T20 World Cup 2021: പാകിസ്താനോടേറ്റ തോല്‍വി, ഇന്ത്യ മൂന്ന് പാഠം പഠിക്കണം, ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍
ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തിയ ഇന്ത്യയെ ആദ്യ മത്സരത്തിലൂടെത്തന്നെ പാകിസ്താന്‍ തളര്‍ത്തിക്കളഞ്ഞു. ചിരവൈരി പോരാട്ടത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത്. അതും 13 പന്തുകള്‍ ബാക്കിനിര്‍ത്തി. ആദ്യമായി ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചപ്പോള്‍ അത് ഇന്ത്യക്കും പാകിസ്താനും മറക്കാനാവാത്ത അനുഭവമായി മാറിയെന്ന് പറയാം.
പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിരയെ ചുരുട്ടിക്കൂട്ടിയ പാക് പേസര്‍മാര്‍ ബൗളര്‍മാരെയും നാണംകെടുത്തി. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ ലോകോത്തര ബൗളര്‍മാര്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യക്കായില്ല. പാകിസ്താനോടേറ്റ തോല്‍വി ഇന്ത്യയെ മാനസികമായി നന്നായി തളര്‍ത്തിയിട്ടുണ്ടെന്നുറപ്പ്. ശക്തമായി തിരിച്ചെത്താത്ത പക്ഷം സെമി പോലും കാണാതെ ഇന്ത്യക്ക് വണ്ടികയറേണ്ടി വരും.
Also Read : T20 World Cup: ഇന്ത്യയോട് ഇനിയും കളിച്ചാല്‍ പാകിസ്താന്‍ 'വിവരമറിയും'! തുരത്തുമെന്ന് ഭാജി

പാകിസ്താനോട് തോറ്റത് നാണക്കേടും വലിയ തിരിച്ചടിയുമാണെങ്കിലും ഒരു തരത്തില്‍ ഇന്ത്യക്ക് ഈ തോല്‍വി ഗുണം ചെയ്യുമെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഇന്ത്യ പാകിസ്താനോടേറ്റ തോല്‍വിയില്‍ നിന്ന് പഠിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിവിഎസ് ലക്ഷ്മണ്‍.
'മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ മത്സരത്തില്‍ നിന്ന് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ഒന്നാമതായി തുടക്കത്തിലേ വിക്കറ്റ് നേടാനായില്ലെന്നതാണ്. പ്രധാനമായും പവര്‍പ്ലേയില്‍. അതാണ് വളരെ നിര്‍ണ്ണായകമായത്. ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങുമ്പോള്‍ തുടക്കത്തിലേ വിക്കറ്റ് നേടണം. അത് നിര്‍ണ്ണായകമാണ്. രണ്ടാമതായി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ പവര്‍പ്ലേയെ ഇന്ത്യക്ക് മുതലാക്കാനാവണം. ഫീല്‍ഡിങ് നിയന്ത്രണമുള്ള സമയത്ത് പരമാവധി സ്‌കോര്‍ നേടാന്‍ സാധിക്കണം. പരമാവധി വിക്കറ്റ് നഷ്ടപ്പെടാതെ നോക്കണം. മൂന്നാമതായി ബൗളര്‍മാരുടെ ലെങ്താണ്. വിക്കറ്റുകള്‍ നേടണമെങ്കില്‍ ബൗളിങ്ങില്‍ വ്യത്യസ്തത കൊണ്ടുവരണം. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതല്‍ ഷോര്‍ട്ട് ബോളുകളാണ് എറിഞ്ഞത്. സാഹചര്യത്തിന് അനുകൂലമായി പന്തെറിയാനായില്ല'- വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു.

പാകിസ്താനെതിരേ പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ മൂന്ന് വിക്കറ്റാണ് വീണത്. നേരിട്ട ആദ്യ പന്തില്‍ രോഹിത് ശര്‍മ എല്‍ബിയില്‍ കുരുങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ മൂന്ന് റണ്‍സുമായി ക്ലീന്‍ ബൗള്‍ഡായി. രക്ഷകനാവുമെന്ന് തോന്നിച്ച സൂര്യകുമാര്‍ യാദവും പുറത്തായതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ നിന്ന് വിരാട് കോലിയുടേയും റിഷഭ് പന്തിന്റെയും പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.
അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്താന്‍ ഹര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജക്കും സാധിച്ചതുമില്ല. ഇതെല്ലാം ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടെങ്കിലും 151 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്കായി. വലിയ നാണക്കേടായത് പാകിസ്താന്റെ ഒരു വിക്കറ്റ് പോലും നേടാനായില്ലെന്നതാണ്. ഇന്ത്യയുടെ പേരുകേട്ട ബൗളര്‍മാര്‍ ഒരു തരത്തിലും പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല.

തോല്‍വി സ്വാഭാവികമാണെങ്കിലും 10 വിക്കറ്റിന് തോറ്റതാണ് ഇന്ത്യക്ക് ക്ഷീണമായത്. നെറ്റ് റണ്‍റേറ്റിനെയും ഇത് പ്രതികൂലമായി ബാധിച്ചു. സ്പിന്നര്‍മാര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. മൈതാനത്തെ മഞ്ഞുവീഴ്ച്ചയും തിരിച്ചടിയായെന്ന് പറയാം. പന്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയും തെന്നി മാറി ബാറ്റ്‌സ്മാനിലേക്കെത്തുന്ന അവസ്ഥയുമുണ്ടായിരുന്നു. അടുത്ത മത്സരത്തിലൂടെ എല്ലാ പിഴവുകളും തിരുത്താത്ത പക്ഷം വലിയ തിരിച്ചടിയോടെ ഇന്ത്യ സെമി കാണാതെ പുറത്തുപോകേണ്ടി വരും.
അമിത പ്രതീക്ഷകളുടെ ഭാരവുമായി ഇറങ്ങിയ ഇന്ത്യക്ക് പാകിസ്താനോട് തോറ്റത് ഒരു തരത്തില്‍ സമ്മര്‍ദ്ദം കുറക്കുന്നുണ്ടെന്ന് പറയാം. മിക്ക തവണയും മികച്ച തുടക്കത്തോടെ കുതിച്ച് സെമിയില്‍ വീഴുന്ന ഇന്ത്യക്ക് ഇത്തവണ തുടക്കത്തിലേ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് മുന്നോട്ടുള്ള കുതിപ്പിന് കരുത്ത് പകരുമെന്ന് തന്നെ പ്രത്യാശിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications