കോലിയുടേയും രോഹിത്തിന്റേയും റെക്കോര്‍ഡുകള്‍ തകരും, പക്ഷെ ധോണിയെ തൊടാനാകില്ല! ഒടുവില്‍ ഗംഭീറും...
ട്വന്റി-20 ലോകകപ്പ് തിരിച്ചുപിടിക്കുക എന്ന മോഹവുമായി ഓസ്‌ട്രേലിയയിലെത്തിയ രോഹിത് ശര്‍മയ്ക്കും സംഘത്തിനും നിരാശയോടെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. സെമിയില്‍ ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങിയ ദയനീയ പരാജയത്തോടെയാണ് ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ അവസാനിക്കുന്നത്. പത്ത് വിക്കറ്റിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് സെമിയില്‍ തകര്‍ത്തത്. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ കളിയുടെ എല്ലാ ഘട്ടത്തിലും ഇംഗ്ലണ്ടിന് തന്നെയായിരുന്നു മേല്‍ക്കൈ. ഇന്ത്യയുയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം ഇംഗ്ലണ്ട് മറി കടക്കുകയായിരുന്നു.
ഓപ്പണര്‍മാരായ ജോസ് ബട്ട്‌ലറും അലക്‌സ് ഹെയ്ല്‍സും അര്‍ധ സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന് മേല്‍ മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നില്ല. നാല് ഓവറുകള്‍ ബാക്കി വച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ വിജയം നേടുന്നത്. ഇതോടെ ഇത്തവണ 1992 ലെ ഏകദിന ലോകകപ്പിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇംഗ്ലണ്ടും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടും.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ പരാജയപ്പെട്ടു പുറത്താകുന്നത്. 2013 ന് ശേഷം ഇന്നു വരെ ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റും ജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. പുറത്താകലിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. നോക്കൗട്ട് സ്‌റ്റേജില്‍ പുറത്താകുന്ന ശീലത്തിനെതിരെ മുന്‍താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും രോഹിത്തിനും സംഘത്തിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അതും എംഎസ് ധോണിയെ പുകഴ്ത്തുകയും ചെയ്തിരിക്കുകയാണ് ഗൗതം ഗംഭീര്‍. തരം കിട്ടുമ്പോഴൊക്കെ ധോണിയ്ക്ക് എതിരെ നേരിട്ടും അല്ലാതെയുമൊക്കെ അമ്പെയ്യുന്ന ആളാണ് ഗംഭീര്‍. എന്നാല്‍ ധോണിയിലെ ക്യാപ്റ്റനെ അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. 2007 ട്വന്റി-20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യ വിജയക്കുമ്പോള്‍ നിര്‍ണായക സാന്നിധ്യമായി ഗംഭീറും ടീമിലുണ്ടായിരുന്നു.

''ആരെങ്കിലും ഒരുനാള്‍ വരും, രോഹിത് ശര്‍മയേക്കാള്‍ കൂടുതല്‍ ഡബിള്‍ സെഞ്ചുറികള്‍ നേടും. വിരാട് കോലിയേക്കാള്‍ കൂടുതല്‍ സെഞ്ചുറികള്‍ നേടും. പക്ഷെ മൂന്ന് ഐസിസി ട്രോഫികളും നേടുന്നൊരു ക്യാപ്റ്റന്‍ ഇനിയുണ്ടാകുമെന്ന് തോന്നുന്നില്ല'' എന്നായിരുന്നു മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവരെ ഗംഭീര്‍ പറഞ്ഞത്. മൂന്ന് ഐസിസി ട്രോഫികളും നേടിയ ഏക ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. പിന്നീട് ക്യാപ്റ്റന്മാരായ വിരാട് കോലിയ്ക്കും രോഹിത് ശര്‍മയ്ക്കും കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. 2007 ല്‍ ട്വന്റ-20 ലോകകപ്പ്, 2011 ല്‍ ഏകദിന ലോകകപ്പ്, 2013 ല്‍ ഐസിസി ച്യാമ്പ്യന്‍സ് ട്രോഫി എന്നിവ ഇന്ത്യ നേടുമ്പോള്‍ ധോണിയായിരുന്നു നായകന്‍.

സെമിയിലെ പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ കാര്യമായ അഴിച്ചുപണി തന്നെ വേണമെന്നാണ് ആരാധകരില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നുമെല്ലാം ഉയരുന്ന ആവശ്യം. ഇന്ത്യന്‍ ടീമിലെ പല മുതിര്‍ന്ന താരങ്ങള്‍ക്കും ടീമിലെ ഇടം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കെഎല്‍ രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, തുടങ്ങിയവരുടെയെല്ലാം ടീമിലെ സ്ഥാനം പ്രതിസന്ധിയിലാണ്. രോഹിത്തിന്റെ നായകസ്ഥാനം അടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications