Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: തല്ലിത്തകര്‍ത്ത് ബട്‌ലറും ഹെയ്ല്‍സും, ഇന്ത്യയെ പറത്തി ഇംഗ്ലണ്ട് ഫൈനലില്‍

1

അഡ്‌ലെയ്ഡില്‍: ഫൈനല്‍ സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യക്ക് മറക്കാനാവാത്ത തോല്‍വിയോടെ മടക്കടിക്കറ്റ് നല്‍കി ഇംഗ്ലണ്ട്. സെമിയില്‍ 10 വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യയുടെ വിജയ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86*) ജോസ് ബട്‌ലര്‍ (80*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായില്ല. ആദ്യ പന്തില്‍ ബൗണ്ടറി നടത്തി പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം ഓവറില്‍ത്തന്നെ കെ എല്‍ രാഹുല്‍ (5) പുറത്തായി. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 46 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാല്‍ അതിവേഗം റണ്‍സുയര്‍ത്താനായില്ല. 28 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 27 റണ്‍സെടുത്ത രോഹിത്തിനെ ക്രിസ് ജോര്‍ദാന്‍ സാം കറാന്റെ കൈയിലെത്തിച്ചു.

1

ഇന്ത്യക്കായി മിന്നും ഫോമില്‍ കളിച്ച സൂര്യകുമാര്‍ യാദവിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 10 പന്തില്‍ 14 റണ്‍സെടുത്ത സൂര്യകുമാറിനെ ആദില്‍ റഷീദാണ് മടക്കിയത്. എന്നാല്‍ നാലാം വിക്കറ്റിലെ വിരാട് കോലി-ഹര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യക്ക് അടിത്തറ പാകി. പതിയെ തുടങ്ങിയ ഹര്‍ദിക് പിന്നീടങ്ങോട്ട് കത്തിക്കയറി. ഇതിനിടെ വിരാട് കോലി ഫിഫ്റ്റി പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ നാലാം ഫിഫ്റ്റിയാണിത്.

1

ഫിഫ്റ്റിക്ക് പിന്നാലെ കോലി പുറത്തായി. 40 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 50 റണ്‍സെടുത്ത കോലി ക്രിസ് ജോര്‍ദാന്റെ പന്തില്‍ ആദില്‍ റഷീദ് തകര്‍പ്പന്‍ ക്യാച്ചിലൂടെ കൈയിലൊതുക്കി. കോലി പുറത്താവുമ്പോള്‍ 18 ഓവറില്‍ 4 വിക്കറ്റിന് 136 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീടങ്ങോട്ട് വെടിക്കെട്ടാണ് ഹര്‍ദിക് കാഴ്ചവെച്ചത്. അവസാന ഓവറില്‍ റിഷഭ് പന്ത് റണ്ണൗട്ടായി (6). 33 പന്തില്‍ 4 ഫോറും 5 സിക്‌സുമടക്കം 63 റണ്‍സെടുത്ത ഹര്‍ദിക് അവസാന പന്തില്‍ ഹിറ്റ് വിക്കറ്റ് ആവുകയായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്നും ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം ഗംഭീരമായി. ആദ്യ ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ മൂന്ന് ബൗണ്ടറി പായിച്ച് ജോസ് ബട്‌ലര്‍ മുന്നറിയിപ്പ് നല്‍കി. 10ന് മുകളില്‍ റണ്‍റേറ്റില്‍ കുതിച്ച ഇംഗ്ലണ്ട് പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ വിക്കറ്റ് പോവാതെ 63 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. ഇതേ ആധിപത്യം മത്സരത്തിലുടെനീളം ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കാട്ടി. ഇന്ത്യയുടെ ബൗളര്‍മാരെ കാഴ്ചക്കാരാക്കിയാണ് ബട്‌ലറും ഹെയ്ല്‍സും റണ്ണടിച്ചത്.

1

ഹെയ്ല്‍സ് 47 പന്തില്‍ 4 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 182.97 സ്‌ട്രൈക്കറേറ്റില്‍ കളിച്ചപ്പോള്‍ 49 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 163.26 സ്‌ട്രൈക്കറേറ്റിലാണ് ഇംഗ്ലണ്ട് നായകന്‍ ബട്‌ലര്‍ കസറിയത്. ഗ്രൂപ്പ് 2ലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും നേടാനായില്ലെന്നതാണ് വലിയ നാണക്കേടായത്.

1

പ്ലേയിങ് 11 ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്

ഇംഗ്ലണ്ട് : ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രോക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്

Story first published: Thursday, November 10, 2022, 16:49 [IST]
Other articles published on Nov 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+