T20 World Cup 2021: ഐപിഎല്ലില്‍ വളരമോശം, ലോകകപ്പില്‍ സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തണം, അഞ്ച് താരങ്ങളിതാ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ യുഎഇയില്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശത്തിന് കൊടികയറുകയാണ്. ഇത്തവണ നൂട്രല്‍ വേദിയായതിനാല്‍ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവില്ല. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യ ഇത്തവണത്തെ ഫേവറേറ്റുകളാണ്. മികച്ച യുവതാരനിരയുള്ള ഇന്ത്യ യുഎഇയില്‍ കപ്പടിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഉപദേഷ്ടാവായി ധോണികൂടെ എത്തുമ്പോള്‍ ഇന്ത്യയുടെ കിരീട സാധ്യതകളേറെ.
യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുണ്ടെന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കുന്ന കാര്യമാണ്. ഐപിഎല്ലിലെ പല സൂപ്പര്‍ താരങ്ങളുടെയും പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. പലരുടെയും മെല്ലപ്പോക്ക് ബാറ്റിങ് ടീമുകള്‍ക്ക് വലിയ തലവേദനായിരിക്കുകയാണ്. ടി20 ലോകകപ്പ് വരാനിരിക്കെ സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തിക്കളിക്കേണ്ട അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)
ഓസ്‌ട്രേലിയയുടെ സീനിയര്‍ താരമാണ് സ്റ്റീവ് സ്മിത്ത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ സ്മിത്തിന് അധികം മത്സരങ്ങളില്‍ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിലെ ഓസീസ് നിരയില്‍ നിലയുറപ്പിച്ച് കളിക്കുകയെന്ന ഉത്തരവാദിത്തം സ്മിത്തിനായിരിക്കും ഉണ്ടാവുക. ഒരു വശത്ത് അടിച്ചുതകര്‍ത്തു കളിക്കുമ്പോള്‍ മറുവശത്ത് നിലയുറപ്പിച്ച് കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തേണ്ടതും ശ്രദ്ധിക്കേണ്ട കാര്യമാണ്. എട്ട് മത്സരം കളിച്ച സ്മിത്തിന്റെ ഡല്‍ഹിക്കൊപ്പമുള്ള സ്‌ട്രൈക്കറേറ്റ് 112.59 ആണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കാത്ത സ്മിത്ത് ലോകകപ്പില്‍ കൂടുതല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചില്ലെങ്കില്‍ ഓസീസിനത് തിരിച്ചടിയാവും.

രോഹിത് ശര്‍മ
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയില്‍ ടീമിന് വലിയ പ്രതീക്ഷയാണുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്തിയ രോഹിത് ശര്‍മ ഇത്തവണത്തെ ടി20 ലോകകപ്പിലും ഹീറോയാവുമോയെന്ന് കാത്തിരുന്ന് കാണാം. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു. 127.42 മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 14 മത്സരങ്ങളില്‍ നിന്ന് നേടിയത് 354 റണ്‍സ് മാത്രം. രോഹിത് സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തേണ്ടത് ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാവും.

ഓയിന്‍ മോര്‍ഗന്‍
കെകെആര്‍ നായകനായ ഓയിന്‍ മോര്‍ഗന് ടീമിലെ രണ്ടാം ക്വാളിഫയറിലേക്ക് എത്തിക്കാനായെങ്കിലും ബാറ്റിങ് പ്രകടനം വളരെ മോശമാണ്.14 മത്സരത്തില്‍ നിന്ന് 124 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ട് നായകന്‍ ഇത്തവണ ഐപിഎല്ലില്‍ നേടിയത്. 12.40 മാത്രമാണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 102.47ഉും. ഇംഗ്ലണ്ടിന്റെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മോര്‍ഗന്‍ ടി20 ലോകകപ്പിന് മുമ്പ് ഫോം മെച്ചപ്പെടുത്തേണ്ടതും സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തേണ്ടതുമാണ്.

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ 42ാം വയസിലും വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് താരമായിരുന്ന ഗെയ്‌ലിന് ഇത്തവണ തിളങ്ങാനായില്ല. രണ്ടാം പാദത്തിന്റെ പാതിവഴിയില്‍ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. 10 മത്സരത്തില്‍ നിന്ന് 193 റണ്‍സ് മാത്രമാണ് ഈ സീസണില്‍ ഗെയ്ല്‍ നേടിയത്. 125.32 മാത്രമാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഗെയ്‌ലില്‍ നിന്ന് കൂടുതല്‍ മികച്ച സ്‌ട്രൈക്കറേറ്റിലുള്ള പ്രകടനം വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷിക്കുന്നു.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനവും മോശമായിരുന്നു. 32കാരനായ താരം 14 മത്സരത്തില്‍ നിന്ന് 306 റണ്‍സാണ് നേടിയിട്ടുള്ളത്. ഓപ്പണിങ് ഇറങ്ങിയിട്ടും മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ അദ്ദേഹത്തിനായില്ല. 119.60 മാത്രമായിരുന്നു കോലിയുടെ സ്‌ട്രൈക്കറേറ്റ്. ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കോലി ബാറ്റിങ്ങിനിറങ്ങാനാണ് സാധ്യത. അതിനാല്‍ സ്‌ട്രൈക്കറേറ്റ് ഉയര്‍ത്താത്ത പക്ഷം ടീമിന്റെ കിരീട പ്രതീക്ഷക്കത് കടുത്ത തിരിച്ചടിയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications