി20കളില്‍ നിന്ന് 27.92 ശരാശരിയില്‍ 1759 റണ്‍സാണ് ധവാന്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 126.36. ഐപിഎല്ലില്‍ 192 മത്സരത്തില്‍ നിന്ന് 5783 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റ് 126.33 ആണ്. ഓപ്പണറെന്ന നിലയില്‍ വമ്പനടികള്‍ ആവിശ്യപ്പെടുമ്പോള്‍ ധവാനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ വിരളമാണ്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നീ സീനിയര്‍ താരങ്ങളെയും ഇന്ത്യ പരിഗണിച്ചേക്കില്ലെന്നാണ് വിവരം.